Flash News

6/recent/ticker-posts

കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയും; കെ.സുധാകരൻ

Views തിരുവനന്തപുരം: കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി. അക്രമ രാഷ്ട്രീയത്തിന്റെ ഉപാസകരാണ് ഇരുവരും. കൊലപാതകവും അക്രമവും സിപിഎം ശൈലിയും പാരമ്പര്യവുമാണ്. കൊന്നും കൊല്ലിച്ചും കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ പല സിപിഎം നേതാക്കളുമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ ആരോപിച്ചു.

'എകെജി സെന്ററിലെ പടക്കമേറ് ഉൾപ്പെടെയുള്ള കേസുകളിലെ ആസൂത്രകനാണ് ജയരാജൻ. പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് തന്നെ നാണക്കേടാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിച്ച ഇപി ജയരാജന് പോലീസ് സംരക്ഷണവും സുരക്ഷയും. അതേസമയം കൊടിയ മർദ്ദനം ഏൽക്കേണ്ടി വന്ന യൂത്ത് കോൺഗ്രസുകാരെ പ്രതിയാക്കുകയാണ് മുഖ്യമന്ത്രിയുടെ പോലീസ്. കോടതി ഉത്തരവിട്ടിട്ടും എൽഡിഎഫ് കൺവീനറെ ഒന്നും ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറാകുന്നില്ല.സിപിഎം കേന്ദ്രങ്ങളുടെ ഉത്തരവുകൾ മാത്രം നടപ്പാക്കുന്ന മാനവും നാണവുമില്ലാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥർ പോലീസ് സേനയെ സിപിഎമ്മിന്റെ പോഷക സംഘടനായാക്കി മാറ്റി. സ്വന്തം അണികളെ പോലും നിഷ്ഠൂരമായി വെട്ടിക്കൊല്ലുന്ന പ്രസ്ഥാനമായി സിപിഎം അധഃപതിച്ചു. പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ അതിന് തെളിവെന്നും രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാർട്ടിയാണ് സിപിഎം' അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് തല്ലിത്തകർത്ത കേസിൽ എംപി ഓഫീസിലെ സ്റ്റാഫ് ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത പോലീസ് നടപടി. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് കേരള സർക്കാരും പോലീസും സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റ്.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളായ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പോലീസ് അന്വേഷണം ആരംഭിക്കുന്നത് മുൻപ് തന്നെ പ്രതികൾ കോൺഗ്രസ് കാരാണെന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. ഈ കേസിൽ കോൺഗ്രസുകാരെ പ്രതികളാക്കാനുള്ള ഗൂഢാലോചന അവിടെ നിന്നാണ് തുടങ്ങിയതെന്നും കടുത്ത നീതിനിഷേധ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനമെങ്കിൽ അതിനെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസും നിർബന്ധിതമാകും. ഓഫീസ് തല്ലിത്തകർത്ത എസ്എഫ് ഐക്കാരെയും അതിന് എല്ലാ ഒത്താശയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കുകയാണ് സർക്കാർ. ഡിവൈഎസ് പിയെ സസ്പെൻഡ് ചെയ്തത് ഒഴിച്ചാൽ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ മറ്റുള്ള ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തരവകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല.

സംഭവുമായി ബന്ധപ്പെട്ട് എംപി ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം മുഖവിലയ്ക്കെടുക്കാതെയാണ് കോൺഗ്രസുകാരെ പ്രതികളാക്കി അറസ്റ്റ് ചെയ്തത്. സർക്കാരിന്റെയും സിപിഎമ്മിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയുടെ ഭാഗമാണ് പോലീസ് നടപടി. കേസന്വേഷണത്തിന്റെ തുടക്കം മുതൽ എങ്ങനെയും കോൺഗ്രസ് പ്രവർത്തകരെ പ്രതികളാക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. അതിനാലാണ് സംഭവ സ്ഥലത്ത് പോലുമില്ലാത്ത കോൺഗ്രസ് പ്രവർത്തകരെ വരെ പ്രതികളാക്കാനാണ് പോലീസ് ശ്രമിച്ചത്. കേസ് വഴിതിരിച്ചുവിട്ട് രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് പോലീസ് പ്രകടിപ്പിച്ചത്. കോൺഗ്രസുകാരെ കള്ളക്കേസിൽ കുടുക്കി എസ്എഫ് ഐ പ്രവർത്തകരെ രക്ഷിക്കാമെന്നത് മൗഢ്യമാണ്. പോലീസിന്റെ പക്ഷപാതപരമായ നടപിക്കെതിരെ കോൺഗ്രസ് ശക്തമായ നിയമപോരാട്ടം നടത്തുമെന്നും സുധാകരൻ പറഞ്ഞു.Post a Comment

0 Comments