Flash News

6/recent/ticker-posts

ജാമ്യത്തിനായി സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയില്‍; വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്

Views ന്യൂഡൽഹി: ഹാഥ്റസ് സന്ദർശിക്കാൻ പോകുന്നതിനിടെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചു. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് കാപ്പന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് ഹർജി വെള്ളിയാഴ്ച്ച പരിഗണിക്കാമെന്ന് അറിയിച്ചു.

എന്ത് കൊണ്ടാണ് ജാമ്യാപേക്ഷ നൽകാൻ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഹൈക്കോടതി ഉത്തരവ് ലഭിക്കാൻ വൈകിയത് കാരണമാണ് വൈകിയതെന്ന് അഭിഭാഷകൻ ഹാരിസ് ബീരാൻ അറിയിച്ചു. തുടർന്നാണ് വെള്ളിയാഴ്ച്ച ഹർജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അവസാന പ്രവൃത്തിദിനമാണ് വെള്ളിയാഴ്ച്ച. ഹർജി ഏത് ബെഞ്ചാണ് പരിഗണിക്കുന്നതെന്ന് നാളെ വൈകിട്ടോടെ മാത്രമേ അറിയാൻ കഴിയുകയുള്ളു.

യുഎപിഎ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുകയാണ്. നേരത്തെ കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലെ ജസ്റ്റിസ് കൃഷ്ണ പഹാൽ തള്ളിയിരുന്നു. സിദ്ദിഖ് കാപ്പനും കൂട്ടാളികളും കളങ്കിത പണം ഉപയോഗിച്ചുവെന്ന വാദം തള്ളിക്കളയാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി ജാമ്യം തള്ളികൊണ്ടുള്ള ഉത്തരവിൽ പരാമർശിച്ചിരുന്നു. ഹാത്രസിൽ കാപ്പന് ഒരു ജോലിയും ഇല്ലായിരുന്നുവെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, കാപ്പന്റെ കൂട്ട് പ്രതി മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. മുഹമ്മദ് ആലം തീവ്രവാദ പ്രവർത്തനത്തിൽ ഏർപെട്ടതിനോ, രാജ്യത്തിനെതിരെ പ്രവർത്തിച്ചതായോ പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ കൂട്ടുപ്രതി സിദ്ദിഖ് കാപ്പനിൽ നിന്ന് വ്യത്യസ്തമാണ് മുഹമ്മദ് ആലമിന്റെ സ്ഥിതിയെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.

നേരത്തെ, ഉത്തർപ്രദേശിലെ മഥുര കോടതിയും കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണസംഘം കണ്ടെത്തിയ വസ്തുതകൾ കണക്കിലെടുത്താണ് മഥുര കോടതി ജാമ്യാപേക്ഷ തള്ളിയത്. ഹാഥ്രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് കാപ്പൻ അറസ്റ്റിലാകുന്നത്. യുഎപിഎ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.



Post a Comment

0 Comments