Flash News

6/recent/ticker-posts

ലോകത്തൊരു കള്ളനും ഈ ​ഗതി വരരുത്, ഭൂലോകപരാജയമായിപ്പോയ അഞ്ച് മോഷണശ്രമങ്ങൾ

Views


മോഷണം അത്ര തമാശയായി കാണേണ്ട കാര്യമല്ലെങ്കിലും, ഈ മോഷണ ശ്രമങ്ങളെ കുറിച്ച് കേട്ടാൽ ചിരി വരിക തന്നെ ചെയ്യും. കാരണം മോഷ്ടിക്കുന്നതിനിടയിൽ വിശന്നപ്പോൾ മോഷണം നിർത്തി അടുക്കളയിൽ കയറി കിച്ചടി ഉണ്ടാക്കാൻ പോയി പൊലീസ് പിടിയിലായ കള്ളന്മാരെ പോലെയുള്ള ചില തമാശക്കാരാണ് ഈ സംഭവങ്ങളിലെ ഒക്കെയും തസ്കരവീരന്മാർ

ആദ്യത്തെ സംഭവം നടക്കുന്നത് ആന്ധ്രാപ്രദേശിലെ ശ്രീ കാക്കുളം കാഞ്ചിലി മണ്ഡലത്തിലെ ജദുപുഡി ഗ്രാമത്തിലാണ്.  അവിടുത്തെ ജാമി യേലമ്മ ക്ഷേത്രത്തിലാണ് മോഷണശ്രമം നടന്നത്. മദ്യപിക്കാൻ ആവശ്യമുള്ള പണം മാത്രം മോഷ്ടിക്കുന്ന ഒരു പാവം കള്ളനായിരുന്നു കക്ഷി. ക്ഷേത്ര ഭണ്ഡാരത്തിൽ നിന്നും അല്പം മോഷ്ടിക്കാൻ ആയിരുന്നു പുള്ളിയുടെ തീരുമാനം. അങ്ങനെ വലിയ പദ്ധതികൾ തയ്യാറാക്കി മോക്ഷണത്തിനായി രാത്രി ക്ഷേത്ര പരിസരത്തെത്തി. ക്ഷേത്രത്തിന്റെ മതിലിൽ ഒരു ചെറിയ ദ്വാരം അയാൾ നേരത്തെ തന്നെ കണ്ടുവെച്ചിരുന്നു. ആ ദ്വാരത്തിലൂടെ അകത്ത് പ്രവേശിക്കാൻ ആയിരുന്നു കള്ളന്റെ പദ്ധതി. അങ്ങനെ അയാൾ അധിവിദഗ്ധമായി ആ ദ്വാരത്തിലൂടെ ക്ഷേത്രത്തിനുള്ളിൽ കടന്നു. പിന്നെ സമയം കളഞ്ഞില്ല, ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന്  20 ഗ്രാമോളം വെള്ളി ആഭരണങ്ങൾ എടുത്തു.

അകത്തേക്ക് കയറിയ അതേ ദ്വാരത്തിലൂടെ തന്നെ പുറത്തേക്ക് ഇറങ്ങാനായിരുന്നു അയാൾ തീരുമാനിച്ചിരുന്നത്. അങ്ങനെ ആഭരണങ്ങളുമായി അയാൾ ദ്വാരത്തിനുള്ളിലൂടെ പുറത്തിറങ്ങാൻ ശ്രമം തുടങ്ങി. പക്ഷേ, മിഠായി പാത്രത്തിൽ കൈയിട്ട കുരങ്ങന്റെ അവസ്ഥയായി എന്ന് പറഞ്ഞാൽ മതിയല്ലോ. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, മതിലിനുള്ളിൽ പാവം നമ്മുടെ തസ്കരവീരൻ കുടുങ്ങിപ്പോയി. പേടിച്ചുപോയ കക്ഷി തന്നെ രക്ഷപ്പെടുത്തുവാനായി ഒച്ചയിട്ട് നാട്ടുകാരെ വിളിച്ചു വരുത്തി. പിന്നെ നാട്ടുകാരെത്തി കള്ളനെ മതിലിന് പുറത്തെടുത്തു. ഒടുവിൽ തന്റെ ജീവൻ രക്ഷിച്ചതിന് ആ ക്ഷേത്രത്തിൽ തന്നെ കയറി പ്രാർത്ഥിച്ച് ഭണ്ഡാരത്തിൽ കാണിക്കുകയും ഇട്ടിട്ടാണത്രേ കള്ളൻ പൊലീസിനൊപ്പം പോയത്.

ഇനി രണ്ടാമത്തെ സംഭവമാണ് അതിലേറെ വിചിത്രം. ഗുവാഹത്തിയിലെ ദിസ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടക്കുന്നത്. ഈ കഥയിലെ കള്ളൻ അത്ര പാവത്താനൊന്നും ആയിരുന്നില്ല. വലിയ വീടുകൾ ലക്ഷ്യം വെച്ച് രാത്രി അതിക്രമിച്ചു കയറി വിലപിടിപ്പുള്ള സാധനങ്ങൾ കൈക്കലാക്കുന്നതായിരുന്നു പുള്ളിയുടെ രീതി. അങ്ങനെ അന്നു രാത്രിയും അയാൾ ഒരു വലിയ വീട്ടിൽ കയറി. വിലപിടിപ്പുള്ള സാധനങ്ങൾ ഓരോന്നായി മോഷ്ടിക്കുന്നതിനിടയിൽ പെട്ടെന്ന് നമ്മുടെ കള്ളന് വിശന്നു. വിശന്നാൽ പിന്നെ എന്ത് ചെയ്യും? ഭക്ഷണം കഴിക്കേണ്ട? ഉടനെ അയാൾ മോഷണം പാതിവഴി നിർത്തി അടുക്കളയിൽ കയറി കിച്ചടി ഉണ്ടാക്കാൻ തീരുമാനിച്ചു. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ ആ കിച്ചടി കൂട്ടാൻ പുള്ളിക്കാരന് ഭാഗ്യമുണ്ടായില്ല. കിച്ചടിയുടെ മണം അടിച്ചിട്ടാണോ എന്നറിയില്ല അപ്പോഴേക്കും വീട്ടുകാർ ഉണർന്നു, പൊലീസും എത്തി. ഏതായാലും പുള്ളി പിന്നെ ഒരു തർക്കത്തിന് നിന്നില്ല വളരെ വിനയ കുലീനനായി പൊലീസിനൊപ്പം പോയി.

വെല്ലൂരിലെ സത്ത്വചാരിയിലാണ് അടുത്ത സംഭവം നടക്കുന്നത്. ഈ കഥയിലെ നായകൻ ഒരു വാഹനമോഷ്ടാവാണ്. പുള്ളി വളരെ പാടുപെട്ട് ടാറ്റാ എയ്സിന്റെ ഒരു വാൻ മോഷ്ടിച്ചു. പക്ഷേ, കഷ്ടകാലം എന്ന് പറയട്ടെ ഓടിച്ചോണ്ടു പോകുന്നതിനിടയിൽ ഒരു ജംഗ്ഷനിൽ എത്തിയപ്പോൾ വണ്ടി ബ്രേക്ക് ഡൗൺ ആയി. കുറെ പരിശ്രമിച്ചിട്ടും  വണ്ടി നന്നാക്കാൻ കഴിഞ്ഞില്ല. ഉടനെ തൊട്ടടുത്ത ചായക്കടയിൽ ചായ കുടിച്ചു കൊണ്ട് നിന്ന് രണ്ടുപേരെ അയാൾ സഹായത്തിന് വിളിച്ചു. പിന്നെ മൂന്നുപേരും ചേർന്ന് വണ്ടി നന്നാക്കി. പക്ഷേ പിന്നീട് നടന്നതാണ് രസകരമായ കാര്യം. വണ്ടി നന്നാക്കി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്ക് ആണ് . കാര്യമെന്താണെന്നല്ലേ അയാൾ സഹായത്തിനായി വിളിച്ച് ആ രണ്ടുപേർ പൊലീസുകാരായിരുന്നു. അവർ യൂണിഫോമിൽ അല്ലാതിരുന്നത് കൊണ്ട് പാവം നമ്മുടെ കള്ളന് മനസ്സിലായില്ല.

വെസ്റ്റ് ബംഗാളിലെ ബർദ്വാനിൽ നടന്ന ഒരു മോഷണശ്രമം അതിലേറെ രസകരമാണ്.  ഒരു കടയിൽ വച്ച്  ബർദുവാൻ സ്വദേശിയുടെ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ടു. ഫോണിനായി നിരവധി തിരക്കി. ഒടുവിൽ അത് മോഷണം പോയതാണെന്ന് മനസ്സിലായി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല. വളരെയധികം സങ്കടത്തിൽ ആയി ഉടമസ്ഥൻ. അങ്ങനെയിരിക്കെ ഒരു ദിവസം അയാളെ തേടി ഒരു സമ്മാനപ്പൊതിയെത്തി. പൊതി തുറന്നു നോക്കിയ ഉടമസ്ഥൻ അത്ഭുതപ്പെട്ടു. തൻ്റെ നഷ്ടപ്പെട്ടുപോയ ഫോണും ഒപ്പം ഒരു കുറിപ്പും. ‘ക്ഷമിക്കണം ഈ ഫോൺ എനിക്ക് ഉപയോഗിക്കാൻ അറിയില്ല അതുകൊണ്ട് താങ്കൾ തന്നെ തിരിച്ചെടുത്തു കൊള്ളൂ.’ കള്ളൻ ആണെങ്കിലും ആള് ഒരു മാന്യൻ ആണെന്ന് തോന്നുന്നു.

തമിഴ്നാട്ടിലെ സെയ്താപ്പാട്ട് റെയിൽവേ സ്റ്റേഷനിലാണ് ഏറെ രസകരമായ ഈ കഥ നടക്കുന്നത്. ഒരു വീട്ടിൽ നിന്നും പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചു വരികയായിരുന്നു കള്ളൻ. പക്ഷേ, വഴിക്ക് വെച്ച് പുള്ളിക്ക് വല്ലാതെ ഉറക്കം വന്നു. കുറച്ചുസമയം ഉറങ്ങിയിട്ട് ആകാം യാത്ര എന്ന് കരുതി അയാൾ മോഷ്ടിച്ച സാധനങ്ങൾ അരികിൽ വച്ച് സുഖമായി കിടന്നുറങ്ങി. പക്ഷേ ഉറക്കം തെളിഞ്ഞത് പൊലീസ് സ്റ്റേഷനിൽ ആണെന്ന് മാത്രം. കള്ളന്റെ ഉറക്കം കളയണ്ട എന്ന് കരുതിയാണോ എന്തോ പൊലീസ് കട്ടിലോടെ അങ്ങ് പൊക്കി എന്ന് പറയുന്നതായിരിക്കും ശരി.

എത്ര വിചിത്രമായ മോഷണ ശ്രമങ്ങൾ അല്ലേ? കള്ളന്മാർ ആണെങ്കിലും മനുഷ്യൻമാരല്ലേ അതുകൊണ്ട് പറ്റിപ്പോയതായിരിക്കും.



Post a Comment

0 Comments