Flash News

6/recent/ticker-posts

ടൂറിസം ഡെസ്റ്റിനേഷൻ ചാലഞ്ച്; മലപ്പുറവും തിളങ്ങും; ജില്ലയില്‍ നിന്ന് 17 പദ്ധതികൾ; നാടുകാണാൻ സഞ്ചാരികൾ ഒഴുകിയെത്തും

Views

മലപ്പുറം: പുതിയ വിനോദ സഞ്ചാര പദ്ധതികൾ ആരംഭിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്കായി ടൂറിസം വകുപ്പ് നടത്തിയ ഡെസ്റ്റിനേഷൻ ചാലഞ്ചിലേക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിർദേശങ്ങൾ നൽകിയത് തൃശൂർ ജില്ല. 22 പദ്ധതികളാണ് തൃശൂരിലെ വിവിധ തദ്ദേശ സ്ഥാപനങ്ങൾ നൽകിയത്. 17 പദ്ധതികൾ സമർപ്പിച്ച മലപ്പുറം ജില്ലയാണ് രണ്ടാമത്. 15 വീതം പദ്ധതികൾ നിർദേശിച്ച് ഇടുക്കിയും എറണാകുളവുമാണ് മൂന്നാം സ്ഥാനത്ത്.

ഓഗസ്റ്റ് 31 വരെ ആകെ 125 പദ്ധതികളാണ് സംസ്ഥാന തലത്തിൽ ഓൺലൈനായി ലഭിച്ചത്. പദ്ധതികൾ പരിശോധിക്കാനും ചുരുക്കപ്പട്ടിക തയാറാക്കാനും ജില്ലാ തലങ്ങളിൽ 4 അംഗ സമിതി രൂപീകരിക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ചെയർമാനും ജില്ലാ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ കൺവീനറും ജില്ലാ ടൂറിസം ഡപ്യൂട്ടി ഡയറക്ടറും കേരള ട്രാവൽ മാർട്ട് പ്രതിനിധിയും അംഗങ്ങളുമായ സമിതിയാണ് രൂപീകരിക്കുക. നടപ്പാക്കാവുന്ന പദ്ധതികളെന്ന് സമിതി അംഗീകരിച്ചാൽ തുടർനടപടികളിലേക്ക് കടക്കും.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു വിനോദ സഞ്ചാരകേന്ദ്രം, 4 വർഷം കൊണ്ട് സംസ്ഥാനത്ത് 500 പുതിയ ടൂറിസം കേന്ദ്രങ്ങൾ എന്നീ ലക്ഷ്യങ്ങളുമായാണ് ഡെസ്റ്റിനേഷൻ ചാലഞ്ച് സംഘടിപ്പിച്ചത്. പദ്ധതിയുടെ 60% ചെലവ് (പരമാവധി 50 ലക്ഷം രൂപ) വിനോദ സഞ്ചാര വകുപ്പും ബാക്കി തദ്ദേശ സ്ഥാപനങ്ങളും വഹിക്കുന്ന വിധത്തിലുള്ള പദ്ധതികളാണ് ക്ഷണിച്ചത്.

കോഴിക്കോട്ടുനിന്ന് വയലട ഹിൽവ്യൂ പദ്ധതിയടക്കം 11, കണ്ണൂരിൽ നിന്ന് 8, കാസർകോട്, കോട്ടയം ജില്ലകളിൽ നിന്ന് 7 വീതം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളിൽ നിന്ന് 5 വീതം, പാലക്കാട്ടുനിന്ന് 2 പദ്ധതികളാണ് സമർപ്പിച്ചത്. ഏറ്റവും കുറവ് പദ്ധതി സമർപ്പിച്ചത് കൊല്ലം ജില്ലയാണ്. ശാസ്താംകോട്ട പ‍ഞ്ചായത്ത് സമർപ്പിച്ച പൈതൃക ഗ്രാമം പദ്ധതി മാത്രമാണ് ഇവിടെ നിന്നുള്ളത്.



Post a Comment

0 Comments