Flash News

6/recent/ticker-posts

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Views
വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം



മുള്ളൂർക്കരയിലുള്ള ബന്ധുവിന്റെ വിവാഹത്തിന് ഫോട്ടോയെടുക്കാൻ പോയതാണ് തൃശ്ശൂരിലെ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ അനൂപ് കൃഷ്ണ. വധു ഒഴികെ ആരും ക്യാമറയിലേക്ക് ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ ബട്ടൺ അമർത്തിയൊരു പടം പിടിച്ചു.



പല വർണങ്ങളിലുള്ള വേഷമണിഞ്ഞവർ മാത്രമല്ല പല മുഖഭാവങ്ങളുമായിരുന്നു ചിത്രത്തിലുള്ളവരുടേത്. ഇന്ത്യയിലെ ഏറ്റവും വലുതും ദൈർഘ്യമേറിയതുമായ ഇന്ത്യൻ ഫോട്ടോഫെസ്റ്റ്-2022 എന്ന അന്താരാഷ്ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിവലിലേക്ക് ഇത് അയച്ചു. ലൈറ്റ് ക്രാഫ്റ്റ് ഫൗണ്ടേഷൻ, തെലങ്കാന സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ ഹൈദരാബാദ് സ്റ്റേറ്റ് ആർട്ട് ഗാലറിയിലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.



85 രാജ്യങ്ങളിൽ നിന്നായി നാലായിരത്തിൽ അധികം ഫോട്ടോഗ്രാഫർമാർ എട്ട് വിഭാഗങ്ങളിലായി മത്സരിച്ചിരുന്നു. ഇതിൽ വെഡ്ഡിങ് വിഭാഗത്തിൽ അനൂപ്കൃഷ്ണയുടെ വിവാഹപ്പടം ഒന്നാം സ്ഥാനം നേടി. ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരത്തിന് പുറമേ ഒരു ലക്ഷം രൂപയും ഒരു ലക്ഷത്തിന്റെ ഫോട്ടോഗ്രാഫി ഉപകരണങ്ങളും അടങ്ങുന്ന സമ്മാനത്തിനും അർഹനായി. മത്സരത്തിലെ ചീഫ് ജൂറിയായിരുന്ന രഘുറായ് സമ്മാനം നൽകിയതോടെ വിജയത്തിന് ഇരട്ടി മധുരം. ഭാര്യ ശാലിനിയുമൊത്താണ് സമ്മാനം വാങ്ങാൻ പോയത്.



രഘുറായിക്ക് പുറമേ നാഷണൽ ജ്യോഗ്രഫി ഫോട്ടോ എഡിറ്റർ ഡൊമിനിക് ഹിൽഡ, കാലിഫോർണിയ നാച്വർ ഫോട്ടോഗ്രാഫർ സപ്ന റെഡ്ഡി, നാഷണൽ ജ്യോഗ്രഫി ഫോട്ടോഗ്രാഫർ പ്രിസൺചിത് യാദവ്, വിനീത് വോഹ്ര, മനോജ് യാദവ്, പൊട്രിയ വെന്കി എന്നിവർ അടങ്ങിയ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്.


14 വർഷമായി പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആയി ജോലി ചെയ്യുന്ന അനൂപ്കൃഷ്ണ തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിൽ ഫോട്ടോ ആർട്ട് എന്ന സ്ഥാപനം നടത്തുന്നു.



2019-ലെ കേരള ലളിതകലാ അക്കാദമി അവാർഡ്, െഎവിൻ ഇന്റർനാഷണൽ അവാർഡ്, ഡിജെ മെമ്മോറിയൽ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി മെറിറ്റ് അവാർഡ്, മോനോക്രോം ഇന്റർനാഷണൽ അവാർഡ്,ഇന്ത്യൻ പോർട്രൈറ്റ് ഫോട്ടോഗ്രാഫി അവാർഡ്, ഇമാജിൻ നാഷണൽ ടോപ് ട്രിയോ അവാർഡ്, എ.കെ.പി.എ. ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.



കൊട്ടേക്കാട് പുതുക്കുളങ്ങര വീട്ടിൽ സദാനന്ദന്റേയും പരേതയായ ഭാരതിയുടേയും മകനാണ്.


Post a Comment

0 Comments