Flash News

6/recent/ticker-posts

സ്‌കൂൾ ക്ലാസ്‌ റൂം പഠനം ഉച്ചവരെയാക്കണം;ഖാദർ കമ്മിറ്റി ശുപാർശ സർക്കാറിന് സമർപ്പിച്ചു

Views

ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ റിപ്പോർട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ കമ്മിറ്റി അധ്യക്ഷൻ ഡോ. എം എ ഖാദർ സമർപ്പിച്ചു

തിരുവനന്തപുരം> സ്‌കൂൾ ക്ലാസ്‌ റൂം പഠനം രാവിലെമുതൽ ഉച്ചവരെയാക്കണമെന്ന്‌ ഖാദർ കമ്മിറ്റി  ശുപാർശ.  ഉച്ചയ്‌ക്കുശേഷമുള്ള സമയം സ്‌കൂളുകളിൽ ഉപയോഗപ്പെടുത്തണമെന്നും പൊതുസമൂഹവുമായി ചർച്ച ചെയ്‌ത്‌ സമവായത്തിലൂടെ മാത്രമേ ഇത്‌ നടപ്പാക്കാവൂയെന്നും  കമ്മിറ്റിയുടെ രണ്ടാംഭാഗ റിപ്പോർട്ട്‌ ശുപാർശ ചെയ്‌തു.

പൊതുവിദ്യാഭ്യാസത്തിൽ ഏറെ മുന്നേറിയിട്ടുള്ള രാജ്യങ്ങളിലെല്ലാം പാഠപുസ്‌തകത്തെ അടിസ്ഥാനമാക്കി  ക്ലാസ്‌ മുറിയിലെ പഠനം ഉച്ചവരെയാണെന്നും കേരളം ഇതിന്‌ സജ്ജമാകണമെന്നും നിർദേശിച്ചു. വിദ്യാർഥിയുടെ സർഗാത്മകവും കായികവും തൊഴിൽപരവുമായ കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിലേക്ക് മുന്നേറണം. ഇത്തരം ക്ലാസുകൾ പ്രായത്തെ അടിസ്ഥാനമാക്കിയാകരുത്‌. കഴിവുകളെ അടിസ്ഥാനമാക്കിയാകണം.

നൈപുണി വികാസത്തോടൊപ്പം തൊഴിലിനോടുള്ള മനോഭാവ വികാസവും സാധ്യമാക്കണം. ഓരോ കുട്ടിക്കും പഠിക്കാനും വളരാനും അവസരതുല്യത ഉറപ്പാക്കണം. രണ്ടാം ഭാഗംകൂടി സർക്കാരിന്‌ സമർപ്പിച്ചതോടെ ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ പൂർണമായി. സ്‌കൂൾ ഘടനാമാറ്റമായിരുന്നു ഒന്നാം ഭാഗത്തിലുണ്ടായിരുന്നത്‌. റിപ്പോർട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ കമ്മിറ്റി അധ്യക്ഷൻ ഡോ. എം എ ഖാദർ സമർപ്പിച്ചു. അംഗങ്ങളായ ജി ജ്യോതിചൂഡൻ,  ഡോ. സി രാമകൃഷ്‌ണൻ എന്നിവരും സന്നിഹിതരായി.

സ്‌കൂൾ വിദ്യാഭ്യാസം 
മാതൃഭാഷയിൽ

സ്‌കൂൾ വിദ്യാഭ്യാസം മാതൃഭാഷയിൽത്തന്നെയാകണമെന്ന്‌ ഖാദർ കമ്മിറ്റി നിർദേശം.  ഇംഗ്ലീഷ്‌ റഫറൽ ഭാഷയായി പരിഗണിച്ച്‌ പ്രാധാന്യത്തോടെ പഠിപ്പിക്കണം. ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഇതര ഭാഷാപഠനവും മെച്ചപ്പെടുത്തണം. പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളുടെ മാതൃകയിൽ അധ്യാപക പരിശീലന കോഴ്‌സുകൾ മാറ്റണം.   പ്ലസ്‌ടുവിനുശേഷം അഞ്ച്‌ വർഷ ഇന്റഗ്രേറ്റഡ്‌ കോഴ്‌സുകളാകണം. അധ്യാപകർ  അനുദിനം പുതിയ അറിവുകൾ ആർജിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാൻ നിരന്തര പരിശീലനം നൽകണം. 

വിദ്യാഭ്യാസത്തിന്റെ രണ്ടാംതലമുറ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതിന് അധ്യാപകരെ സജ്ജമാക്കണം. ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പും  ശേഷവുമുള്ള  അധ്യാപക പരിശീലനം  സമഗ്രമാറ്റത്തിന് വിധേയമാകണം. ഘട്ടംഘട്ടമായി എല്ലാതലങ്ങളിലും അധ്യാപക യോഗ്യത, അധ്യാപകരാകാനുള്ള സ്‌പെഷ്യലൈസേഷൻ കോഴ്‌സുകൾ  ഉൾപ്പെടെ  ഇന്റഗ്രേറ്റഡ് മാസ്റ്റർ കോഴ്‌സായി മാറണം.


Post a Comment

0 Comments