Flash News

6/recent/ticker-posts

സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്ക്അപകടത്തില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് വിവരം.

Views


കാസര്‍കോട്: ബേക്കൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര മേളക്കിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. അപകടത്തില്‍ 59 വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്.11 വിദ്യാര്‍ഥികള്‍ മംഗളൂരുവിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. നാല് വിദ്യാര്‍ഥികള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മത്സരങ്ങള്‍ നടന്ന പ്രധാന വേദിയിലെ തകരഷീറ്റും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് നിര്‍മ്മിച്ച പന്തലാണ് തകര്‍ന്ന് വീണത്. തലയ്ക്കും കൈകാലുകള്‍ക്കുമാണ് അധികം പേര്‍ക്കും പരിക്കേറ്റത്.

പരിക്കേറ്റവരെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലും കാസര്‍കോട്ടെയും മംഗലാപുരത്തേയും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ ഇടവേളയായതിനാല്‍ കൂടുതല്‍ കുട്ടികള്‍ പന്തലില്‍ നിന്ന് മാറിയിരുന്നു. അതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പന്തല്‍ നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കി

ശാസ്ത്രമേളയായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പരിപാടി കാണാനുണ്ടായിരുന്നുവെങ്കിലും ഭക്ഷണത്തിന്റെ സമയമായതിനാല്‍ പല കുട്ടികളും പുറത്ത് പോയിരുന്നു.അപകട സമയത്ത് കുട്ടികള്‍ കുറവായിരുന്നുവെന്ന് എഇഒ പറഞ്ഞു. അത് വലിയ അപകടം ഒഴിവാക്കി.ഒരു അറ്റത്ത് നിന്നും സാവധാനമാണ് പന്തല്‍ തകര്‍ന്നു വീണത്.തകര്‍ന്ന് തുടങ്ങിയപ്പോഴേക്കും പല വിദ്യാര്‍ത്ഥികളും പുറത്ത് ചാടി. ചിലര്‍ ഡെസ്‌ക്കിന്റെ താഴേക്ക് മാറി നിന്നതും അപകടം കുറച്ചു.

കാസര്‍കോട് ബേക്കൂറില്‍ സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു വീണ സംഭവത്തില്‍ കരാറുകാരന്‍ ഉള്‍പ്പെടെ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അശ്രദ്ധമായ നിര്‍മ്മാണത്തില്‍ കര്‍ശനമായ നടപടിയുണ്ടാവുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മറ്റു വിദ്യാര്‍ഥികളെ വിട്ടയക്കുകയായിരുന്നു. പന്തല്‍ പൂര്‍ണമായും തകര്‍ന്ന് കുട്ടികളുടെ മേല്‍ വീണതാണ് പരിക്കിന് കാരണം. ഷീറ്റും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് നിര്‍മ്മിച്ച പന്തലാണ് തകര്‍ന്നു വീണത്.

നിര്‍മാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പന്തല്‍ കരാറുകാരനുള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെറിയ കുട്ടികളുള്‍പ്പെടെയുള്ളവര്‍ പരിപാടി സ്ഥലത്തുണ്ടായിരുന്നു. അതിന്റെ ഗൗരവം കണക്കിലെടുക്കാതെ പന്തല്‍ അശ്രദ്ധമായി നിര്‍മ്മിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഭവ സ്ഥലം കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടങ്ങുന്ന ഉന്നത സംഘം സന്ദര്‍ശിച്ചു. ചികിത്സ തേടുന്ന കുട്ടികളെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള സംഘവും സന്ദര്‍ശിച്ചെന്നാണ് വിവരം. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.



Post a Comment

0 Comments