Flash News

6/recent/ticker-posts

ഇലന്തൂരിലെ വീട്ടുവളപ്പിൽ നിന്നും മറ്റൊരു അസ്ഥി കൂടി കണ്ടെടുത്തു; ആറിടങ്ങളിൽ മാർക്ക് ചെയ്തു

Views
ഇലന്തൂരിലെ വീട്ടുവളപ്പിൽ നിന്നും മറ്റൊരു അസ്ഥി കൂടി കണ്ടെടുത്തു; ആറിടങ്ങളിൽ മാർക്ക് ചെയ്തു


പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു അസ്ഥിക്കഷണം കണ്ടെത്തി. വീടിന്റെ വടക്കു കിഴക്കു ഭാഗത്ത് ഒരു മരത്തിന് സമീപത്തു നിന്നാണ് അസ്ഥിക്കഷണം കണ്ടെത്തിയത്. റോസ്‌ലിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തു നിന്നാണ് എല്ലിന്‍ കഷണം ലഭിച്ചത്. പ്രത്യേക വൈദഗ്ധ്യം നേടിയ മായ, മർഫി എന്നീ പൊലീസ് നായ്കളെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് അസ്ഥി കിട്ടിയത്. 

ഇത് മനുഷ്യരുടേതാണോ, മൃഗങ്ങളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അസ്ഥിക്കഷണം ഫോറൻസിക് സംഘം പരിശോധനയ്ക്കായി ശേഖരിച്ചു. ഇത് ഫൊറൻസിക് ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. പൊലീസ് നായ അസ്വാഭാവികമായി പ്രതികരിച്ച ആറോളം സ്ഥലങ്ങൾ പൊലീസ് മാർക്ക് ചെയ്തിട്ടുണ്ട്. ഇവിടം കുഴിച്ച് പരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണസംഘം കൂടിയാലോചന നടത്തിയ ശേഷമാകും തീരുമാനമെന്നാണ് സൂചന. 

ഇതു കൂടാതെ വീടിന്റെ പരിസരങ്ങളിലും വീടിന് അകത്തും പൊലീസ് നായകളെ ഉപയോഗിച്ച് പരിശോധിച്ചു. ഫോറൻസിക് സംഘവും വീടിനകത്തും പുറത്തും പരിശോധന നടത്തി. വീടിന് അകത്ത് ഏതെങ്കിലും തരത്തിലുള്ള പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. തിരുമ്മൽ കേന്ദ്രത്തിനുള്ളിൽ കുഴിച്ചിട്ട നിലയിൽ ആയുധങ്ങൾ കണ്ടെടുത്തതായും സൂചനയുണ്ട്. 

കേസിലെ മൂന്നു പ്രതികളായ ഷാഫി, ഭഗവൽ സിങ്ങ്, ലൈല എന്നിവരെ കൊച്ചിയിൽ നിന്നും പൊലീസ് ഇലന്തൂരിലെ വീട്ടിലെത്തിച്ചിരുന്നു. പ്രതികളുമായി അന്വേഷണ സംഘം വീട്ടിലെത്തിയപ്പോൾ കോൺഗ്രസ് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവുമുണ്ടായി. പ്രതികളെ വീട്ടിൽ കൊണ്ടു വന്നപ്പോൾ വൻ ജനക്കൂട്ടമാണ് വീടിന് സമീപം തടിച്ചു കൂടിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്



Post a Comment

0 Comments