Flash News

6/recent/ticker-posts

കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല;വടക്കഞ്ചേരി അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തും വീഴ്ച്ചയെന്ന് കോടതി

Views
കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല;വടക്കഞ്ചേരി അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തും വീഴ്ച്ചയെന്ന് കോടതി

കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച്ച സംഭവിച്ചുവെന്ന് ഹൈക്കോടതി.
സുരക്ഷാ മാനദണ്ഡങള്‍ പാലിക്കാത്ത വാഹനം വിനോദ യാത്രയ്ക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ച്ചയാണെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകള്‍, ഓട്ടോ ഷോസ് എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. കെഎസ്‌ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ - പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്തെ സ്കൂളുകളില്‍ നിന്നും പഠന വിനോദ യാത്രക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച്‌ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നിലവിലുള്ള ഉത്തരവുകള്‍ കര്‍ശനമാക്കികൊണ്ടാണ് പുതിയ സര്‍ക്കുലര്‍. വടക്കഞ്ചേരി അപകടത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ ഗുരുതരവീഴ്ചയാണ് ഇക്കാര്യത്തില്‍ കാണിച്ചത്. എല്ലാ സ്കൂളുകള്‍ക്കും സര്‍‍ക്കാര്‍ ഉത്തരവ് ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച്‌ വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാത്രി 9 മണി മുതല്‍ രാവിലെ 6 വരെ സ്കൂളുകളില്‍ നിന്ന് വിനോദയാത്ര പാടില്ലെന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയിലുള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവു. പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് 2020 മാര്‍ച്ച്‌ 02 ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, വടക്കഞ്ചേരി ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ ടൂറിസ്റ്റ് ബസുകളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് വ്യാപക പരിശോധന നടത്തുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. സ്കൂള്‍, കോളേജധികൃതരോട് വിനോദയാത്ര പോകും മുമ്ബ് അറിയിപ്പ് നല്‍കണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പരിശോധനക്ക് ശേഷം മാത്രമാകും വിനോദയാത്രകള്‍ക്ക് അനുമതി നല്‍കുക. ഇന്ന് പുലര്‍ച്ചെ കൊല്ലത്തെ ടിടിസി കോളേജില്‍ നിന്നും വിനോദയാത്ര പോകാനെത്തിയ ടൂറിസ്റ്റ് ബസ് എംവിഡി പിടിച്ചെടുത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വെള്ളനിറം ബസില്‍ അടിച്ചിരുന്നില്ലെന്നും അനുവദനീയമായതിലും വലിയ ശബ്ദസംവിധാനങ്ങളും ലൈറ്റുകളും ബസിലുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ചേര്‍ത്തലയില്‍ നിന്നുള്ള വണ്‍‍ എസ് ബസാണ് എംവിഡി പിടിച്ചെടുത്തത്. വിനോദയാത്രക്കുള്ള അനുമതി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ റദ്ദാക്കി.


Post a Comment

0 Comments