Flash News

6/recent/ticker-posts

ദേശീയ പാത-66ൽ ജില്ലയിൽ വരുന്നത് 21 അടിപ്പാതകളും 16 മേൽപ്പാതകളും

Views
മലപ്പുറം: ദേശീയപാത -66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വരുന്നത് 21 അടിപ്പാതകളും 16 മേൽപ്പാതകളും. പ്രധാന റോഡിലേക്ക് കയറാതെ ഇരുവശത്തേക്കും കടന്നുപോകാനുള്ള സൗകര്യമായാണിത്. രണ്ട് വശത്തേയും സർവീസ് റോഡുകളെയാണ് അടിപ്പാതകളും മേൽപ്പാതകളും വഴി ബന്ധിപ്പിക്കുക. ഈ 37 വഴികളിലൂടെ മാത്രമേ ജില്ലയിൽ ദേശീയപാത മുറിച്ചുകടക്കാനാവൂ.

ജില്ലയിൽ 72 കിലോമീറ്ററിലൂടെയാണ് ദേശീയപാത -66 കടന്നുപോകുന്നത്. ഇതിൽ ഓരോ രണ്ട് കിലോമീറ്ററിലും മറുവശത്തെത്താൻ സൗകര്യമുണ്ടാകും. ഓരോ സ്ഥലത്തെയും ഭൂനിരപ്പും സൗകര്യങ്ങളും കണക്കിലെടുത്താണ് അടിപ്പാതയും മേൽപ്പാതയും തീരുമാനിച്ചത്.

ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന വിധമാണ് ഈ പാതകൾ ഒരുക്കുന്നത്. ഇവയ്ക്ക് 20 മീറ്റർവരെ വീതിയുണ്ടാകും. 21 അടിപ്പാതകളിൽ മൂന്നെണ്ണം ചെറുതായിരിക്കും. പൂക്കിപ്പറമ്പും പാണമ്പ്രയിലും ലൈറ്റ് വെഹിക്കിൾ അണ്ടർപാസും കാട്ടിപ്പരുത്തിയിൽ സ്മോൾ വെഹിക്കിൾ അണ്ടർപാസുമാണ് നിർമിക്കുന്നത്. ഏഴ് മീറ്റർ വരെയാകും ഇതിന്റെ വീതി.

ജനകീയ ആവശ്യം ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് പാണമ്പ്രയിൽ അടിപ്പാതയും മേലേ ചേളാരിയിൽ മേൽപ്പാതയും നിർമിക്കാൻ തീരുമാനിച്ചത്. എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യുടെ നിർദ്ദേശത്തെത്തുടർന്ന് ഇവിടെ പ്രത്യേക സ്ഥലപരിശോധന നടത്തിയിരുന്നു. രണ്ടും പ്രായോഗികമാണെന്ന് എൻജിനിയറിങ് വിഭാഗം കണ്ടെത്തി. ഈ റിപ്പോർട്ട് അനുമതിക്കായി ദേശീയപാതാ ആസ്ഥാനത്തേക്ക് സമർപ്പിച്ചിട്ടുണ്ട്. മേലേ ചേളാരിയിലെ മേൽപ്പാതയ്ക്ക് പുറമേ താഴെ ചേളാരിയിൽ അടിപ്പാതയുമുണ്ടാകും



Post a Comment

0 Comments