Flash News

6/recent/ticker-posts

" ഖത്തർ മുതൽ വേങ്ങരപ്പാടം വരെ... "പുതിയ ലേഖന പരമ്പര ഇനി മുതൽ പോപ്പുലർ ന്യൂസിൽ

Views
വേങ്ങരയുടെ കായിക ചരിത്രം, പ്രവാസം, വിദ്യാഭ്യാസം, എന്നു തുടങ്ങുന്ന വിവിധ വിഷയങ്ങളാണ് വരും ദിവസങ്ങളിൽ വിവേക്  കോർത്തിണക്കുന്നത്.

പാടം അത്രയും പച്ചപ്പു വിരിച്ചു കിടക്കുകയാണിപ്പോൾ. നെല്ല് വിളയാറാവുന്നു. പച്ചപിടിച്ച പാടത്തിന് നടുവിലൂടെ നീങ്ങുമ്പോൾ, പാടം കൊയ്യുന്നതും നോക്കി ഗ്രൗണ്ടിൽ ഗോൾ പോസ്റ്റുകൾ ഉയർത്തുന്നതിനു വേണ്ടി കാത്തു നിൽക്കുന്ന, പൂർവ്വകാലത്തിന്റെ പന്തുരുണ്ട ഓർമ്മകൾ ആരുടെ ഉള്ളിലേക്കാണ് തുളച്ചു കയറാത്തത്.
" ലേറ്റസ്റ്റ് ക്ലബ് കച്ചേരിപ്പടി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ അഞ്ചാം സുദിനമായ നാളെ..." എന്നു തുടങ്ങുന്ന അനൗൺസ്മെന്റുളുടെ ആ മുഴക്കം കാതുകളിലേക്ക് വീണ്ടും വീണ്ടും കയറുകയാണ്.

വൈകുന്നേരങ്ങൾ എത്ര തിരക്കേറിയതായാലും ഗ്രൗണ്ടിന്റെ നാല് ഭാഗങ്ങളിൽ തിങ്ങിനിറയുന്ന ആളുകൾ ഒരു വിസ്മയ കാഴ്ച തന്നെയായിരുന്നു.

നാടും നഗരവും ഖത്തർ വേൾഡ് കപ്പിന്റെ ഫുട്ബോൾ ആരവത്തിലേക്ക് കുതിക്കുകയാണ്. പീടിക തിണ്ണയിലെ ചർച്ചകളത്രയും ഫുട്ബോളിലേക്ക് വഴിമാറുന്നു. നമ്മുടെ നാടിന്റെ പൊതു വികാരങ്ങളിൽ പെടുന്ന ഒന്നാണ് പന്ത് കളി. ആവേശത്തോടെയും, വാശിയോടെയും, പാടവരമ്പുകളിലെ മത്സരപ്രേമികളാവാത്തവർ നമ്മുടെ നാട്ടിൽ ആരുണ്ട്.

റഫറിയുടെ അവസാന വിസിലടി ശബ്ദത്തിനു കാതോർക്കുമ്പോൾ ഹൃദയമിടിപ്പ് പിടിച്ചുനിർത്താൻ പറ്റാത്ത എത്രയെത്ര ദിനങ്ങൾ.., എത്രയെത്ര മനോഹര സന്ധ്യാസമയങ്ങൾ....

എത്രയെത്ര കളിസ്ഥലങ്ങൾ...

പെനാൽറ്റി ബോക്സിന് പുറകിലും, തടിച്ചുകൂടിയ ആളാരവങ്ങൾക്ക് നടുവിലുമൊക്കെയായി ശ്വാസം മുറുകെ പിടിച്ചുകൊണ്ട് എത കളികളുടെ അവസാന പെനാൽറ്റി ഷൂട്ടിന് കാത്തു നിന്നവർ നമ്മൾ.

ഫുട്ബോൾ കളിയിലെ വിവിധ നിരകളിലായി കളിച്ച കളിക്കാരും, നിറഞ്ഞാടിയ ഗോൾകീപ്പർ മാരുമെല്ലാം, കളി കഴിഞ്ഞ് ഗ്രൗണ്ടിൽ നിന്നും കയറുമ്പോൾ ആളുകൾ പുറകെ കൂട്ടമായി പോകുന്നത് കണ്ടിട്ടുണ്ട്, ആൾക്കൂട്ടം കാണുമ്പോ എല്ലാവരും അങ്ങോട്ട് എത്തും. വേറെ ഒന്നുമല്ല,

ജയിച്ച ടീമിലെ കളിക്കാരെ അഭിനന്ദിക്കുന്നതും പരാജയപ്പെട്ടവരെ സമാധാനിപ്പിക്കുന്നതുമൊക്കെയാണ്. ഇത് കായിക താരങ്ങളോട് നമ്മുടെ നാട്ടുകാരുടെ സ്നേഹവും കരുതലുമാണ്.

പ്രദേശങ്ങൾ തമ്മിലുള്ള
വാശിയേറിയ മത്സരങ്ങൾ
പ്രാദേശിക വൈര്യ വീരത്തിന്റെ യുദ്ധഭൂമിയായി മാറിയ എത്രയെത്ര കളികൾ.. എത്രയെത്ര കളി സ്ഥലങ്ങൾ....

മനുഷ്യ സ്നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഒരു വലിയപാലം വേങ്ങരയിലെ ആളുകൾക്കും, പ്രദേശങ്ങൾക്കും ഇടയിലൂടെ പോകുന്നുണ്ട്

എന്നതുകൊണ്ട്, ഫുട്ബോൾ യുദ്ധഭൂമിയിലെ തർക്കങ്ങളൊന്നും സമാധാന, സന്ധി ചർച്ചകൾക്ക് അപ്പുറത്തേക്ക് പോയ ചരിത്രം നമുക്ക് ചൂണ്ടിക്കാണിക്കാനില്ല.

ഫുട്ബോൾ രക്തത്തിൽ അലിഞ്ഞു ചേരുക എന്നത് വെറുമൊരു പ്രയോഗം മാത്രമല്ല.

ചെറുപ്പം മുതലേ കാണുന്നതും കേൾക്കുന്നതുമായ കളികളിൽ ഏറെ പ്രധാനമായത് ഫുട്ബോൾ കളി തന്നെയാണ്.

നമ്മുടെ നാട്ടിൽ ഒരുതവണയെങ്കിലും പന്ത് തട്ടാത്തവരായി ആരും കാണില്ല, ഒരു വേൾഡ് കപ്പിന്റെ അൽപ ഭാഗമെങ്കിലും കാണാത്തവരായും ആരും ഉണ്ടാകില്ല.

ഓരോ ജീവിത സാഹചര്യങ്ങളിലും, ഓരോ കാലഘട്ടത്തിലും,

വ്യത്യസ്ഥ കളിക്കാരായാണ് ജീവിതത്തിൽ ഓരോരുത്തരും മുന്നോട്ടുപോകുന്നത് എന്ന് പറയാം.

പ്രതിസന്ധിഘട്ടങ്ങളിൽ ആക്രമിച്ചു കളിക്കുന്ന ഫോർവേഡ് കളിക്കാരനായും,

കൂടെയുള്ളവർക്ക് പ്രതിരോധം തീർക്കേണ്ട ഘട്ടങ്ങളിൽ നല്ല ഒരു

മുൻ നിര ഡിഫൻസ് കളിക്കാരനായും,

എല്ലാം നഷ്ടപ്പെട്ട് കുടുംബാംഗങ്ങൾ തന്നിലേക്ക് അഭയം പ്രാപിക്കുമ്പോൾ, പെനാൽറ്റി ഷൂട്ടൗട്ടിനെ അഭിമുഖീകരിക്കുന്ന ഗോളിയായും നമ്മൾ മാറുന്നു.

ഇത്രത്തോളം ഫുട്ബോളിനെ ആഴത്തിൽ നെഞ്ചോട് ചേർത്ത ജനതയാണ് ഇവിടെയുള്ളത്.

ഖത്തറിൽ നടക്കുന്ന ഈ ഫുട്ബോൾ ലോകകപ്പിന് ഇത്തിരി മൊഞ്ചു കൂടുതലാണ്.

എന്താണെന്ന് വെച്ചാൽ. കേട്ട് പതിഞ്ഞ, അനുഭവിച്ചറിഞ്ഞ, ആ നാടിനോടുള്ള ഒരു കൗതുകം തന്നെ.

ഖത്തർ എന്നും,
സൗദി അറേബ്യ എന്നും, ദുബായി എന്നും, ഒമാൻ എന്നും കേൾക്കാത്ത ഏതു വേങ്ങരക്കാരൻ ഉണ്ടെടോ.

ആകാശത്തിനു നെറുകയിലേക്ക് തല ഉയർത്തി നിൽക്കുന്ന ഇന്നത്തെ വേങ്ങരയുടെ വേരുകൾക്കു ബലം നൽകുന്നത്, പോറ്റമ്മയായ അറബ് രാജ്യങ്ങളിൽ

നമ്മുടെ നാട്ടുകാർ ഒഴുക്കുന്ന വിയർപ്പിന്റെ ബലമാണ്.

സ്വന്തം നാടിനെയും നാട്ടുകാരെയും പിരിഞ്ഞു നിൽക്കുന്ന ഒരു കുട്ടം മനുഷ്യരുടെ ഏകാന്തതയുടെ, ജന്മനാടിനെ നെഞ്ചോട് ചേർത്ത് പിടിച്ച് വരും തലമുറക്ക് വിദ്യാഭ്യാസം നൽകാനും, നല്ല ഭാവി വാഗ്ദാനം ചെയ്യാനും ത്യാഗം ചെയ്ത ഒരു യുഗത്തിന്റെ, മനോവീര്യത്തിന്റെ ബലമാണ്.

സ്വന്തം മക്കളെ ഇന്ന് സി.ബി.എസ്.സി സ്കൂളുകളിൽ വലിയ ഫീസ് നൽകി പഠിപ്പിക്കുന്ന മാതാപിതാക്കൾ തന്റെ ഭാവി പണയപ്പെടുത്തിയ ത്യാഗത്തിന്റെ ബലമുണ്ട്

അതുകൊണ്ടു തന്നെ
കളി നടക്കുന്നത് നമ്മളെ മറ്റൊരു തറവാട്ടിൽ തന്നെയാണ്. വേങ്ങരക്കാർ നിറയെയുള്ള ഖത്തർ. ഏതു പ്രദേശത്തും, ഏത് ജോലിയിലും, ഏത് ഫാക്ടറിയിലും, ഏത് പൊസിഷനിലും നോക്കിയാൽ നിങ്ങൾക്കൊരു വേങ്ങരക്കാരനെ കാണാൻ കഴിയും.

അല്ലെങ്കിൽ വേങ്ങരക്കാരനുമായി ബന്ധമുള്ള ഏതെങ്കിലും ഒരുത്തനെ കാണാൻ കഴിയും. എന്ന് പറഞ്ഞാൽ അവന്റെ ഉമ്മയുടെ വീട് വേങ്ങര, അല്ലെങ്കിൽ ബന്ധുവീട്... എന്തെങ്കിലും ബന്ധം വേങ്ങരയുമായുണ്ടാവും.

അതുകൊണ്ടുതന്നെ ഈ ഖത്തർ ലോക കപ്പിന് നമ്മളെ ഖൽബില് കുറച്ചു മൊഞ്ച് അധികമാണ്.

ഫുട്ബോളിന്റെ ആരവം നമ്മുടെ പ്രദേശങ്ങളിലെല്ലാം അലയടിച്ചു തുടങ്ങി,

ബാനറുകളായും കട്ടൗട്ടുകളായും മണിക്കൂറുകൾ കൊണ്ടാണ് റോഡിന്റെ വശങ്ങളെല്ലാം കീഴടക്കുന്നത്.

വാട്സ്ആപ്പ് , ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലെ തുറന്ന യുദ്ധങ്ങൾ എല്ലാം ആവേശത്തിന്റെ പുതിയ തിരകൾ തീർക്കുന്നു.

ഫുട്ബോൾ ലോകം മുഴുവനായി ഖത്തറിലേക്ക് ചുരുങ്ങുകയാണ്.

ആവേശത്തിന്റെ ഉയരങ്ങളിൽ നമ്മളും ചെന്നു നിൽക്കുന്നു. മലയാളികളുടെ സാന്നിധ്യം കൂടുതലായി ഖത്തർ വേൾഡ് കപ്പിൽ നമുക്ക് കാണാൻ സാധിക്കും, അതുപോലെതന്നെ വേങ്ങരക്കാരുടെ ശബ്ദവും ആവേശത്തിരയ്ക്ക് ശക്തി പകരും.

വരും ദിവസങ്ങളിൽ ബിഗ് സ്ക്രീനുകളുടെ മുൻപിലേക്ക്, മങ്ങാത്ത പ്രതീക്ഷയെന്നോണം ഒരു കൂട്ടായ്മയെ ഒത്തു ചേർത്ത്, ആവേശത്തിന്റെ ഉയരങ്ങളിൽ നിലയ്ക്കാത്ത താളത്തിൽ, ഒരേ കളിയാരവത്തോടെ, വ്യത്യസ്ത ടീമുകൾക്ക് വേണ്ടി ഉറക്കെ ഉറക്കെ മാറാത്ത നിലപാടുകളോടെ, തളരാത്ത വാക്വാതങ്ങളോടെ, അടങ്ങാത്ത ആവേശത്തോടെ, നശിക്കാത്ത ക്ഷമയോടെ മുന്നോട്ടു നടന്നുകൊണ്ടേയിരിക്കും.

      (തുടരും)


Post a Comment

0 Comments