Flash News

6/recent/ticker-posts

മെസിയുടെ കളി കാണണം; സല്‍മാന്‍ കുറ്റിക്കോട് ലോകകപ്പിനായി ഖത്തറിലേക്ക്

Views
ചെർപ്പുളശ്ശേരി : ആരാധകരെ ശാന്തരാകുവിന്‍, കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശമായ സല്‍മാന്‍ കുറ്റിക്കോട് ഫിഫ ലോകകപ്പ് നേരില്‍ കാണാന്‍ ഖത്തറിലേക്ക്. നവംബർ 20-ാം തിയതി വരെ നാട്ടിലുള്ള പരിപാടികളെല്ലാം പൂർത്തിയാക്കി സല്‍‍മാന്‍ തൊട്ടടുത്ത ദിനങ്ങളില്‍ ഖത്തറിലേക്ക് പറക്കും. യാത്രതിരിക്കേണ്ട തിയതിയേ ഇനി തീരുമാനമാകാനുള്ളൂ. ലിയോണല്‍ മെസിയുടെ കട്ട ഫാനായ സല്‍മാന്‍ കുറ്റിക്കോട് അർജന്‍റീനയുടെ മത്സരം ഖത്തറില്‍ നേരില്‍ കാണാം എന്ന പ്രതീക്ഷയോടെയാണ് അറേബ്യന്‍ മണലാര്യണത്തില്‍ പറന്നിറങ്ങുക. 

ഖത്തറില്‍ സല്‍മാന്‍ സ്റ്റാറാവും
ഫുട്ബോളിന്‍റെ വിശ്വ പോരാട്ടത്തിന് ഖത്തറില്‍ കിക്കോഫാകുമ്പോള്‍ ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറുമടക്കമുള്ള ഇതിഹാസ താരങ്ങളാണ് മൈതാനത്ത് ബൂട്ടുകെട്ടുന്നത്. ഗാലറിയില്‍ ലോക ഫുട്ബോളിനെ അടക്കിഭരിച്ച ഇതിഹാസ താരങ്ങളുടെ നീണ്ടനിരതന്നെ കസേരകളിലുണ്ടാവും. ഫിഫ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ നേരിട്ട് വീക്ഷിക്കാന്‍ പോകുന്ന ലോകകപ്പ് എന്നതും ഖത്തറിന്‍റെ സവിശേഷത. എന്നാല്‍ ഫുട്ബോള്‍ മാമാങ്കത്തില്‍ ഏറ്റവും ശ്രദ്ധേയനാകാന്‍ പോകുന്ന മലയാളി ചെർപ്പുളശ്ശേരിക്കാരന്‍ സല്‍മാന്‍ കുറ്റിക്കോടായിരിക്കും. ഭിന്നശേഷിക്കാരനായ സല്‍മാന്‍ കേരളത്തിലെ കാല്‍പന്ത് പ്രേമികളുടെ ഏറ്റവും പ്രിയങ്കരനാണ്. സാക്ഷാല്‍ ഐ എം വിജയന്‍റെ ഉറ്റ ചങ്ങാതി. 
സല്‍മാന്‍ കുറ്റിക്കോടിന്‍റെ രണ്ടാം ഗള്‍ഫ് സന്ദർശനമാണിത്. മുമ്പ് ദുബായില്‍ ഒരു ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് സല്‍മാനും ഗള്‍ഫും തമ്മിലുള്ള ആത്മബന്ധത്തിന്. സല്‍മാന്‍റെ മൂത്ത ജേഷ്‍ഠന്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ജേഷ്‍ഠന്‍ നാട്ടിലെത്തി തിരിച്ചുപോകുമ്പോഴൊക്കെ ഞാനും പോകുവാണ് എന്ന് വീട്ടുകാരോട് യാത്ര പറഞ്ഞ് കണ്ണീരോടെ സല്‍മാനും പടിയിറങ്ങുമായിരുന്നു. ഗള്‍ഫില്‍ പോകണമെന്ന അതിയായ ആഗ്രഹം സല്‍മാന്‍ ഇടയ്ക്ക് പറയുകയും ചെയ്യും. ഗള്‍ഫിലാണേല്‍ വലിയ സൗഹൃദവലയമുണ്ടുതാനും. എന്നാല്‍ ആദ്യമായി സല്‍മാന് ഗള്‍ഫ് നേരില്‍ കാണാന്‍ അവസരം കിട്ടിയത് ഈയടുത്താണ് എന്നുമാത്രം. ലോകകപ്പിനായി ഖത്തറിലെത്തിയാല്‍ മത്സരങ്ങളും ഉദ്ഘാടനങ്ങളുമായി സല്‍മാന് നിന്നുതിരിയാന്‍ സമയമുണ്ടാവില്ല.

മെസി വിട്ടൊരു പരിപാടിയില്ല

കട്ട അർജന്‍റീനന്‍ ഫാനാണ് സല്‍മാന്‍ കുറ്റിക്കോട്. ഉയിരിന്‍റെ ഉയിരായി സാക്ഷാല്‍ ലിയോണല്‍ മെസി ചങ്കില്‍ത്തന്നെയുണ്ട്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍ സല്‍മാനെ പാളയത്തിക്കാനുള്ള ബ്രസീല്‍ ആരാധകരുടെ പണി ചെറുതായി പാളി. പരിപാടിക്കിടെ അർജന്‍റീനയുടെ ജേഴ്സി കൈപ്പറ്റിയ സല്‍മാന്‍ ബ്രസീലിന്‍റെ കുപ്പായം വാങ്ങാന്‍ വിസമ്മതിച്ചു. ഒടുവില്‍ ചേട്ടന്‍റെ നിർബന്ധപ്രകാരമാണ് സല്‍മാന്‍ മഞ്ഞ ജേഴ്സി സ്വീകരിച്ചത്. നാളിതുവരെ 300ഓളം പരിപാടികളില്‍ സല്‍മാന്‍ കുറ്റിക്കോട് പങ്കെടുത്തിട്ടുണ്ട്. ഫുട്ബോള്‍ ടൂർണമെന്‍റുകളും ഉദ്ഘാടനങ്ങളുമാണ് ഇതില്‍ ഏറെയും. പരിപാടിയില്‍ പങ്കെടുക്കാന്‍ ദിവസേന നിരവധി ക്ഷണങ്ങള്‍ സല്‍മാനെ തേടിയെത്തും. ചേട്ടന്‍ റഷീദിനാണ് ഫോണ്‍ കോളുകള്‍ എടുക്കേണ്ട ചുമതല. കേരളത്തില്‍ അങ്ങോളമിങ്ങോളം പരിപാടിക്ക് കൃത്യസമയത്ത് സല്‍മാനെ എത്തിക്കാനുള്ള ചുമതല സുഹൃത്തുക്കള്‍ക്കും. സല്‍മാന്‍ ഇത്രയേറെ അറിയപ്പെടാനുള്ള കാരണവും കട്ട ചങ്കുകളായ സുഹൃത്തുക്കള്‍ തന്നെ. 

ഒരു റീല്‍സിലൂടെയാണ് സല്‍മാന്‍ കുറ്റിക്കോട് ആദ്യം ശ്രദ്ധ നേടുന്നത്. ജേഷ്‍ഠന്‍റെ മകന്‍ ഗള്‍ഫില്‍ പോകുമ്പോള്‍ കെട്ടിപ്പിടിച്ച് കരയുന്ന സല്‍മാനായിരുന്നു ഈ വീഡിയോയില്‍. പിന്നീട് ഫുട്ബോള്‍ ടൂർണമെന്‍റുകളില്‍ അതിഥിയായി സല്‍മാനെ പലരും വിളിച്ചുതുടങ്ങി. ആദ്യമൊക്കെ കുടുംബാംഗങ്ങള്‍ക്ക് ചെറിയ സങ്കടമൊക്കെ തോന്നിയെങ്കിലും ഇപ്പോള്‍ എല്ലാവരും വളരെ ഹാപ്പിയാണ്. സല്‍മാന്‍ പ്രശസ്തന്‍ ആയി മാറിയതുകൊണ്ടല്ല, എല്ലാവരുടേയും അകമൊഴിഞ്ഞ സ്നേഹവും ഏറെപ്പേർക്ക് പ്രചോദനവുമാണ് എന്നത് വലിയ സന്തോഷം നല്‍കുന്നതായി സല്‍മാന്‍റെ സഹോദരന്‍ റഷീദ് പറഞ്ഞു.


Post a Comment

0 Comments