Flash News

6/recent/ticker-posts

യാത്രക്കാരുടെ എണ്ണത്തിൽ കോഴിക്കോട് വിമാനത്താവളം രണ്ടാമത് ; ആറുമാസത്തിനിടെ യാത്രചെയ്തത് 14,35,222 പേർ

Views

 
മലപ്പുറം: അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ 15 പൊതുമേഖലാ വിമാനത്താവളങ്ങളിൽ രണ്ടാംസ്ഥാനം കരിപ്പൂരിന്. 38 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഏഴാംസ്ഥാനവുമുണ്ട്.

പൊതുമേഖലാ വിമാനത്താവളങ്ങളിൽ ചെന്നൈ മാത്രമാണ് മുന്നിലുള്ളത്. 2022 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കണക്കുകളിലാണ് ഇതു വ്യക്തമാകുന്നത്. 14,35,222 പേരാണ് ഈ കാലയളവിൽ കരിപ്പൂർ വിമാനത്താവളം വഴി യാത്രചെയ്തത്. 10,141 ചെറുവിമാന സർവീസിലൂടെയാണ് ഈ നേട്ടം. ചെന്നൈയാകട്ടെ 18,168 സർവീസിലൂടെയാണ് കരിപ്പൂർ വിമാനത്താവളത്തെ മറികടന്നത്.

സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ രണ്ടാംസ്ഥാനം കരിപ്പൂരിനാണ്. 24,09,614 യാത്രക്കാരുമായി കൊച്ചിയാണ് ഒന്നാംസ്ഥാനത്ത്. 14,839 സർവീസുകളാണ് ഈ കാലയളവിൽ കൊച്ചിയിൽ നടന്നത്.

രാജ്യത്തെ മൊത്തം 38 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊച്ചി, ഹൈദരാബാദ് വിമാനത്താവളങ്ങളാണ് കരിപ്പൂരിന് മുന്നിലുള്ളത്. ഇവിടെനിന്നുള്ളതിന്റെ നാലിരട്ടിവരെ സർവീസുകളാണ് ഈ വിമാനത്താവളങ്ങളിൽനിന്നുള്ളത്.

200-ൽ താഴെ യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾക്കുമാത്രമേ കരിപ്പൂരിൽ സർവീസ് അനുമതിയുള്ളൂ.
ഗൾഫ് മേഖലയിലേക്കു മാത്രമാണ് ഇവിടെനിന്നുള്ള വിമാനങ്ങൾക്ക് പറക്കാനാവുന്നത്. വളരെ കുറച്ച് വിമാനക്കമ്പനികൾക്കേ കരിപ്പൂരിൽ സർവീസിന് അനുമതി നൽകിയിട്ടുമുള്ളൂ.

കണ്ടിൻജൻസി ചാർജ് ഒഴിവാക്കി

മലപ്പുറം: കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള അഞ്ചുശതമാനം കണ്ടിൻജൻസി ചാർജ് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പിനു നൽകേണ്ട നിരക്കാണിത്. 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ മലപ്പുറം കളക്ടർക്ക് നൽകിയ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കളക്ടർക്ക് കത്തയച്ചത്.
ഭൂമി ഏറ്റെടുക്കാൻ സർക്കാർ 74 കോടി രൂപ അനുവദിക്കും. നിലവിലെ റൺവേയുടെ പടിഞ്ഞാറുഭാഗത്ത് മലപ്പുറം പള്ളിക്കൽ വില്ലേജിൽ ഉൾപ്പെടുന്ന ഏഴേക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുക. റൺവേ എൻഡ് സേഫ്റ്റി ഏരിയ (ആർ.ഇ.എസ്.എ.) വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ നടത്തുന്നതിന് സംസ്ഥാനതല എംപാനൽഡ് ഏജൻസികളിൽനിന്ന് പ്രൊപ്പോസൽ വാങ്ങാനും കളക്ടർക്കുള്ള കത്തിൽ നിർദേശമുണ്ട്. ഏറ്റെടുക്കുന്ന ഭൂമി സർക്കാർ സൗജന്യമായി വിമാനത്താവള അതോറിറ്റിക്ക് കൈമാറും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും

മലപ്പുറം: കരിപ്പൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ യോഗം ചേരുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. റൺവേ വികസനത്തിന് കേന്ദ്ര വ്യോമമന്ത്രാലയം അനുമതി നൽകിയതിനു പിന്നാലെ, കഴിഞ്ഞ നാലുമാസം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ സജീവമായ ഇടപെടലാണ് ഉണ്ടായത്. ഭൂമി ഏറ്റെടുത്തു നൽകാനുള്ള നടപടികൾ സംസ്ഥാനസർക്കാർ അടുത്ത ദിവസം ആരംഭിക്കുകയാണ്. ഇതിനായി 74 കോടി രൂപ അതിവേഗത്തിലാണ് അനുവദിച്ചത്.
മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ ഉന്നതതല യോഗങ്ങൾ ചേർന്നു. മലപ്പുറം ജില്ലയിൽ മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ഏറെ യോഗങ്ങൾ ചേർന്നു. ഇതുവഴി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.



Post a Comment

0 Comments