Flash News

6/recent/ticker-posts

അബുദാബിയിലെ നിങ്ങളുടെ താമസ സ്ഥലത്ത് ഈ 18 കാര്യങ്ങളുണ്ടോ; എങ്കില്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ പ്രതീക്ഷിക്കാം

Views
 അബുദാബി : അബുദാബിയില്‍ പ്രവാസികള്‍ താമസിക്കുന്ന ഇടങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പാലിറ്റി അധികൃതരുടെ പരിശോധന ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. അബൂദാബിയിലെ മൂന്ന് മുനിസിപ്പാലിറ്റികളിലെയും റെസിഡന്‍ഷ്യല്‍ ഏരിയകളിലും പ്രവാസികളുടെ താമസ ഇടങ്ങളിലുമാണ് അധികൃതരുടെ സംഘം പരിശോധന നടത്തുക. 2023 ന്റെ ആദ്യ പാദത്തില്‍ പരിശോധനാ കാമ്പെയ്ന്‍ ആരംഭിക്കാനാണ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്. പരിശോധനകളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ടവരില്‍ നിന്ന് 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

പരിശോധനാ ക്യാംപയിന്റെ മുന്നോടിയായി 'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം' എന്ന പേരില്‍ ശക്തമായ ബോധവല്‍ക്കരണ കാമ്പയിനും അബൂദാബി അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. 5,000 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കാവുന്ന 18 നിയമലംഘനങ്ങളുടെ പട്ടിക അബൂദാബി മുനിസിപ്പാലിറ്റി അധികൃതര്‍ പ്രസിദ്ധീകരിച്ചു. നിയമലംഘനം കണ്ടെത്തിയാല്‍ ചുമത്തുന്ന പിഴയുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 _18 നിയമ ലംഘനങ്ങളുടെ പട്ടികയും അവയ്ക്കുള്ള പിഴയും ചുവടെ:_

- റിയല്‍ എസ്റ്റേറ്റ്, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ അല്ലെങ്കില്‍ പൊതു പാര്‍പ്പിടം എന്നിവ അവ കൊണ്ട് ഉദ്ദേശിക്കപ്പെട്ട ആവശ്യത്തിനല്ലാതെ ഉപയോഗിക്കല്‍- ( 50,000 ദിര്‍ഹം)

- സര്‍ക്കാര്‍ വകയുള്ള പൊതു ഭവനങ്ങള്‍ പാട്ടത്തിനോ വാടകയ്‌ക്കോ നല്‍കല്‍- (50,000 ദിര്‍ഹം)

- ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റോ താല്‍ക്കാലിക ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റോ ലഭിക്കുന്നതിന് മുമ്പ് റിയല്‍ എസ്റ്റേറ്റ്, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ അല്ലെങ്കില്‍ പൊതു ഭവനങ്ങള്‍ എന്നിവയില്‍ താമസിക്കല്‍ (12,500 ദിര്‍ഹം)

- ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് കാലഹരണപ്പെട്ടതിന് ശേഷം റിയല്‍ എസ്റ്റേറ്റ്, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ അല്ലെങ്കില്‍ പൊതു ഭവനങ്ങള്‍ എന്നിവയില്‍ താമസിക്കല്‍ (5,000 ദിര്‍ഹം)

- ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് ഔദ്യോഗികമായി റദ്ദാക്കിയതിന് ശേഷം ഇവിടങ്ങളില്‍ താമസിക്കല്‍ (25,000 ദിര്‍ഹം)

- പൊളിച്ചു മാറ്റാന്‍ പെര്‍മിറ്റ് നല്‍കപ്പെട്ട ശേഷം താമസ കെട്ടിടങ്ങള്‍ താമസത്തിനായി ഉപയോഗിക്കുകയോ അവ വാടകയ്ക്ക് നല്‍കുകയോ ചെയ്യല്‍. പൂര്‍ണമായോ ഭാഗികമായോ നല്‍കലും നിയമവിരുദ്ധമാണ്. (500,000 ദിര്‍ഹം)

- പൊളിച്ചു മാറ്റാന്‍ പെര്‍മിറ്റ് നല്‍കപ്പെട്ട താമസ കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കുകയോ അതില്‍ താമസിക്കുകയോ ചെയ്യല്‍ (25,000 ദിര്‍ഹം)

- അനധികൃത വിഭാഗങ്ങള്‍ക്കായി റിയല്‍ എസ്റ്റേറ്റ്, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ അല്ലെങ്കില്‍ റെസിഡന്‍ഷ്യല്‍ ഏരിയകളിലെ പൊതു ഭവനങ്ങള്‍ പാട്ടത്തിന് നല്‍കുക (50,000 ദിര്‍ഹം)

- റിയല്‍ എസ്റ്റേറ്റും റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും ഒരു ഗ്രൂപ്പ് ഹൗസിംഗിനായി പാട്ടത്തിന് നല്‍കല്‍ (100,000 ദിര്‍ഹം)

- താമസ ഇടത്തില്‍ അനുവദനീയമായ ആളുകളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കല്‍ (50,000 ദിര്‍ഹം)

- വെന്റിലേഷന്‍, എയര്‍ കണ്ടീഷനിംഗ്, ശുചിത്വം, പൊതുജനാരോഗ്യ ആവശ്യകതകള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ ലംഘനം (25,000 ദിര്‍ഹം)

- അബൂദാബിയില്‍ നിലവിലുള്ള പൊതു മാനദണ്ഡങ്ങളോ ധാര്‍മ്മികതയോ ലംഘിക്കുന്ന വിധത്തില്‍ താമസിക്കല്‍ (25,000 ദിര്‍ഹം)

- റിയല്‍ എസ്റ്റേറ്റ്, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ അല്ലെങ്കില്‍ പൊതു ഭവനങ്ങള്‍ എന്നിവ വാടകയ്‌ക്കെടുത്തയാള്‍ സബ് ലീസ് നല്‍കല്‍ (25,000 ദിര്‍ഹം)

- ഒരു റെസിഡന്‍ഷ്യല്‍ യൂണിറ്റില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കല്‍ (12,500 ദിര്‍ഹം)

- ഒരേ ഹൗസിംഗ് യൂണിറ്റില്‍ ഒരു കുടുംബത്തോടൊപ്പം ബാച്ചിലര്‍മാരോ രക്തബന്ധമോ വിവാഹബന്ധമോ ഇല്ലാത്തവരുമായോ താമസിക്കല്‍ (25,000 ദിര്‍ഹം)

- ഫാമുകളിലും മറ്റും നിര്‍മ്മിച്ച കെട്ടിടങ്ങള്‍ തൊഴിലാളികള്‍ക്കോ ബാച്ചിലര്‍മാര്‍ക്കോ വാടകയ്ക്ക് നല്‍കല്‍ (50,000 ദിര്‍ഹം)
- കോര്‍പ്പറേറ്റ് അല്ലെങ്കില്‍ ബാച്ചിലര്‍ തൊഴിലാളികള്‍ ഫാമുകളിലും എസ്റ്റേറ്റുകളിലും നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ താമസിക്കല്‍ (25,000 ദിര്‍ഹം)
- താമസ ഇടങ്ങളിലെ പരിശോധന തടയുകയോ അവരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യല്‍ (50,000 ദിര്‍ഹം)



Post a Comment

0 Comments