ദുബായ് : മസാജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് ആളുകളെ ചതിയില്‍പ്പെടുത്തി പണം അപഹരിക്കുന്ന സംഘങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പരിശോധനകള്‍ ശക്തമാക്കി ദുബായ് പോലീസ്. ഈ വര്‍ഷം ലൈസന്‍സില്ലാതെ മസാജ് സേവനങ്ങള്‍ നല്‍കിവന്ന 91 അപ്പാര്‍ട്ട്മെന്റുകള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. കൊള്ളയും കൊലപാതകവും ഉള്‍പ്പെടെയുള്ള ഗുരുതരമായ ഭീഷണികള്‍ ഉയര്‍ത്തുന്ന ഇത്തരം വ്യാജ മസാജ് സെന്ററുകളുടെ സേവനങ്ങള്‍ തേടുന്നതിനെതിരെ ദുബായ് നിവാസികള്‍ക്ക് ദുബായ് പോലീസ് ജനറല്‍ കമാന്‍ഡ് മുന്നറിയിപ്പ് നല്കി.
ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തെ ചെറുക്കുന്നതിന് ദുബായ് പോലീസ് നിരവധി പ്രചാരണങ്ങളും ബോധവത്കരണ ക്യാംപയിനുകളും നടത്തിയതായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ ജമാല്‍ സാലിം അല്‍ ജലാഫ് പറഞ്ഞു. എന്നിട്ടും ഇവരുടെ കെണിയില്‍ പെട്ട് അക്രമത്തിന് ഇരയാവുകയും പണം കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന സംഭവം ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇത്തരം കേന്ദ്രങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനുള്ള ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ ദുബായ് പോലിസ് തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.വാഹനങ്ങളില്‍ മസാജ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇങ്ങനെ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന നികവധി പേരെ ഇതിനകം അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ഇത്തരം കേന്ദ്രങ്ങളെ കണ്ടെത്തി നശിപ്പിക്കുകയെന്നത് പൊതു സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തില്‍ ദുബായ് പോലീസിനെ സഹായിക്കാന്‍ പൊതുസമൂഹം രംഗത്തുവരണമെന്നും ദുബായ് സിഐഡി ഡയറക്ടര്‍ ആവര്‍ത്തിച്ചു. ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവരും നിര്‍ത്തിയിട്ട വാഹനങ്ങളിലും മറ്റും മസാജ് കാര്‍ഡുകള്‍ തിരുകി വയ്ക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നവരും ഇക്കാര്യം പോലീസിനെ വിവരം അറിയിക്കണം. 901 എന്ന നമ്പറില്‍ വിളിച്ചോ ദുബായ് പോലീസ് സ്മാര്‍ട്ട് ആപ്പിലെ 'പോലീസ് ഐ' സേവനം ഉപയോഗിച്ചോ വിവരം അറിയിക്കാം. ലൈസന്‍സുള്ള മസാജ് സെന്ററുകള്‍ ദുബായ് ഇക്കണോമിക് ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്തവയാണെന്നും സേവനം തേടാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അല്‍ ജല്ലാഫ് ഓര്‍മിപ്പിച്ചു.
മസാജ് കാര്‍ഡുകള്‍ വഴിയും സോഷ്യല്‍ മീഡിയ ഉപയോഗിച്ചുമാണ് ഇത്തരം തട്ടിപ്പു കേന്ദ്രങ്ങള്‍ ഇരകളെ വലയിലാക്കുന്നത്. വാട്ട്സാപ്പ് വഴി ചാറ്റ് ചെയ്ത ശേഷം മസാജ് സേവനം വാഗ്ദാനം ചെയ്യുകയും എന്നാല്‍ ഫ്ളാറ്റിലെത്തിയാല്‍ സംഘം ചേര്‍ന്ന് അക്രമിച്ച ശേഷം നഗ്നനാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. എടിഎം കാര്‍ഡുകളുടെ പിന്‍നമ്പര്‍ കൈക്കലാക്കി പണം പിന്‍വലിക്കുന്ന കേസുകളും നിരവധിയാണ്. മാനഹാനി ഭയന്നും പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിച്ചും പലരും സംഭവം പുറത്തുപറയാനോ പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യാനോ തയ്യാറാകാറില്ല. തട്ടിപ്പ് സംഘത്തിന്റെ ധൈര്യവും അതുതന്നെയാണ്. എന്നിരുന്നാലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ പോലീസ് തട്ടിപ്പുസംഘങ്ങളെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ക്ക് വിധേയരാക്കാറുണ്ട്. ഇത്തരം മസാജ് പാര്‍ലര്‍ തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് വീണ്ടും മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
0 Comments