Flash News

6/recent/ticker-posts

വിരുന്നിന് വരില്ല; ഗവര്‍ണറുടെ ക്ഷണം തള്ളി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും.

Views

തിരുവനന്തപുരം∙ രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പ്രതിപക്ഷ നേതാവും ചടങ്ങിൽ പങ്കെടുക്കില്ല. സ്പീക്കര്‍ പങ്കെടുത്തേക്കും. ഈ മാസം14ന് വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കണമെന്നായിരുന്നു ഗവർണറുടെ ക്ഷണക്കത്തിൽ ഉണ്ടായിരുന്നത്. കേക്ക് മുറിക്കൽ അടക്കമുള്ള ചടങ്ങുകളും നിശ്ചയിച്ചിരുന്നു. സർക്കാരുമായി തർക്കം തുടരുന്ന ഗവർണറുടെ ക്ഷണം സ്വീകരിക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ തവണ മതമേലധ്യക്ഷൻമാരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണറുടെ ക്രിസ്മസ് ആഘോഷം. ഇത്തവണ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിരുന്നു. സർക്കാരുമായി പരസ്യമായ ഏറ്റമുട്ടൽ നടക്കുമ്പോഴായിരുന്നു ക്ഷണം. തർക്കങ്ങൾക്ക് അയവു വരുന്നതിന്റെ സൂചനയായി ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള ക്ഷണം വിലയിരുത്തപ്പെട്ടെങ്കിലും വിട്ടുവീഴ്ച വേണ്ടെന്നു സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഗവർണർ ക്ഷണിച്ചാൽ മറ്റു പരിപാടികൾ മാറ്റിവച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലെത്തുന്നതായിരുന്നു പതിവ്. എന്നാൽ, തർക്കത്തെ തുടർന്ന് പതിവുകളെല്ലാം തെറ്റി. ഓണാഘോഷത്തിന് തന്നെ ക്ഷണിക്കാത്തതിൽ ഗവർണർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമസഭ 13നാണ് അവസാനിക്കുന്നത്. അതിനാലാണ് 14ന് ആഘോഷം സംഘടിപ്പിക്കാൻ രാജ്ഭവൻ തീരുമാനിച്ചത്. കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാൻ ഗവർണർ നിർദേശിച്ചിട്ടുണ്ട്.


Post a Comment

1 Comments

  1. നമ്മുടെ മന്ത്രിമാരുടെ മനസ്സുകളും നമ്മുടെ ഗവർണരുടെ മനസ്സും തമ്മിലുള്ള അന്തരം ഏതൊരു സാധാരണമനുഷ്യർക്കും ഗോചരമാകുന്ന സംഭവമായിപ്പോയി ഈ വിരുന്ന് ബഹിഷ്കരണം . കേരളീയരുടെ രാഷ്ട്രീയപ്രബുദ്ധതക്കും സാമാന്യബോധത്തിനും സംസ്കാരത്തിനും കളങ്കമേല്പിച്ച ഒരു ചരിത്രസംഭവമായി കാലം ഈ സംഭവത്തെ രേഖപ്പെടുത്തിവെക്കും .

    ReplyDelete