Flash News

6/recent/ticker-posts

മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥ; വൈറൽ പനി വീണ്ടും പണി തുടങ്ങി

Views
മലപ്പുറം: ശൈത്യ കാലത്തിന് പിന്നാലെ വൈറൽ പനി വീണ്ടും പണി തുടങ്ങി. രോഗം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം കൂടുന്നുണ്ട്. മഴക്കാലത്ത് പനി ബാധിതരുടെ എണ്ണം കൂടാറുണ്ടെങ്കിലും മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥയാണ് ഇപ്പോൾ രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നത്. തൊണ്ട വേദനയോടെ കൂടിയ പനിയും തലവേദനയും ജലദോഷവും ആയാണ് ചികിത്സ തേടുന്നത്. ഒരാഴ്ചക്കിടെ 9,411 പേർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ വൈറൽ പനിക്ക് ചികിത്സ തേടി. ദിവസം ശരാശരി 1,300ന് മുകളിൽ പേർ. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം കൂടി കൂട്ടിയാൽ ഇതിന്റെ ഇരട്ടിയിലധികം വരും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത് മലപ്പുറത്താണ്.

*വിടാതെ ഡെങ്കി*

ജില്ലയെ ഡെങ്കിപ്പനി വിടാതെ പിടികൂടുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ 26 പേർ ഡെങ്കി ലക്ഷണങ്ങളോടെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. ആനക്കയം, തൃക്കലങ്ങോട്, കുഴിമണ്ണ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ ഒരാൾക്കും മമ്പാട്, വഴിക്കടവ് എന്നിവിടങ്ങളിൽ രണ്ട് പേർക്കുമാണ് ഡെങ്കി സ്ഥിരീകരിച്ചത്. പനി, ശരീരവേദന, സന്ധിവേദന, ശക്തമായ തലവേദന, വിറയൽ, ക്ഷീണം എന്നീ ലക്ഷണങ്ങളോടെയാണ് ഇവർ ചികിത്സ തേടിയത്.

*എലിപ്പനിയുമുണ്ട് കൂടെ*

എലിപ്പനി സംശയിച്ച് ആറുപേർ ചികിത്സ തേടിയപ്പോൾ മൂന്ന് പേർക്ക് രോഗം സ്ഥീരികരിച്ചു. പാണ്ടിക്കാട്, ചെറുകാവ്, മക്കരപ്പറമ്പ് എന്നിവിടങ്ങളിലാണിത്. ശക്തമായ വിറയലോടെയുള്ള പനി, ശരീര വേദന, ഛർദ്ദി, കണ്ണിന് ചുവപ്പ്, മനംപുരട്ടൽ, കണങ്കാലിൽ വേദന എന്നിവ എലിപ്പനിയുടെ ലക്ഷണങ്ങളാവാം. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് അഞ്ച് പേർ ചികിത്സ തേടിയിട്ടുണ്ട്. സ്വയംചികിത്സയ്ക്ക് മുതിരാതെ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയാൽ ഡെങ്കിയും എലിപ്പനിയും ഗുരുതരമാവാതെ രക്ഷപ്പെടാനാവുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പേകുന്നു.


Post a Comment

0 Comments