Flash News

6/recent/ticker-posts

ജിന്ന് ബാധ ഒഴിപ്പിക്കുന്നതിനായി മന്ത്രവാദം; ഫാത്തിമയുടെ രണ്ടാം വിവാഹം, അനീഷ് കൂടെ നടന്ന് മന്ത്രങ്ങൾ ചൊല്ലും; വാൾ കൊണ്ട് വെട്ടി

Views
ആലപ്പുഴ∙ മാവേലിക്കരയിൽ യുവതിയെ ‘ജിന്ന്’ ബാധിച്ചെന്ന് ആരോപിച്ച് ഒഴിപ്പിക്കുന്നതിനായി മന്ത്രവാദം നടത്തിയ സംഭവത്തിൽ യുവതിയെ വാൾ ഉപയോഗിച്ച് മുറിപ്പെടുത്താൻ വരെ ശ്രമിച്ചെന്ന് പൊലീസ്. ക്രൂരകൃത്യത്തിന് ഇരയായ ഫാത്തിമ (25) നൂറനാട് പൊലീസിനു നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്.

കേസിൽ ഭർത്താവ് ഉൾപ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവ് അടൂർ പഴകുളം ചിറയിൽ കിഴക്കതിൽ അനീഷ് (34), ബന്ധുക്കളായ താമരക്കുളം സൗമ്യ ഭവനത്തിൽ ഷാഹിന (23), താമരക്കുളം സൗമ്യ ഭവനത്തിൽ ഷിബു (31), മന്ത്രവാദികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീൻ മൻസിലിൽ അൻവർ ഹുസൈൻ (28), കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദീൻ മൻസിലിൽ ഇമാമുദീൻ (35), പുനലൂർ തിങ്കൾക്കരിക്കം ചന്ദനക്കാവ് ബിലാൽ മൻസിലിൽ സുലൈമാൻ (52) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

ഓഗസ്റ്റ് മുതൽ മൂന്നു തവണ മന്ത്രവാദം നടത്തിയതായി പൊലീസ് പറഞ്ഞു. യുവതിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്ന വള്ളികുന്നം മങ്ങാരത്തെ വീട്ടിൽവച്ച് ആദ്യമായി മന്ത്രവാദം നടത്തിയപ്പോഴാണ് വാൾ ഉപയോഗിച്ച് മുറിപ്പെടുത്താൻ ശ്രമിച്ചത്. രണ്ടാമത്തെ തവണ പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച് എല്ലാവരും ചേർന്ന് മാരകമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് ഫാത്തിമയുടെ മൊഴി.

ഈ മാസം 11ന് ആദിക്കാട്ടുകുളങ്ങരയിലെ വാടകവീട്ടിലെത്തിച്ചു മൂന്നാമതും മന്ത്രവാദം തുടർന്നു. ഒരു റബ്ബർ തോട്ടത്തിന് നടുവിലാണ് ഈ വീട് സ്ഥിതി ചെയ്തിരുന്നത്. അതിനാൽ വീട്ടിൽ നടക്കുന്ന യാതൊരു സംഭവങ്ങളും പുറം ലോകം അറിഞ്ഞിരുന്നില്ല. ഇവിടെ വച്ച് ഫാത്തിമയെ ബലാൽക്കാരമായി ദുർമന്ത്രവാദ ക്രിയകൾ നടത്തുകയും എതിർത്തപ്പോൾ  ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനത്തെതുടർന്ന് അവശയായ ഫാത്തിമ ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് നൂറനാട് പൊലീസിനെ സമീപിച്ചത്.

തിരുവനന്തപുരം ടെക്നോപാർക്കിൽ ഉൾപ്പെടെ ജോലി ചെയ്തിരുന്ന ഫാത്തിമയുടെ രണ്ടാം വിവാഹമായിരുന്നു അനീഷുമായിട്ടുള്ളത്. അന്ധവിശ്വാസിയായ അനീഷ് ഭാര്യയുടെ ദോഷങ്ങൾ മാറാനെന്ന വ്യാജേന വീട്ടിലുള്ള സമയം കൂടെ നടന്ന് മന്ത്രങ്ങൾ ചൊല്ലുകയും ഓതുകയും പതിവായിരുന്നു. ഇതു ചോദ്യം ചെയ്തപ്പോൾ ഫാത്തിമയുടെ ദേഹത്ത് ജിന്ന് കയറിയെന്നും അത് ഒഴിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞാണ് മന്ത്രവാദം ആരംഭിച്ചത്.

എതിർത്തപ്പോൾ പ്രതികൾ എല്ലാവരും ചേർന്ന് ഫാത്തിമയെ കെട്ടിയിട്ട് അടിക്കുകയും വലിച്ചിഴക്കുകയും മാരകമായി ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് ഫാത്തിമ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ദുർമന്ത്രവാദം സമീപവാസികൾ ആരെങ്കിലും ചോദ്യംചെയ്താൽ ഫാത്തിമയ്ക്ക് ഭ്രാന്താണെന്നാണ് ഇവർ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നത്.

അന്ധവിശ്വാസികളായ പ്രതികൾ, ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്ന് ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചശേഷം പരിഹാരമായി ദുർമന്ത്രവാദം ചെയ്യുക പതിവായിരുന്നുവെന്ന് നൂറനാട് സിഐ പി. ശ്രീജിത്ത് പറഞ്ഞു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിഐ പി. ശ്രീജിത്ത്, എസ്ഐ നിധീഷ്, ജൂനിയർ എസ്ഐ ദീപു പിള്ള, എസ്ഐ രാജീവ്, എഎസ്ഐ പുഷ്പൻ, സിപിഒമാരായ ശ്രീകല, പ്രസന്ന,രതീഷ്, അരുൺ, സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Post a Comment

0 Comments