Flash News

6/recent/ticker-posts

കസ്റ്റംസിനെ വെട്ടിക്കാന്‍ സ്വര്‍ണ്ണ മിശ്രിതം, ഒളിപ്പിക്കാന്‍ അടിവസ്ത്രം, സ്വര്‍ണ്ണക്കടത്ത് ഇപ്പോള്‍ വേറെലെവല്‍

Views


ഒരു കോടിയുടെ സ്വര്‍ണവുമായി ഏതാനും ദിവസം മുമ്പാണ് കാസര്‍കോഡ് സ്വദേശി മറിയം ഷഹല കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് പിടിയിലായത്. അടിവസ്‍ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത നിലയിലായിരുന്നു യുവതി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയില്‍ ഇവര്‍ പിടിക്കപ്പെട്ടില്ല. എന്നാല്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പൊലീസ് ഇവരെ പിടികൂടി. മണിക്കൂറുകള്‍ ചോദ്യം ചെയ്തെങ്കിലും ഷഹല സ്വര്‍ണം കടത്തുന്ന കാര്യം സമ്മതിച്ചില്ല. പിന്നീട് ലഗേജുകള്‍ പരിശോധിച്ചപ്പോഴും സ്വര്‍ണമുണ്ടായിരുന്നില്ല. ഏറ്റവുമൊടുവില്‍ ദേഹപരിശോധന നടത്തിയപ്പോഴാണ് അടിവസ്‍ത്രത്തിനുള്ളില്‍ മിശ്രത രൂപത്തിലുള്ള സ്വര്‍ണം ഒളിപ്പിച്ചത് കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകളിലായി 1800 ഗ്രാമിലധികം സ്വര്‍ണമാണ് ഇങ്ങനെ ഷഹല കൊണ്ടുവന്നത്.

സ്‍ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നത് ആദ്യ സംഭവമല്ലെങ്കിലും 19 വയസുകാരി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായത് മുമ്പ് കേട്ടിട്ടില്ലാത്ത സംഭവമായിരുന്നു. ദുബൈയിലുള്ള പിതാവിന്റെ അടുത്ത് വിസിറ്റിങ് വിസയില്‍ പോയി വന്ന യുവതിയെ സ്വര്‍ണക്കടത്ത് സംഘം കാരിയറാക്കുകയായിരുന്നുവെന്നാണ് വിവരം. ഒരു സുഹൃത്താണ് 60,000 രൂപയാണ് പ്രതിഫലം വാഗ്ദാനം ചെയ്‍ത് സ്വര്‍ണം കൊടുത്തു വിട്ടത്.  ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നും ഷഹല മൊഴി നല്‍കി. ഇവരെ പിന്നീട് വിട്ടയച്ചു.  കേസില്‍ അന്വേഷണം തുടരുകയാണ്. ഈ സ്വര്‍ണം പൊലീസ് കോടതിയില്‍ കൈമാറും.

കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി വരുന്നവരില്‍ നിന്ന് പൊലീസ് സ്വര്‍ണം പിടികൂടുന്ന 87-ാമത്തെ കേസായിരുന്നു ഇതെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകലും അക്രമങ്ങളും പതിവാക്കിയപ്പോള്‍ ഈ വര്‍ഷം ജനുവരിയിലാണ് കരിപ്പൂര്‍ പൊലീസ് ഹെല്‍പ് ഡെസ്‍ക് തുറന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ രാമനാട്ടുകരയില്‍ അഞ്ച് യുവാക്കള്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതിന് പിന്നിലെ സ്വര്‍ണക്കടത്ത് ബന്ധവും പൊലീസിന്റെ ഈ നീക്കത്തിന് കാരണമായി. കസ്റ്റംസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങുന്ന യാത്രക്കാരില്‍ നിന്ന് പൊലീസ് സ്വര്‍ണം പിടികൂടുകയാണെങ്കിലും തുടരന്വേഷണം കസ്റ്റംസിന്റെ ചുമതലയാണ്.

സ്ഥിരം കടത്തുകാര്‍ കളമൊഴിഞ്ഞു, ഇപ്പോള്‍ പ്രിയം സാധാരണക്കാര്‍ക്ക്
ഒരു കിലോഗ്രാം സ്വര്‍ണം വിദേശത്തു നിന്ന് കേരളത്തില്‍ എത്തിച്ചാല്‍ ഏഴ് ലക്ഷം രൂപ വരെയാണ് കാരിയര്‍മാര്‍ക്ക് കമ്മീഷന്‍ വാഗ്ദാനം ചെയ്യുന്നത്. ഇറക്കുമതി തീരുവയും ജി.എസ്.ടിയും വെട്ടിച്ച് കൊള്ളലാഭം കൊയ്യാമെന്നതിനാല്‍ വന്‍തുക ഓഫര്‍ ചെയ്യാന്‍ കടത്തുസംഘങ്ങള്‍ക്ക് മടിയില്ല. സ്ഥിരം കടത്തുകാര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളികളായതോടെ വന്‍ തുകയുടെ ഓഫറുകള്‍ നല്‍കി സാധാരണ യാത്രക്കാരെയാണ് ഇപ്പോള്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നത്. കാലം മാറിയപ്പോള്‍ കടത്ത് രീതികളും മാറി. എന്നാല്‍ അതിനനുസരിച്ച് പരിശോധനാ സംവിധാനങ്ങളിലും ഉപകരണങ്ങളിലും മാറ്റം വരുന്നില്ല. ക്യാപ്‍സൂള്‍ രൂപത്തില്‍ ശരീരത്തിലൊളിപ്പിക്കുന്ന സ്വര്‍ണം കണ്ടെത്താന്‍ പോലും ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തേണ്ടി വരും.

സ്വര്‍ണം പ്രത്യേക മിശ്രിതത്തില്‍ കലര്‍ത്തി സാന്ദ്രത കുറച്ച് കൊണ്ടുവരുന്നത് പലപ്പോഴും വിമാനത്താവളത്തിലെ മെറ്റല്‍ ഡിറ്റക്ടറുകളില്‍ പിടിക്കപ്പെടില്ല. വിമാനത്താവളത്തിലെ ദേഹ പരിശോധനയില്‍ നിന്നു കൂടി വിദഗ്ധമായി രക്ഷപെട്ട് പുറത്തിറങ്ങുന്നവര്‍ അനവധിയുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. മെറ്റല്‍ ഡിറ്റക്ടറുകളെ കബളിപ്പിക്കാനുള്ള വഴികള്‍ കള്ളക്കടത്തുകാര്‍ സ്വീകരിച്ച് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറേ ആയെന്നതിന് തെളിവുകളും കസ്റ്റംസിന്റെ കൈവശം തന്നെയുണ്ട്. നാല് കൊല്ലം മുമ്പ് കരിപ്പൂരില്‍ പ്രോട്ടീന്‍ പൗഡറില്‍ കലര്‍ത്തി കുഴമ്പ് രൂപത്തിലാക്കി കൊണ്ടുവന്ന സ്വര്‍ണം ശരീരത്തില്‍ കെട്ടിവെച്ച് കൊണ്ടുവന്നയാള്‍ അത്യാധുനിക മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന പുല്ലുപോലെ മറികടന്നു. പിന്നീട് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ദേഹപരിശോധന നടത്തിയാണ് സ്വര്‍ണം പിടികൂടിയത്. ഒരു കിലോ സ്വര്‍ണമാണ് അന്ന് കടത്തിയത്. ആ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനും അന്ന് കസ്റ്റംസുകാര്‍ പാടുപെട്ടു.

കാലത്തിനൊത്ത് മാറിയ കടത്തു രീതികള്‍
ബിസ്‍കറ്റ് രൂപത്തിലാക്കി ലഗേജില്‍ ഒളിപ്പിച്ച് സ്വര്‍ണം കൊണ്ടുവരുന്നതായിരുന്നു സ്വര്‍ണക്കടത്തിലെ ഏറ്റവും പഴഞ്ചന്‍ രീതി. കോഫി മേക്കറും മിക്സിയും എമര്‍ജന്‍സി ലൈറ്റും പോലുള്ള ഗൃഹോപകരണങ്ങളില്‍ ഒളിപ്പിച്ച് കൊണ്ടുവരുന്നതും ചെരിപ്പിനുള്ളില്‍ പ്രത്യേത അറയുണ്ടാക്കി അതിനകത്ത് സ്വര്‍ണം ഒളിപ്പിക്കുന്നതും വാച്ചിനുള്ളിലാക്കി സ്വര്‍ണം കടത്തുന്നതുമൊക്കെയായിരുന്നു കുറച്ച് നാള്‍ മുമ്പ് വരെ കേട്ടിരുന്നത്. പിന്നീട് കടലാസിനേക്കാള്‍ ഘനം കുറച്ച ഷീറ്റുകളാക്കി ഹാര്‍ഡ് ബോര്‍ഡ് പെട്ടിയ്ക്കുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കൊണ്ടുവന്നിരുന്നു. ശീതള പാനീയമുണ്ടാക്കാനായി ഗള്‍ഫില്‍ നിന്ന് സ്ഥിരമായി ആളുകള്‍ കൊണ്ടുവരുന്ന ഒരു പൊടിയുടെ ജാറില്‍ സ്വര്‍ണത്തിന്റെ പൊടി കൂടി കലര്‍ത്തിയും ന്യൂട്ടെല്ല പോലുള്ള ഭക്ഷ്യ വസ്‍തുക്കളിലും മാംഗോ പള്‍പ്പിലും സ്വര്‍ണം കലര്‍ത്തി കൊണ്ടുവന്നിരുന്നവരെയും പല വിമാനത്താവളങ്ങളിലായി പിടികൂടിയിട്ടുണ്ട്. സൈക്കിളുകളുടെ ഫ്രെയിമിനുള്ളിലും വാഹനങ്ങളുടെ പാര്‍ട്‍സുകള്‍ക്കുള്ളിലും കുടകള്‍ പോലുള്ള മറ്റ് സാധനങ്ങള്‍ക്കുള്ളിയും കൊണ്ടുവന്ന സ്വര്‍ണം പിടികൂടിയതിന് കണക്കില്ല.

ശരീരത്തിലെ ആ വലിയ സാധ്യത
ഇതോടൊപ്പം ശരീരത്തിലെ ഏതെല്ലാം ഭാഗങ്ങളില്‍ എങ്ങനെയൊക്കെ സ്വര്‍ണം ഒളിപ്പിക്കാമെന്ന് പ്രത്യേക ഗവേഷണം തന്നെ സ്വര്‍ണക്കടത്തുകാര്‍ നടത്തിയിട്ടുണ്ടാവും. ഒരു കാലിന്റെ പാദത്തില്‍ ഒരു കിലോഗ്രാം വീതം രണ്ട് കിലോ സ്വര്‍ണം കൊണ്ടുവന്നിരുന്നവരെ കൊച്ചിയില്‍ പിടികൂടിയിയിട്ടുണ്ട്. മുട്ടിലും തുടയിലുമൊക്കെ സ്വര്‍ണം ഒളിപ്പിച്ചിരുന്നവരും അടിവസ്‍ത്രങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചുകൊണ്ടു വന്ന സ്‍ത്രീകളെയും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. തലയിലെ മുടി വടിച്ചുമാറ്റിയ ശേഷം അവിടെ സ്വര്‍ണം നിറച്ച് അതിനും മുകളില്‍ വിഗ് വെച്ച് കൊണ്ടുവന്നവരുമുണ്ടായിരുന്നു.

ഇതിനും പുറമെയാണ് സ്‍ത്രീകളുടെയും പുരുഷന്മാരുടെയും ശരീരങ്ങളിലെ എല്ലാ രഹസ്യ ഭാഗങ്ങള്‍ക്കുള്ളിലും സ്വര്‍ണം ഒളിപ്പിച്ചുകൊണ്ടുവരുന്നവര്‍. ഇതില്‍ ഏറ്റവും വലുതാണ് മലദ്വാരം വഴിയുള്ള സ്വര്‍ണക്കടത്ത്. നാല് ക്യാപ്‍സ്യൂളുകള്‍ വരെയാക്കി ഏകദേശം 800 മുതല്‍ 900 ഗ്രാം വരെ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കൊണ്ടുവരുന്നവരുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പുരുഷന്മാരാണ് ഇക്കാര്യത്തില്‍ കൂടുതലെങ്കിലും സ്‍ത്രീകളെയും പിടികൂടിയിട്ടുണ്ട്. ഒന്നര വയസുള്ള കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയ സംഭവവും കൊച്ചി വിമാനത്താവളത്തില്‍ ഉണ്ടായിട്ടുണ്ട്.

എങ്ങനെയും വരാം സ്വര്‍ണം, പിന്തുണയും അകത്തു തന്നെ
ഏത് രൂപത്തില്‍ സ്വര്‍ണം വരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പോലും നിശ്ചയമില്ലാത്ത സ്ഥിതിയാണ് നിലവില്‍. കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി ജീവനക്കാരുടെയും പിന്തുണയില്ലാതെ നിര്‍ബാധം ഇങ്ങനെ സ്വര്‍ണക്കടത്ത് നടത്താന്‍ സാധിക്കുമോ എന്ന് സംശയിക്കുന്നവരും കുറവല്ല. കരിപ്പൂരില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു യാത്രക്കാരന്‍ കൊണ്ടുവന്ന അഞ്ച് കിലോഗ്രാം സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ ശ്രമിച്ച രണ്ട് വിമാനക്കമ്പനി ജീവനക്കാരെ കസ്റ്റംസ് പിടികൂടിയിരുന്നു. രണ്ടര കോടി വിലവരുന്ന സ്വര്‍ണം ഒരു സ്യൂട്ട് കേസില്‍ വിദേശത്തു നിന്ന് എത്തുകയും ഇന്റിഗോ വിമാനക്കമ്പനിയിലെ രണ്ട് ജീവനക്കാര്‍ ഈ ലഗേജില്‍ ഇന്റര്‍നാഷണല്‍ ടാഗ് മാറ്റി ആഭ്യന്തര ടാഗ് പതിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

കസ്റ്റംസ് പരിശോധന ഒഴിവാക്കി ലഗേജ് എളുപ്പത്തില്‍ പുറത്തെത്തിക്കാനായിരുന്നു ഇത്തരമൊരു നീക്കം. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജീവനക്കാരെ പിടികൂടിയെങ്കിലും യാത്രക്കാരന്‍ വിമാനത്താവളത്തില്‍ നിന്ന് അപ്പോഴേക്ക് കടന്നുകളഞ്ഞു. യാത്രക്കാരന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ ലഗേജ് തുറക്കാനാവൂ എന്നുള്ളതിനാല്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും എത്താത്തതിനാല്‍ സാക്ഷികളുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ ലഗേജ് തുറന്ന് പരിശോധിച്ചപ്പോള്‍ അഞ്ച് കിലോയോളം സ്വര്‍ണ മിശ്രിതമാണ് അതിലുണ്ടായിരുന്നത്. പിടിയിലായ രണ്ട് ജീവനക്കാരും നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തിരുന്നതായി അന്വേഷണത്തില്‍ മനസിലായി.

വിമാനക്കമ്പനി ജീവനക്കാര്‍ക്ക് പുറമെ കസ്റ്റംസ് സൂപ്രണ്ടും കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് പിടിയിലായിട്ടുണ്ട്. യാത്രക്കാരന്‍ കൊണ്ടുവന്ന സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിച്ച മുനിയപ്പ എന്ന സൂപ്രണ്ടാണ് പിടിയിലായത്. സ്വര്‍ണം പുറത്തെത്തിച്ചു കൊടുത്ത ശേഷം പണം വാങ്ങുകയായിരുന്നു ഇയാളുടെ രീതി. കരിപ്പൂരിലിറങ്ങിയ രണ്ട് യാത്രക്കാര്‍ സ്വര്‍ണം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം വിമാനത്താവളത്തിന് പുറത്ത് ഇവരെ ചോദ്യം ചെയ്‍തെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല.


ഇതിനിടെ ഇവരുടെ ഫോണിലേക്ക് നിരവധി തവണ കസ്റ്റംസ് സൂപ്രണ്ടിന്റെ കോള്‍ വന്നു. ഇത് പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കസ്റ്റംസ് സൂപ്രണ്ടില്‍ നിന്ന് 320 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. 25,000 രൂപയാണ് ഇതിന് പ്രതിഫലം വാങ്ങിയത്. നേരത്തെയും സ്വര്‍ണം കടത്താന്‍ ഇയാള്‍ സഹായം ചെയ്തിരുന്നു. സൂപ്രണ്ടിന്റെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലും പണവും ചിലരുടെ പാസ്‍പോര്‍ട്ടുകളും കണ്ടെത്തി. നേരത്തെയും സമാനമായ പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ കരിപ്പൂരില്‍ സസ്‍പെന്‍ഡ് ചെയ്തിരുന്നു.

കടത്തിനുള്ളിലെ ചതിയും വഞ്ചനയും ചോര ചിന്തുമ്പോള്‍
സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണം ചോര്‍ന്നു കിട്ടുന്ന വിവരങ്ങള്‍ പിന്തുടര്‍ന്ന് പ്രത്യേക വ്യക്തികളെ ടാര്‍ഗറ്റ് ചെയ്ത് പരിശോധിക്കുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ സ്വര്‍ണക്കടത്ത് പിടികൂടുന്നത്. സ്വര്‍ണക്കടത്തും കഴിഞ്ഞ് അതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും തട്ടിക്കൊണ്ടുപോകലുകളും ഒരുപടി കൂടി കടന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം കൈമാറാതെ മറിച്ചുവില്‍ക്കുന്ന കടത്തുകാരുമൊക്കെയാണ് ഇപ്പോഴത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍.


ഒരാഴ്ച മുമ്പാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയ വയനാട് സ്വദേശിനിയായ യുവതി സ്വര്‍ണവുമായി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയത്. വയനാട് സ്വദേശിക്ക് വേണ്ടിയാണ് യുവതി സ്വര്‍ണം കടത്തിക്കൊണ്ട് വന്നിരുന്നതെങ്കിലും അത് വഴിക്ക് വെച്ച് തട്ടിയെടുക്കാനും വീതിച്ചെടുക്കാനും രണ്ട് യുവാക്കളുമായി ചേര്‍ന്ന് യുവതി പദ്ധതി തയ്യാറാക്കി. എന്നാല്‍ ഇവരുടെ വാഹനത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. സ്വര്‍ണം കൈമാറാതെ മുങ്ങിയവരെ പിന്നീട് തട്ടിക്കൊണ്ട് പോകുന്നതും ക്രൂരമായി മര്‍ദിക്കുന്നതുമായ സംഭവങ്ങള്‍ നാട്ടില്‍ നിന്നു മാത്രമല്ല ഗള്‍ഫില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഈ ധൈര്യത്തിന് പിന്നിലെന്ത്?
അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവില, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ സ്വര്‍ണ വില, നാട്ടിലെ വിലയേക്കാള്‍ കാര്യമായി കുറയുമ്പോഴാണ് സ്വര്‍ണക്കടത്ത് കുടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കുറ‌ഞ്ഞ സമയം കൊണ്ട് വലിയ ലാഭമുണ്ടാക്കാനുള്ള സാധ്യതയായി കാണുന്നവരാണ് സ്വര്‍ണക്കടത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍. അഴിമതിയിലൂടെയും കള്ളപ്പണ ഇടപാടിലൂടെയും സമ്പാദിക്കുന്ന പണം വിദേശത്തേക്ക് അനധികൃതമായി എത്തിക്കുകയും അവിടെ നിന്ന് അത് സ്വര്‍ണമാക്കി തിരിച്ചെത്തിച്ച് സൂക്ഷിക്കുകയും ചെയ്യുന്നവരുമുണ്ട്. പിടിക്കപ്പെടുന്നവരില്‍ 99 ശതമാനവും കാരിയര്‍മാരാണ്. ആരാണ് അയക്കുന്നതെന്നും ആര്‍ക്കാണ് ഇവ എത്തിച്ചേരുന്നതെന്നും വ്യക്തമാവാറില്ല.

ഇനി കടത്തുകാര്‍ പിടിയിലായാല്‍ തന്നെ ഒരു കോടി രൂപയില്‍ താഴെ മൂല്യം വരുന്ന സ്വര്‍ണമാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ഇവര്‍ക്ക് ജാമ്യം നല്‍കുന്ന തരത്തിലാണ് നിയമം. അതിന് മുകളില്‍ മൂല്യമുള്ളതാണെങ്കില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കും. ദിവസങ്ങള്‍ക്കകം തന്നെ സാധാരണ നിലയില്‍ ഇവര്‍ക്ക് ജാമ്യവും ലഭിക്കും. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയിലാണ് പിന്നീട് വര്‍ഷങ്ങള്‍ നീളുന്ന വിചാരണ നടക്കുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ സ്വര്‍ണക്കടത്ത് കേസുകളിലെ ശിക്ഷാ നിരക്കും കുറവാണ്.



Post a Comment

0 Comments