Flash News

6/recent/ticker-posts

ഫ്രാൻസുമായുള്ള വേൾഡ്കപ്പ് ഫൈനലിന് മുന്നോടിയായി എമിലിയാനോ മാർട്ടിനെസും ലയണൽ സ്കെലോണിയും നടത്തിയ പത്രസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ

Views
എമിലിയാനോ മാർട്ടിനെസ് : 

"വേൾഡ്കപ്പ് ഫൈനലിൽ എത്തിയത് ഇപ്പോഴും എനിക്ക് അത്ഭുതമായാണ് തോന്നുന്നത്. സൗദിയോട് പരാജയപ്പെട്ടു തുടങ്ങിയ ഞങ്ങൾ ഓരോ മത്സരവും മെച്ചപ്പെടുത്തിയാണ് ഇവിടെ വരെ എത്തിയത്." 

"ഞങ്ങൾ വന്ന വഴികൾ വളരെയധികം ദുർഘടം നിറഞ്ഞതായിരുന്നു. പക്ഷെ ഞങ്ങളുടെ രാജ്യത്തെയും ആരാധകരെയും നിരാശപ്പെടുത്താൻ ഞങ്ങൾക്കു കഴിയുമായിരുന്നില്ല. ഇപ്പോൾ ഞങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയിരിക്കുന്നു." 

"ഫ്രാൻസ് ടീമിനെ പറ്റി ഞങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്. അവർക്ക് വളരെ മികച്ച മുന്നേറ്റനിരയും മികച്ച ഡിഫെൻസുമുണ്ട്" 

"പ്രവചനം നടത്തുന്നവരെ എനിക്ക് ഒട്ടും ഇഷ്ടമല്ല. ഞങ്ങൾ ഒരിക്കലും മികച്ചവരാണെന്നോ മോശമാണെന്നോ എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ഞാൻ എപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ ലയണൽ മെസ്സി എന്ന ലോകത്തിലെ ഏറ്റവും മികച്ച താരം നമ്മുടെ ടീമിലുള്ളത് ഒരല്പം മുൻ‌തൂക്കം നമുക്ക് നൽകുന്നുണ്ട്." 

"2021 കോപ്പ അമേരിക്കയിൽ കളിച്ച ലയണൽ മെസ്സിയെക്കാൾ മികച്ച കളിക്കാരനെ കാണുമെന്നു ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല. പക്ഷെ ഈ വേൾഡ്കപ്പിൽ അദ്ദേഹം അതിലും മികച്ച രീതിയിലാണ് കളിക്കുന്നത്." 

"അർജന്റീനയിൽ കളിക്കുന്ന അതേ അനുഭവമാണ് എനിക്ക് ഇവിടെ കളിക്കുമ്പോൾ ലഭിക്കുന്നത്. ആരാധകരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് ഞങ്ങൾ ഇവിടെ വരെയെത്തിയത്'." 

"ഇവിടെ വരെ ഞാൻ എങ്ങനെയെത്തി എന്നുള്ളതിനെ കുറിച്ച് ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. ഞാൻ എല്ലാഴ്പ്പോഴും ഒരു പോരാളി ആകാനാണ് ആഗ്രഹിച്ചത്. എന്റെ സ്വപ്നങ്ങളെ സഫലീകരിക്കാൻ ഞാൻ ഓരോ നിമിഷവും മികച്ചതാവാന് ശ്രമിക്കുന്നു."

ലയണൽ സ്കെലോണി : 

"ഫ്രാൻസിന് വളരെ മികച്ച താരങ്ങളുണ്ട്.  എംമ്പാപ്പേ വളരെ മികച്ച യുവതാരമാണ്. അദ്ദേഹത്തിന് ഇനിയും ഒരുപാട് മുന്നേറാൻ സാധിക്കും." 

"മത്സരത്തിലെ ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്. ഏത് നിമിഷവും എന്തും സംഭവിക്കാം. ഞങ്ങൾ അതിന് വളരെയധികം തയ്യാറായിട്ടു തന്നെയാണ് വന്നിട്ടുള്ളത്. അവരെ എങ്ങനെ ആക്രമിക്കണമെന്ന വ്യക്തമായ ധാരണ ഞങ്ങൾക്കുണ്ട്" 

"ഞാൻ ഫുട്ബോൾ മത്സരത്തോടു വളരെയധികം അഭിനിവേഷമുള്ളയാളാണ്. അതിലെ ഓരോ നിമിഷത്തിലും നമുക്ക് സന്തോഷം കണ്ടെത്താൻ സാധിക്കും. ഞങ്ങൾ ഇപ്പോൾ ഫൈനലിൽ എത്തിയിരിക്കുന്നു, പക്ഷെ പിന്നോട്ട് നോക്കുമ്പോൾ ഏറ്റവും മികച്ചതായി തോന്നുന്നത് ഇതിലേക്കുള്ള യാത്രയാണ്." 

"നമ്മുടെ ഈ യാത്രയിൽ ഒരുമിച്ച് ഉണ്ടായിരുന്ന, പക്ഷെ വേൾഡ്കപ്പ് അവസാന സ്‌ക്വാഡിൽ ഇടം പിടിക്കാൻ സാധിക്കാതിരുന്ന പലരും നാളെ മത്സരം കാണാൻ വരുന്നുണ്ട്. നിക്കോ ഡോമിംഗസ്, മാർട്ടിനെസ് ക്വാർട്ട, ലോ സെൽസോ, ജൂവാൻ മുസ്സോ, നിക്കോ ഗോൺസാലസ്, ഇവരൊക്കെ വരുന്നതിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു. ഞങ്ങൾ ഇത്രയധികം മുന്നോട്ട് എത്തിയതിൽ എല്ലാവരും അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്." 

"എനിക്ക് ഏറ്റവും നന്ദി പറയാനുള്ളത് ഞങ്ങളുടെ ആരാധകരൊടാണ്. ലോകത്തിലെ ഏറ്റവും മികച്ച ആരാധകരാണ് ഞങ്ങൾക്കുള്ളത്. അവർക്ക് ഓരോ മത്സരത്തിലും സന്തോഷം നൽകാൻ സാധിച്ചതിൽ ഞാൻ വളരെയധികം വികാരാധീനനാണ്." 

"ഫ്രാൻസിന് എതിരെ ആദ്യ ഇലവനിൽ ആരൊക്കെ ഇറങ്ങുമെന്നുള്ളത് ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. എങ്ങനെ മത്സരത്തെ സമീപിക്കണമെന്ന് വ്യക്തമായ ധാരണ ഞങ്ങൾക്കുണ്ട്. അവരെ ഏറ്റവും മികച്ച രീതിയിൽ പ്രഹരിച്ച ശേഷം പ്രതിരോധിക്കാൻ തന്നെയാവും ഞങ്ങൾ ശ്രമിക്കുക." 

"ലയണൽ മെസ്സിയുടെ അർജന്റീനക്ക് വേണ്ടിയുള്ള അവസാന മത്സരമാണിതെങ്കിൽ വിജയിച്ചു ചാമ്പ്യൻമാരായി തന്നെ വിടവാങ്ങൽ നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്." 

"ഞാൻ എല്ലാ താരങ്ങളോടുമാണ് നന്ദി പറയുന്നത്. അവരാണ് അർജന്റീനയെ ഇവിടെ വരെയെത്തിച്ചത്. എല്ലാ മൽസരങ്ങളിലും അവർ അവരുടെ ജീവൻ നൽകിയാണ് പോരാടിയത്. നാളെയും അവർ അവർക്കുള്ളതെല്ലാം നൽകി അവസാനവിജയം നേടി കിരീടം ചൂടുമെന്നു പ്രതീക്ഷിക്കുന്നു. ഇനി അത്  നേടാനായില്ലെങ്കിൽ പോലും അവർക്ക് അവരെ കുറിച്ച് വളരെയധികം അഭിമാനിക്കാം."



Post a Comment

0 Comments