Flash News

6/recent/ticker-posts

യൂറോപ്യൻ കരുത്തിലെ ആവേശപ്പോര്; ഒടുവിൽ ഇംഗ്ലണ്ടിനെ തകർത്ത് ഫ്രാൻസ് സെമിയിൽ

Views

ദോഹ ∙ ഒരു ഗോൾ പിന്നിൽ നിൽക്കെ സമനില ഗോൾ നേടാനുള്ള അവസരം കളഞ്ഞുകുളിച്ച് ക്യാപ്റ്റൻ ഹാരി കെയ്ൻ പെനൽറ്റി പാഴാക്കിയ ക്വാർട്ടർ പോരാട്ടത്തിൽ, ഇംഗ്ലണ്ടിനെ വീഴ്ത്തി ഫ്രാൻസ് തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ. പൊരുതിക്കളിച്ച ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് വീഴ്ത്തിയത്. ഫ്രാൻസിനായി ഔറേലിയൻ ചൗമേനി (17–ാം മിനിറ്റ്), ഒളിവർ ജിറൂദ് (78–ാം മിനിറ്റ്) എന്നിവർ ഗോൾ നേടി. ഇംഗ്ലണ്ടിന്റെ ആശ്വാസഗോൾ 54–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ക്യാപ്റ്റൻ ഹാരി കെയ്ൻ നേടി. ഒരു ലോകകപ്പിൽ കിരീടം നേടിയശേഷം തൊട്ടടുത്ത ലോകകപ്പിലും സെമിയിലെത്തുന്ന ആദ്യ ടീമാണ് ഫ്രാൻസ്.

ഡിസംബർ 14ന് ഇതേ വേദിയിൽ നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ വീഴ്ത്തിയാണ് മൊറോക്കോ ലോകകപ്പ് ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മൊറോക്കോയുടെ വിജയം.

െപനൽറ്റിയിലൂടെ ഒരു ഗോൾ നേടിയെങ്കിലും, ഇംഗ്ലണ്ടിന് ലഭിച്ച രണ്ടാം പെനൽറ്റി പുറത്തേക്കടിച്ചു കളഞ്ഞ ക്യാപ്റ്റൻ ഹാരി കെയ്നാണ് മത്സരത്തിലെ ദുരന്തനായകൻ. 82–ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന് സമനില നേടാൻ സുവർണാവസരമൊരുക്കി തുടർച്ചയായ രണ്ടാം പെനൽറ്റി ലഭിച്ചത്. പകരക്കാരനായി ഇറങ്ങിയ മേസൺ മൗണ്ടിനെ ഫ്രഞ്ച് താരം തിയോ ഹെർണാണ്ടസ് സ്വന്തം ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത ഹാരി കെയ്ൻ ഇക്കുറി പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറത്തി.

ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസിന്റെ ആദ്യ വിജയമാണിത്. മുൻപ് രണ്ടു തവണ കണ്ടുമുട്ടിയപ്പോഴും ഇംഗ്ലണ്ടിനായിരുന്നു ജയം. ലോകകപ്പ് വേദികളിൽ ആദ്യപകുതിയിൽ പിന്നിലായ ശേഷം ഒരിക്കൽപ്പോലും ജയിക്കാനായിട്ടില്ലെന്ന ചരിത്രം ആവർത്തിച്ച് ഇംഗ്ലണ്ട് പുറത്തായപ്പോൾ, ആദ്യപകുതിയിൽ ലീഡ് ചെയ്ത 25 മത്സരങ്ങളിൽ 24ഉം ജയിച്ച ചരിത്രം ആവർത്തിച്ച് ഫ്രാൻസ് സെമിയിലേക്ക്. ഇതോടെ, ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ക്വാർട്ടറിൽ പുറത്താകുന്ന ടീമെന്ന റെക്കോർഡും ഇംഗ്ലണ്ടിനായി. ഏഴാം തവണയാണ് അവർ ലോകകപ്പ് ക്വാർട്ടറിൽ തോറ്റു പുറത്താകുന്നത്.



Post a Comment

0 Comments