Flash News

6/recent/ticker-posts

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ നിയമസഭ പാസാക്കി

Views

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാല ഭേദഗതി ബിൽ കേരള നിയമസഭ പാസാക്കി. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് ശേഷം വീണ്ടുമെത്തിയ ബില്ലാണ് സഭ പാസാക്കിയത്.

അതേസമയം, ബില്ലിനെ എതിർത്ത പ്രതിപക്ഷം ഭേദഗതി നിർദേശിച്ചു. എല്ലാ സർവകലാശാലകൾക്കും കൂടി ഒറ്റ ചാൻസലർ മതിയെന്ന ഭേദഗതി നിർദേശമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നോട്ടുവെച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈകോടതി ചീഫ് ജസ്റ്റിസിനെയോ ചാൻസലറാകണം.

ചാൻസലർ നിയമനത്തിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കണം. പ്രതിപക്ഷ നേതാവും ഹൈകോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയായിരിക്കണം ചാൻസലറെ നിയമിക്കേണ്ടതെന്ന നിർദേശവും പ്രതിപക്ഷത്ത് നിന്നുണ്ടായി.

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുകയാണ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്തത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണ് നിയമനിർമാണമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ഗവർണർക്ക് പകരം വിദ്യാഭ്യാസ രംഗത്തെ പ്രഗൽഭരെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിയമിക്കാനാണ് പദ്ധതി. ഒരേ സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലറാകും ഉണ്ടാവുക.

സർവകലാശാല ഭേദഗതി ബിൽ പാസാക്കിയ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.




Post a Comment

0 Comments