Flash News

6/recent/ticker-posts

മലയാളി സൈക്കിള്‍ പോളോ താരത്തിന്റെ മരണം: സംഘാടകര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം-പി ജമീല

Views


തിരുവനന്തപുരം: ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിനെത്തിയ കേരളാ ടീമംഗമായ 10 വയസുകാരി നാഗ്പൂരിൽ മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. ജമീല. സംഘാടകരുടെ കുറ്റകരമായ അനാസ്ഥയാണ് ആലപ്പുഴ സ്വദേശിനിയായ നിദ ഫാത്തിമയുടെ മരണത്തിന് കാരണമായതെന്നും അവർ ആരോപിച്ചു.

''കോടതി ഉത്തരവ് നേടിയാണ് സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള നിദ ഫാത്തിമ ഉൾപ്പെടെയുള്ള കുട്ടികളെ മത്സരത്തിനെത്തിച്ചത്. മത്സരത്തിൽ പങ്കെടുപ്പിക്കാൻ മാത്രമാണ് കോടതി നിർദേശമെന്നും താമസസൗകര്യം ഏർപ്പെടുത്താനാവില്ലെന്നുമുള്ള സംഘാടകരുടെ നിലപാടാണ് പെൺകുട്ടിയുടെ ദാരുണമരണത്തിലേക്ക് നയിച്ചത്. സ്വന്തം നിലയ്ക്ക് ഏർപ്പെടുത്തിയ താൽക്കാലികമായ പരിമിതസൗകര്യം മാത്രമായിരുന്നു ഈ കുട്ടിയ്ക്കുണ്ടായിരുന്നത്.''

അവിടെവച്ച് ഛർദ്ദിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് നടന്നുപോയ കുട്ടിയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്ന നാഗ്പൂർ ശ്രീകൃഷ്ണ ആശുപത്രി അധികൃതരുടെ വാദം കുറ്റവാളികളെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന സംശയമുണ്ട്. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് സമഗ്രമായ അന്വേഷണം നടത്താനും സംഘാടകരുടെ അനാസ്ഥയ്ക്കെതിരേ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാനുമുള്ള നടപടി സ്വീകരിക്കണമെന്നും പി. ജമീല ആവശ്യപ്പെട്ടു.



Post a Comment

0 Comments