Flash News

6/recent/ticker-posts

മക്കയിൽ കനത്ത മഴയും വെള്ളപ്പാച്ചിലും; ചില റോഡുകളിൽ ഗതാഗത നിയന്ത്രണം,

Views


റിയാദ്: മക്കയിൽ കനത്ത മഴയും വെള്ളപ്പാച്ചിലും. വെള്ളിയാഴ്ച പുലർച്ചെ ഹറം പരിസരത്തും മക്കയുടെ വിവിധ ഭാഗങ്ങളിലും ഇടിമിന്നലിന്‍റെയും കാറ്റിന്‍റെയും അകമ്പടിയോടെ നല്ല മഴയാണുണ്ടായത്. ചില ഡിസ്ട്രിക്റ്റുകളിൽ കനത്ത മഴയെ തുടർന്ന് റോഡുകളിലും റൗണ്ട് എബൗട്ടുകളിലും വെള്ളക്കെട്ടുണ്ടായി. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

നിർത്തിയിട്ട ചില വാഹനങ്ങൾ മഴവെള്ള ഒഴുക്കിൽപ്പെട്ടു. മരങ്ങൾ കടപുഴകി വീണു. പല സ്ഥലങ്ങളിലും മുനിസിപ്പാലിറ്റിയുടെ മാലിന്യപെട്ടികൾ ഒലിച്ചുപോയി. ചില റോഡുകളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. റോഡിന് നടുവിൽ വൻതോതിൽ വെള്ളം കെട്ടിക്കിടന്നതിനാൽ മുനിസിപ്പാലിറ്റിയും ട്രാഫിക്ക് വകുപ്പും മക്ക അൽശറായ ഹൈവേ ഒരു ഭാഗം അടച്ചു. വെള്ളം നീക്കം ചെയ്തു റോഡ് വേഗം തുറന്നു കൊടുക്കാൻ മുനിസിപ്പാലിറ്റി ഉപകരണങ്ങളും തൊഴിലാളികളുമടക്കം ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി. അടിയന്തര സാഹചര്യം നേരിടാൻ പ്രധാന റോഡുകളിൽ സിവിൽ ഡിഫൻസ് സംഘങ്ങളും നിലയുറപ്പിച്ചിരുന്നു.

മക്ക, മദീന, അല്‍ബഹ, അല്‍ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.  വെള്ളിയാഴ്ച വൈകീട്ട് ഏഴ് വരെ മക്ക മേഖലയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയുകയും ചെയ്യുമെന്ന് കാലാവസ്ഥ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാവിലെ മുതൽ ആകാശം മേഘാവൃതമായിരുന്നു.

ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ മുൻകരുതൽ എടുത്തിരുന്നു. വിമാന യാത്രക്കാരോട് യാത്രാസമയത്തിൽ മാറ്റമുണ്ടോയെന്ന് ഉറപ്പുവരുത്താൻ വിമാനകമ്പനികളുമായി ആശയവിനിമയം നടത്താൻ ജിദ്ദ വിമാനത്താവളം ആവശ്യപ്പെട്ടിരുന്നു. ത്വാഇഫിലും നല്ല മഴയുണ്ടായി. കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതലായി തൽകാലത്തേക്ക് ത്വാഇഫിലെ അൽഹദാ ചുരം റോഡ് അടച്ചു. മഴയെ തുടർന്ന് പ്രദേശത്ത് തണുപ്പ് കൂടി.



Post a Comment

0 Comments