Flash News

6/recent/ticker-posts

നോട്ട് നിരോധനം : തീരുമാനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം,​ കേന്ദ്രത്തിനും റിസർവ് ബാങ്കിനും സുപ്രീംകോടതിയുടെ നിർദ്ദേശം

Views
        
ന്യൂഡൽഹി: 2016ലെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സുപ്രിംകോടതി കേന്ദ്രസർക്കാരിനോടും റിസർവ് ബാങ്കിനോടും നിർദ്ദേശിച്ചു. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിന് എതിരെ സുപ്രീംകോടതിയിൽ നൽകിയ 58 ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. കേന്ദ്രസർക്കാരിനെതിരായ ഹർജിയിൽ തീരുമാനം പ്രഖ്യാപിക്കുന്നത് സുപ്രീംകോടതി വൈകിപ്പിച്ചിരിക്കെയാണ് പുതിയ നടപടി. ഡിസംബർ പത്തിനകം രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജസ്റ്റിസ് എസ്.എ. നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് ഹർജികൾ പരിഗണിച്ചത്. ആർ.ബി.ഐയ്ക്ക് വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി,​ ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ പി. ചിദംബരം,​ ശ്യാം ദിവാൻ എന്നിവരുടെ വാദങ്ങൾ കേട്ടതിന് ശേഷമാണ് കോടതി കേന്ദ്രത്തോട് രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത്. വാദങ്ങൾ കേട്ട് രേഖകൾ പരിശോധിക്കുന്നത് വരെ വിധി നീട്ടി വച്ചിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. അതേസമയം ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ ഭക്ഷ്യധാന്യങ്ങൾ രാജ്യത്തെ അവസാനത്തെ പൗരന് വരെ ലഭ്യമാകണമെന്ന് കേന്ദ്രസർക്കാരിനോട് ചൊവ്വാഴ്ച സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. 

കോവിഡ് കാലത്ത് അതിഥി തൊഴിലാളികൾക്ക് നേരിടേണ്ടിവന്ന ദുരിതം സംബന്ധിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിർദ്ദേശം. 



Post a Comment

0 Comments