Flash News

6/recent/ticker-posts

അൽ ബെയ്തിൽ ഫ്രഞ്ച് വാഴ്ച; ഇരട്ടഗോൾ വിജയം, ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ

Views


ദോഹ ∙ അൽ ബെയ്ത് സ്റ്റേഡിയത്തിൽ അസാമാന്യ മികവോടെ പൊരുതിനിന്ന മൊറോക്കോയുടെ പോരാട്ടവീര്യത്തെ നിർവീര്യമാക്കി മത്സരത്തിന്റെ ഇരുപകുതികളിലുമായി എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ! സ്റ്റേഡിയത്തെ ചുവപ്പണിയിച്ച് ഓരോ സെക്കൻഡിലും ആർത്തുവിളിച്ച ആരാധകക്കൂട്ടത്തിനു നടുവിൽ അസാധ്യമായ പോരാട്ടം കാഴ്ചവച്ച മൊറോക്കോയെ ഖത്തറിൽനിന്ന് മടക്കിയയ്ക്കാൻ ഫ്രാൻസിന് ആ രണ്ടു ഗോളുകൾ ധാരാളമായിരുന്നു. ആവേശം വാരിവിതറിയ സെമിഫൈനലിൽ മൊറോക്കോയുടെ മുറുക്കമാർന്ന പ്രതിരോധത്തെയും കൗണ്ടർ അറ്റാക്കുകളെയും അതിജീവിച്ച് നേടിയ ഏകപക്ഷീയമായ രണ്ടു ഗോൾ വിജയവുമായി നിലവിലെ ചാംപ്യൻമാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ. ഫ്രാൻസിനായി തിയോ ഹെർണാണ്ടസ് (5–ാം മിനിറ്റ്), കോളോ മുവാനി (79–ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്.

ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്. കലാശപ്പോരിനും ഒരു ദിവസം മുൻപേ ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മൊറോക്കോ, ആദ്യ സെമിയിൽ തോറ്റ ക്രൊയേഷ്യയെയും നേരിടും.

എണ്ണേണ്ടിയിരുന്ന ഷോട്ട്!

∙ മാറ്റവുമായി മൊറോക്കോ

ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടും ഗോൾ നേടാനാകാതെ പോയതിന്റെ ക്ഷീണം മാറ്റാൻ ഒരു മാറ്റവുമായാണ് മൊറോക്കോ രണ്ടാം പകുതിക്ക് ഇറങ്ങിയത്. പരുക്കേറ്റ നൗസയ്ർ മസ്റൂയ്ക്ക് പകരം അത്തിയത് അല്ലാ കളത്തിലിറങ്ങി. ഫ്രാൻസിനെ വിറപ്പിക്കുന്ന പ്രകടനത്തോടെയാണ് മൊറോക്കോ രണ്ടാം പകുതി ആരംഭിച്ചത്. അസാധ്യ നീക്കങ്ങളുമായി ഫ്രഞ്ച് പ്രതിരോധത്തെ വിറപ്പിച്ച മൊറോക്കോയ്ക്ക് സമനില ഗോൾ നേടാനാകാതെ പോയത് നിർഭാഗ്യം കൊണ്ടു മാത്രം. ഇബാഹിമ കൊനാട്ടെ, റാഫേൽ വരാനെ എന്നിവരുടെ നിർണായകമായ രണ്ടു സേവുകളാണ് നിലവിലെ ചാംപ്യൻമാരെ രക്ഷപ്പെടുത്തിയത്.

മത്സരം ഒരു മണിക്കൂർ പിന്നിട്ടതിനു പിന്നാലെ മൊറോക്കോ പരിശീലകൻ യൂസഫ് എൻ നെസിരി, സോഫിയാൻ ബുഫൽ എന്നിവരെ‍ പിൻവലിച്ച് ഹംദല്ല, അബൂഖലാൽ എന്നിവരെ കളത്തിലിറക്കി. ഫ്രഞ്ച് നിരയിൽ ഒളിവർ ജിറൂദിനു പകരം മാർക്കസ് തുറാമിനെയും രംഗത്തിറക്കി. ഇതിനിടെ 79–ാം മിനിറ്റിൽ വരുത്തിയ മറ്റൊരു മാറ്റം ഫ്രാ‍ൻസിന് സമനില ഗോൾ സമ്മാനിച്ചു. വലതുവിങ്ങിൽ പതിവിലും നിറംമങ്ങിയ ഒസ്മാൻ ഡെംബെലെയ്ക്കു പകരം ദിദിയെ ദെഷാം കളത്തിലിറക്കിയത് ഇരുപത്തിനാലുകാരൻ കോളോ മുവാനിയെ. കളത്തിലിറങ്ങി 44–ാം സെക്കൻഡിൽ കിലിയൻ എംബപെ ഒരുക്കിക്കടുത്ത അവസരം മുതലെടുത്ത് മുവാനി ഫ്രാൻസിന്റെ ലീഡ് വർധിപ്പിച്ചു.

∙ രണ്ടു മാറ്റങ്ങളുമായി 2 ടീമുകളും!

ക്വാർട്ടർ ഫൈനലിൽ ജയിച്ച ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് ഫ്രാൻസും മൊറോക്കോയും സെമിഫൈനലിൽ ഏറ്റുമുട്ടുന്നത്. ഫ്രഞ്ച് നിരയിൽ അസുഖബാധിതരായ അഡ്രിയാൻ റാബിയോ, ദായൊത്ത് ഉപമെക്കാനോ എന്നിവർക്കു പകരം ഇബാഹിമ കൊനാട്ടെ, യൂസഫ് ഫൊഫാന എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു.

ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെ വീഴ്ത്തിയ ടീമിൽ രണ്ടു മാറ്റങ്ങളുമായാണ് മൊറോക്കോ ഫ്രാൻസിനെതിരെ സെമിയിൽ ഇറങ്ങുന്നത്. യഹിയ അത്തിയത്, സെലിം അമല്ലാ എന്നിവർക്കു പകരം നൗസയ്ർ മസ്റൂയ്, നയെഫ് അഗ്വെർദ് എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു.



Post a Comment

0 Comments