Flash News

6/recent/ticker-posts

ഗോളടിച്ചു കൂട്ടി മുംബൈ സിറ്റി എഫ്സി; കേരള ഗോളടിച്ചു കൂട്ടി മുംബൈ സിറ്റി എഫ്സി; കേരള ബ്ലാസ്റ്റേഴ്സിന് നാലാം തോൽവി (4-0)

Views
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ മുംബൈ സിറ്റി എഫ്.സിയോട് ദയനീയമായി തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. ഏകപക്ഷീയമായ നാലു ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ തോൽവി. ആദ്യത്തെ 22 മിനിറ്റിലാണ് മുംബൈ നാലു ഗോളുകളും ബ്ലാസ്റ്റേഴ്സിൻറെ വലയിൽ അടിച്ചുകൂട്ടിയത്.

മുൻ ബ്ലാസ്റ്റേഴ്സ് താരം ജോർഹെ പെരേര ഡയസ് ഇരട്ടഗോളുകളുമായി തിളങ്ങി. നാലു, 22 മിനിറ്റുകളിലായിരുന്നു താരത്തിൻറെ ഗോളുകൾ. ഗ്രെഗ് സ്റ്റുവാർട്ട് (10ാം മിനിറ്റിൽ), ബിപിൻ സിങ് (16) എന്നിവരാണ് മുംബൈക്കായി മറ്റു രണ്ടു ഗോളുകൾ നേടിയത്. പ്രതിരോധം മറന്ന് കളിച്ചതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. മത്സരത്തിൽ പന്തടക്കത്തിലും പാസ്സിങ്ങിലുമെല്ലാം മുൻതൂക്കം മുംബൈക്ക് തന്നെയായിരുന്നു. ജയത്തോടെ അവർ പോയൻറ് പട്ടികയിൽ ഹൈദരാബാദിനെ മറികടന്ന് ഒന്നാമതെത്തി.

നാലാം മിനിറ്റിൽ മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ഡയസ്സാണ് മുംബൈക്കു വേണ്ടി ആദ്യം വലകുലുക്കിയത്. ഇടതുവിങ്ങിലൂടെ ബോക്സിനുള്ളിലേക്ക് പന്തുമായി മുന്നേറിയ ബിപിൻ സിങ് പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും ഗോൾകീപ്പർ പ്രഭ്‌സുഖൻ ഗിൽ അത് തട്ടിയകറ്റി. എന്നാൽ പന്ത് റീബൗണ്ടായി നേരെയെത്തിയത് ഡയസ്സിന്റെ കാലിലേക്ക്. താരം ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം തട്ടിയിട്ടു.

10-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ച് മുംബൈ ലീഡുയർത്തി. ലാലിയൻസുവാല ചാങ്തെയുടെ മനോഹര ക്രോസ് ഹെഡറിലൂടെ സ്റ്റുവാർട്ട് വലയിലാക്കി. കയറിത്തട്ടാൻ ഗോൾകീപ്പർ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

16-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി മുംബൈ വീണ്ടും വലകുലുക്കി. ഇടതുവിങ്ങിൽനിന്ന് ഡയസ് നൽകിയ പാസ് സ്വീകരിച്ച ബിപിൻ, ബോക്സിനുള്ളിൽനിന്ന് തൊടുത്ത ഷോട്ട് ഗോളിയെയും മറികടന്ന് ബോക്സിൻറെ വലതു മൂലയിലേക്ക്.

22ാം മിനിറ്റിലായിരുന്ന ഡയസിൻറെ രണ്ടാം ഗോൾ. ഗ്രൗണ്ടിൻറെ മധ്യത്തിൽനിന്ന് അഹമ്മദ് ജാഹു നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഡയസ്സ് ഗോൾകീപ്പറെയും കീഴ്പ്പെടുത്തി പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് ആശ്വാസ ഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ക്രൊയേഷ്യൻ പ്രതിരോധ താരം മാർകോ ലെസ്കോവിച് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. വിലക്കുമാറി യുക്രെയ്ൻ താരം ഇവാൻ കലിയൂഷ്നി ടീമിൽ തിരിച്ചെത്തിയിരുന്നു.
പാങ്ങ് ന്യൂസ്
13 മത്സരങ്ങളിൽനിന്ന് 10 ജയവും മൂന്നു സമനിലയുമായി 33 പോയൻറാണ് മുംബൈക്ക്. രണ്ടാമതുള്ള ഹൈദരാബാദിന് 13 മത്സരങ്ങളിൽനിന്ന് 31 പോയൻറ്. 25 പോയൻറുമായി ബ്ലാസ്റ്റേഴ്സ് മൂന്നാമത് തന്നെ തുടരുന്നു. സീസണിലെ ബ്ലാസ്റ്റേഴ്സിൻറെ നാലാമത്തെ തോൽവിയാണിത്.


Post a Comment

0 Comments