Flash News

6/recent/ticker-posts

സംസ്ഥാനത്ത് വ്യാപകപരിശോധന, 43 ഹോട്ടലുകള്‍ അടപ്പിച്ചു; ജീവന്‍പൊലിഞ്ഞപ്പോള്‍ ഉറക്കമെണീറ്റ് അധികൃതർ

Views തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയേറ്റ് ഒരു ജീവൻകൂടി പൊലിഞ്ഞതോടെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് വീണ്ടും ഉറക്കംവിട്ട് ഉണർന്നിരിക്കുകയാണ്. ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ ചൊവ്വാഴ്ച പ്രത്യേക പരിശോധന നടത്തുകയുണ്ടായി.

429 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായും വൃത്തിഹീനമായി പ്രവർത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 138 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 44 സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ കാസർകോട് ചെറുവത്തൂരിൽ ദേവാനന്ദയെന്ന പ്ലസ് വിദ്യാർഥിനി ഷവർമ കഴിച്ച് മരിച്ചതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയും നിരവധി ഹോട്ടലുകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നുണ്ടെന്നു കണ്ടെത്തുകയുമുണ്ടായി. കർശന നടപടിയുണ്ടാകുമെന്ന് അന്നും മന്ത്രി പറഞ്ഞിരുന്നു.

കർശന പരിശോധനകളും നടപടികളും ദിവസങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഭക്ഷ്യ വിഷബാധ തടയുന്ന കാര്യത്തിൽ തുടർനടപടികളുണ്ടായില്ല. ഷവർമ ഉണ്ടാക്കുന്നതിനും വിപണനം നടത്തുന്നതിനും മാനദണ്ഡങ്ങളൊക്കെ സർക്കാർ നിശ്ചയിച്ചിരുന്നു. എന്നാൽ പഴയപോലെ തന്നെയാണ് പല സ്ഥാപനങ്ങളിലും ഇപ്പോഴും വിൽപ്പന നടത്തുന്നത്. ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ അധികൃതർ ഒരുക്കമല്ല.

കോട്ടയത്ത് നഴ്സ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നാണ് മന്ത്രി വീണാ ജോർജ് പറയുന്നത്. തുടർ നടപടികളോ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൃത്യമായ സംവിധാനമോ ഇല്ലാത്ത അവസ്ഥയാണുള്ളത്.

സംസ്ഥാനത്തെ ഹോട്ടലുകളിലേക്ക് സുനാമി ഇറച്ചിയും കുറഞ്ഞ വിലക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കോഴി ഇറച്ചിയും സുലഭമായി എത്തുന്നുവെന്ന് മാതൃഭൂമി ന്യൂസ് കഴിഞ്ഞ ദിവസവും തെളിവ് സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നെണീക്കുകയും അല്ലാത്തപ്പോൾ ഉറക്കംനടിക്കുകയും ചെയ്യുന്ന സർക്കാർ സംവിധാനങ്ങളേക്കുറിച്ച് വലിയ വിമർശനമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്.



Post a Comment

0 Comments