Flash News

6/recent/ticker-posts

പുതുവർഷപ്പുലരി യുഎഇയ്ക്ക് സമ്മാനിച്ചത് ആറു ലോക റെക്കോർഡുകൾ

Views പുതുവർഷപ്പുലരി യുഎഇയ്ക്ക് സമ്മാനിച്ചത് ആറു ലോക റെക്കോർഡുകൾ. ഇതിൽ നാലു ഗിന്നസ് ബുക് ഓഫ് വേൾഡ് റെക്കോർഡുകൾ അബുദാബിയും 2 എണ്ണം റാസൽഖൈമയും സ്വന്തമാക്കി.

40 മിനിറ്റിലേറെ ദൈർഘ്യമുള്ള വെടിക്കെട്ടിലൂടെ മൂന്നു റെക്കോർഡുകളും 3000 ഡ്രോണുകളെ അണിനിരത്തി ആകാശത്ത് ഏറ്റവും വലിയ ക്യൂ ആർകോഡ് സൃഷ്ടിച്ചതിനുള്ള മറ്റൊരു റെക്കോർഡുമായാണ് അബുദാബി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2023ന്റെ ആദ്യ നിമിഷത്തിൽ ലോക റെക്കോർഡ് പുസ്തകത്തിൽ കയറിപ്പറ്റിയത്. പത്തുലക്ഷത്തിലേറെ പേരാണ് ഇതിന് സാക്ഷ്യം വഹിച്ചത്. അൽവത്ബയുടെ ആകാശത്ത് ഏതാണ്ട് മുക്കാൽ മണിക്കൂറോളം അഗ്നിപുഷ്പങ്ങൾ വിരിയിച്ച വെടിക്കെട്ടിന് ഉപയോഗിച്ച കരിമരുന്നിന്റെ അളവ്, വിന്യാസം, ദൈർഘ്യം എന്നിവയിലാണ് റെക്കോർഡ്.

പിന്നിട്ട വർഷത്തോടുള്ള പ്രണയവും പുതിയ വർഷത്തോടുള്ള പ്രതീക്ഷകളും ഭാവി പദ്ധതികളുമെല്ലാം യുഎഇയുടെ ബഹിരാകാശ ദൗത്യങ്ങളുമെല്ലാം പ്രമേയമാക്കിയാണ് 3000 ഡ്രോണുകൾ ആകാശത്ത് വിസ്മയപ്രകടനം നടത്തിയത്. ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്ജ്യുഡിക്കേറ്റർ അൽവലീദ് ഒസ്മാൻ പരിശോധിച്ച് റെക്കോർഡ് സ്ഥിരീകരിച്ചു. അൽമർജാൻ ഐലൻഡ് മുതൽ അൽ ഹംറ വരെ 4.7 കി.മീ നീളത്തിൽ 12 മിനിറ്റ് നടന്ന റാസൽഖൈമയിലെ വെടിക്കെട്ടും റെക്കോർഡ് നേടി. ഇവിടത്തെ ഡ്രോൺ ഷോയിൽ 673 ഡ്രോണുകൾ 1100 മീറ്റർ ഉയരത്തിൽ ആകാശക്കാഴ്ചയൊരുക്കിയപ്പോൾ പുതിയൊരു റെക്കോർഡുകൂടി പിറക്കുകയായിരുന്നു. പതിനായിരങ്ങൾ നേരിട്ടും ലക്ഷക്കണക്കിനു ആളുകൾ ടിവിയിലൂടെയും പുതുവർഷപ്പുലരിയിലെ വെടിക്കെട്ട് കണ്ടു.



Post a Comment

0 Comments