Flash News

6/recent/ticker-posts

കോഴിക്കോട്ട് ഹജ് പുറപ്പെടൽ കേന്ദ്രം: റൺവേ റീ കാർപറ്റിങ് വിലങ്ങാകുമോ എന്ന് ആശങ്ക

Views
കരിപ്പൂർ ∙ റൺവേ ബലപ്പെടുത്തുന്ന റീ കാർപറ്റിങ് ജോലിയിൽ തട്ടി ഹജ് വിമാന സർവീസ് കരിപ്പൂരിൽനിന്നു മാറിപ്പോകുമോ എന്ന് ആശങ്ക. തടസ്സങ്ങൾ മറികടക്കാൻ എയർപോർട്ട് അതോറിറ്റി ഏറെ മുന്നൊരുക്കം നടത്തേണ്ടിവരും. റീ കാർപറ്റിങ് ഈ മാസം 15നു തുടങ്ങുമെങ്കിലും ജുലൈയിൽ നടക്കുന്ന ഹജ് സർവീസിന് റൺവേ സന്നദ്ധമാകുമോ എന്നതാണു പ്രധാന ആശങ്ക. അല്ലെങ്കിൽ, വൈകിട്ട് ആറു മുതൽ പിറ്റേന്നു രാവിലെ 10 വരെയുള്ള സമയത്തിനുള്ളിൽ തീർഥാടകരെ കൊണ്ടുപോകാൻ വിമാനക്കമ്പനികൾ തയാറാകേണ്ടിവരും. രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ റൺവേ അടിച്ചിടുന്നുണ്ട്. രണ്ടും നടന്നില്ലെങ്കിൽ ഹജ് വിമാന സർവീസ് ഇത്തവണയും കരിപ്പൂരിനു നഷ്ടപ്പെട്ടേക്കാം.

ഈ വർഷത്തെ ഹജ് വിമാന സർവീസിനു കോഴിക്കോട് വിമാനത്താവളവും കരട് പട്ടികയിൽ ഉൾപ്പെട്ടത് പ്രതീക്ഷ നൽകുന്നുണ്ട്. തീർഥാടകർക്കു സമീപത്തെ വിമാനത്താവളത്തിൽനിന്ന് ഹജ് യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യമാണു കേന്ദ്ര ഹജ് കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത്. അതിനായി കേരളത്തിൽനിന്നു കോഴിക്കോട്, കൊച്ചി, കണ്ണൂർ ഉൾപ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങൾ പട്ടികയിലുണ്ട്.  എന്നാൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇത്തവണ ഹജ് വിമാനം പറന്നുയരണമെങ്കിൽ എയർപോർട്ട് അതോറിറ്റിയും ടെൻഡർ ലഭിക്കുന്ന വിമാനക്കമ്പനിയും കാർപറ്റിങ് ജോലി ഏറ്റെടുത്ത കരാർ കമ്പനിയും പലവിധ മുന്നൊരുക്കങ്ങൾ നടത്തേണ്ടിവരും.

ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും മാനവവിഭവ ശേഷിയും പ്രയോജനപ്പെടുത്തി റീ കാർപറ്റിങ് ജോലികൾ നേരത്തേ പൂർത്തിയാക്കാം എന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അലഹാബാദിൽ കാർപറ്റിങ് നാലു മാസം കൊണ്ടാണു പൂർത്തിയായത്. കൊച്ചിയിലും മറ്റും ഇത്രയും കാലം വേണ്ടിവന്നിട്ടില്ലെന്നും പറയുന്നു. സമയപരിധി കുറച്ച് ആധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കരിപ്പൂരിലും പണി വേഗത്തിൽ പൂർത്തിയാക്കാവുന്നതാണ്. ഹജ് യാത്ര സംബന്ധിച്ച ആശങ്കയും ഇതിലൂടെ ഒഴിവാക്കാനാകും എന്നു മാത്രമല്ല, പതിവു വിമാന സർവീസുകൾക്കുള്ള പ്രയാസവും യാത്രക്കാർക്കുള്ള ആശങ്കയും ഒഴിവാക്കാൻ കഴിയും.



Post a Comment

0 Comments