Flash News

6/recent/ticker-posts

മോശം പെരുമാറ്റം തിരിച്ചടിയായി; അൽ നസ്റിൽ റൊണാൾഡോയുടെ അരങ്ങേറ്റം വൈകിയേക്കും

Views
നീണ്ടഅനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറുമായി റെക്കോർഡ് പ്രതിഫലം വാങ്ങി കരാറിലേർപ്പെട്ടത്. റൊണാൾഡോയുമായി രണ്ടര വർഷത്തെ കരാർ ഒപ്പിട്ട അൽ നാസർ ക്ലബ് താരത്തിന് നൽകുന്നത് 1770 കോടി രൂപയാണ്(200 മില്യൺ ഡോളർ). പരസ്യവരുമാനം ഉൾപ്പടെയാണിത്. ഒരു ഫുട്ബോൾ താരത്തിന് ലഭിക്കുന്ന ചരിത്രത്തിലെ തന്നെ റെക്കോർഡ് പ്രതിഫലമാണിത്.
സൗദി പ്രോ ലീഗ് ടൂർണമെന്റിൽ വ്യാഴാഴ്ച അൽ തായ് ക്ലബ്ബിനെതിരെ തന്റെ ആദ്യ മത്സരത്തിനായി തയ്യാറെടുത്ത റോണാൾഡോയ്ക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. കോടികൾ പ്രതിഫലം വാങ്ങി കരാർ ഒപ്പിട്ട അൽ നസർ ക്ലബ്ബിനായി ആദ്യ മത്സരം കളിയ്ക്കാൻ പോർച്ചുഗൽ സൂപ്പർ താരം ഇനിയും കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ ഏപ്രിലിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണിനോട് പരാജയപ്പെട്ടതിന് പിന്നാലെ റോണാൾഡോ ആരാധകന്റെ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞ് പൊട്ടിച്ച സംഭവത്തെ തുടർന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ താരത്തിന് രണ്ട് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് കാരണമാണ് റോണാൾഡോയ്ക്ക് ഇന്ന് നടക്കുന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ കളിയ്ക്കാനാവാത്തത്.
നവംബറിലാണ്, ഇംഗ്ലീഷ് എഫ്എ അനുചിതവും അക്രമാസക്തവുമായ പെരുമാറ്റത്തിന് റൊണാൾഡോയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. വിലക്കിന് പുറമെ 50,000 പൗണ്ട് പിഴയും ചുമത്തിയിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചതിനാൽ സസ്പെൻഷൻ നേരിടാൻ അന്ന് അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പുതിയ ക്ലബ്ബിൽ ചേർന്ന സാഹചര്യത്തിലാണ് വിലക്ക് വീണ്ടും ബാധകമായത്. അൽ തായ്, അൽ- ഷബാബ് എന്നിവയ്ക്കെതിരായ രണ്ട് മത്സരങ്ങളിൽ നിന്ന് താരം വിട്ടുനിൽക്കേണ്ടി വരും.


Post a Comment

0 Comments