Flash News

6/recent/ticker-posts

നെയ്മറിനെ വിൽക്കാൻ പി.എസ്.ജി; നോട്ടമിട്ട് സിറ്റിയും ചെൽസിയും-റിപ്പോര്‍ട്ട്

Views

പാരിസ്: സൂപ്പർ താരം നെയ്മറിനെ ട്രാൻസ്ഫറിൽ വിൽക്കാനൊരുങ്ങി പി.എസ്.ജി. ലയണൽ മെസിയുമായി കരാർ പുതുക്കാൻ നീക്കം നടത്തുന്നതിനിടെയാണ് പുതിയ വാർത്ത, താരത്തിന്റെ ട്രാൻസ്ഫർ തുക കുറയ്ക്കാനും ക്ലബ് ഒരുക്കമാണെന്ന് സ്പാനിഷ് മാധ്യമമായ 'ഫിചാഹിസ് റിപ്പോർട്ട് ചെയ്യുന്നു.

മെസിയും എംബാപ്പെയും ടീമിന്റെ മുൻനിരയിലുണ്ടാകുമ്പോൾ നെയ്മറിന്റെ അഭാവം ടീം പ്രകടനത്തെ ബാധിക്കില്ലെന്നാണ് പി.എസ്.ജി വിലയിരുത്തൽ. കഴിഞ്ഞ സീസണിലും നെയ്മറിനെ വിൽക്കാൻ പി.എസ്.ജി താൽപര്യമറിയിച്ചിരുന്നു. എന്നാൽ, 150 മില്യൻ യൂറോ എന്ന ഭീമൻ തുക കാരണം ആരും മുന്നോട്ടുവന്നിരുന്നില്ല. എന്നാൽ, ഇത്തവണ വേണമെങ്കിൽ വില കുറയ്ക്കാനും ക്ലബ് ഒരുക്കമാണ്. 60 മില്യൻ യൂറോ വരെ താഴാൻ ഒരുക്കമാണ്.

അങ്ങനെയാണെങ്കിൽ പ്രീമിയർ ലീഗ് വമ്പന്മാർ തന്നെ താരത്തെ റാഞ്ചാൻ മുന്നിലുണ്ടാകുമെന്ന് ഉറപ്പാണ്. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ യുനൈറ്റഡ് അടക്കമുള്ള ക്ലബുകൾ താരത്തിനായി നോട്ടമിടുന്നുണ്ട്.

2017ൽ 200 മില്യൻ യൂറോ എന്ന റെക്കോർഡ് തുകയ്ക്കാണ് നെയ്മറിനെ പി.എസ്.ജി സ്വന്തമാക്കുന്നത്. ഇതിനുശേഷം ടീമിന്റെ അവിഭാജ്യ ഘടകമാണ് നെയ്മർ. ആറ് സീസണുകളിലായി 165 മത്സരങ്ങളിൽനിന്നായി 115 ഗോൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് നെയ്മർ. 73 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.

2021ൽ ക്ലബുമായി നെയ്മർ പുതിയ കരാറിൽ ഒപ്പുവച്ചിരുന്നു. 2025ലാണ് ഇതിന്റെ കാലാവധി തീരുന്നത്. എന്നാൽ, ഇപ്പോൾ മികച്ച ഓഫർ ലഭിച്ചാൽ താരത്തെ വിൽക്കാൻ ഒരുക്കമാണ് ക്ലബ്. നിലവിൽ നെയ്മറിനു വേണ്ടി വൻതുകയാണ് ശമ്പളയിനത്തിൽ ക്ലബ് നൽകുന്നത്. ആഴ്ചയിൽ ആറു ലക്ഷം പൗണ്ട് ആണ് താരത്തിന് ലഭിക്കുന്നത്. താരത്തെ പുറത്തുവിട്ടാൽ വൻതുക ലാഭിക്കാനാകുമെന്നാണ് ടീം കണക്കുകൂട്ടുന്നത്


Post a Comment

0 Comments