Flash News

6/recent/ticker-posts

ഉംറ വിസയുടെ കാലാവധി കുറക്കുന്നു; ശ്രദ്ധിച്ചില്ലെങ്കില്‍ കുടുങ്ങും

Views
 റിയാദ് : ഹജ് സീസണ്‍ അടുത്തതോടെ വിദേശത്ത് നിന്നെത്തുന്ന ഉംറ തീര്‍ഥാടകരുടെ വിസ കാലാവധിയില്‍ മാറ്റം വന്നു തുടങ്ങി. തീര്‍ഥാടകര്‍ക്ക് മൂന്നു മാസം സൗദിയില്‍ താമസിക്കാമെങ്കിലും ഇപ്പോള്‍ മൂന്നു മാസത്തിന് താഴെ സമയപരിധി നിശ്ചയിച്ചാണ് വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നത്. തീര്‍ഥാടകര്‍ക്ക് ഇക്കാര്യം ശ്രദ്ധിക്കാതെ സമയപരിധിക്കപ്പുറം സൗദിയില്‍ താമസിച്ചാല്‍ ഉംറ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പിഴയടക്കമുള്ള ശിക്ഷകളുണ്ടാവും.
വിസ സ്റ്റാമ്പ് ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ എത്തി 90 ദിവസം വരെ സൗദി അറേബ്യയില്‍ താമസിക്കാമെന്നതാണ് ഇതുവരെയുണ്ടായിരുന്നത്. ഹജ് കര്‍മ്മത്തിന് ഇനി ആറു മാസത്തില്‍ താഴെ മാത്രമേ സമയമുള്ളൂ. അതോടെയാണ് സൗദിയില്‍ താമസിക്കാനുള്ള സമയം കുറച്ചുതുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്റ്റാമ്പ് ചെയ്ത വിസകളെല്ലാം സൗദിയില്‍ താമസിക്കാനുള്ള സമയം 74 ദിവസത്തിന് താഴെയാണെന്നും ഉംറക്കെത്തുന്നവര്‍ വിസ വിവരങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നും സഫിയ ട്രാവല്‍സ് സൗദി മാനേജര്‍ അനസ് മുഹമ്മദ് പറഞ്ഞു. ഉംറ വിസ സ്റ്റാമ്പ് ചെയ്ത് മൂന്നു മാസത്തിനകം സൗദിയില്‍ എത്തി വിസയില്‍ രേഖപ്പെടുത്തിയ ദിവസത്തിനകം രാജ്യം വിട്ടുപോകണം. വരും മാസങ്ങളില്‍ ഇനിയും താമസ സമയം കുറക്കാനാണ് സാധ്യത. 

ശവ്വാല്‍ 15 വരെ ഉംറ വിസ അപേക്ഷകള്‍ വിദേശ രാജ്യങ്ങളിലെ സൗദി എംബസികളും കോണ്‍സുലേറ്റുകളും സ്വീകരിക്കുമെങ്കിലും സൗദിയിലേക്ക് പ്രവേശിക്കാനും ഇവിടെ താമസിക്കാനുമുള്ള സമയപരിധിയില്‍ മാറ്റം വന്നേക്കും. അതിനാല്‍ തീര്‍ഥാടകര്‍ അവരുടെ വിസയില്‍ രേഖപ്പെടുത്തിയ സമയപരിധി കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. എല്ലാ ഉംറ തീര്‍ഥാടകരെയും ദുല്‍ഖഅ്ദ 30നകം സൗദിയില്‍ നിന്ന് മാറ്റി ഹജ്ജ് തീര്‍ഥാടകരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇതാണ് താമസ സമയം കുറച്ചുകൊണ്ടുവരാന്‍ കാരണം.
മുഹറം ഒന്നു മുതല്‍ ദുല്‍ഖഅ്ദ 30 വരെയാണ് ഉംറ സീസണ്‍. എല്ലാ വര്‍ഷവും ദുല്‍ഹിജ്ജ 15 മുതല്‍ വിസ സ്റ്റാമ്പിംഗ് തുടങ്ങും. ദുല്‍ഖഅ്ദ 15ന് മുമ്പ് അവസാന ഉംറ തീര്‍ഥാടകനും സൗദി അറേബ്യയിലെത്തിയിരിക്കണം. പിന്നീട് ഉംറക്കാരെ സ്വീകരിക്കില്ല. ദുല്‍ഖഅ്ദ 30ന് മുമ്പ് അവരെല്ലാം രാജ്യം വിട്ടുപോവുകയും വേണം. ഇതാണ് ഉംറ വിസ വ്യവസ്ഥകള്‍.

സൗദി അറേബ്യയിലെ ഉംറ കമ്പനികളുമായി കരാറിലേര്‍പ്പെട്ട കമ്പനികള്‍ വഴിയോ വിദേശ ഏജന്‍സികള്‍ വഴിയോ സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ആണ് ഉംറ വിസയെടുക്കേണ്ടത്. ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദി അറേബ്യയില്‍ ഏതു നഗരം സന്ദര്‍ശിക്കാനും അനുമതിയുണ്ട്. വിദേശത്ത് നിന്ന് സൗദിയിലെ ഏത് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഹജ് മന്ത്രാലയം അനുവദിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ വിമാനകമ്പനികള്‍ ജിദ്ദയിലാണ് ഇറങ്ങാന്‍ ആവശ്യപ്പെടുന്നത്. അതേസമയം ഫാമിലി വിസിറ്റ് വിസയിലും മറ്റു സന്ദര്‍ശക വിസയിലും യാതൊരു മാറ്റവുമില്ല.



Post a Comment

0 Comments