Flash News

6/recent/ticker-posts

സ്കൂൾ കലോത്സവത്തിന് ഇനിയുണ്ടാകില്ല; പഴയിടം മോഹനൻ നമ്പൂതിരി

Views

സംസ്ഥാനത്ത് : സ്കൂൾ കലോത്സവത്തിൽ പാചകത്തിന് ഇനി എത്തില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി  പറഞ്ഞു.നോൺ വെജ് ഭക്ഷണ വിവാദങ്ങൾ കടുത്ത മാനസിക വിഷമം ഉണ്ടാക്കി. താൻ ഒരു വെജിറ്റേറിയൻ ബ്രാൻഡ് ആണ്. വിവാദങ്ങളെ തുടർന്ന് അടുക്കള നിയന്ത്രിക്കാൻ ഭയമുണ്ടായി. കലോത്സവ ഊട്ടുപുരകളിൽ കാവലിരിക്കേണ്ടിവന്നു. കലോത്സവത്തിന് മാംസ ഭക്ഷണം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ പിന്മാറ്റം.

ഒരു വെജിറ്റേറിയൻ ബ്രാൻഡായി നിലനിൽക്കണമെന്നാണ് തന്റെ ആഗ്രഹം. കലാമേളകളിൽ നോൺ വെജ് ഭക്ഷണങ്ങൾ വിളമ്പിയാൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് മുൻധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ മേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി.

ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് തുടർച്ചയായി മരണങ്ങൾ നടന്നത് സ്‌കൂൾ കലോത്സവത്തിനിടയ്ക്കാണ്. നോൺ വെജ് ഉൾപ്പെടുത്താൻ പറയുമ്പോൾ അതിന് പിന്നിലുള്ളവർ തന്നെ കലോത്സവത്തിലെ പാചകപ്പുരയിൽ കൈകടത്തുമോ എന്ന ഭയവും തനിക്കുണ്ട്. അതുകൊണ്ട് തന്നെ അടുക്കളയിലേക്ക് പുറമെ നിന്നുള്ള ഒരാളെ പോലും പ്രവേശിപ്പിച്ചിരുന്നില്ലെന്നും പഴയിടം പറഞ്ഞു.

കലോത്സവത്തിന് അടുത്ത വർഷം മുതൽ സസ്യേതര വിഭവങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാൻ കലോത്സവ മാനുവൽ പരിഷ്കരിക്കുമെന്നും ശിവൻ കുട്ടി വ്യക്തമാക്കിയിരുന്നു.



Post a Comment

0 Comments