ന്യൂഡൽഹി: നേപ്പാളിലെ പൊഖാറയിൽ ഞായറാഴ്ചയുണ്ടായ വിമാനദുരന്തത്തിന്റെ തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ മരിച്ച ഇന്ത്യക്കാരൻ വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. വിമാനം തകരുന്നതും തീപിടിക്കുന്നതും യാത്രക്കാർ കരയുന്നതുമെല്ലാം ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാന അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് അപകടദൃശ്യങ്ങൾ കണ്ടെടുത്തത്. ദുരന്തത്തിൽ അഞ്ച് ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ളവരാണ് മരിച്ചവർ. അവരിലൊരാള സോനു ജയ്സ്വാൾ എന്ന യുവാവാണ് വിമാനം തകരുന്നതിന് തൊട്ടുമുമ്പ് ഫേസ്ബുക്ക് ലൈവ് ചെയ്തത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലും ഇതേ വീഡിയോ കാണാം. എന്നാൽ ഈ വീഡിയോയുടെ ആധികാരികതയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
വിമാനത്തിനുള്ളിൽ ഇരിക്കുന്ന യാത്രക്കാരുടെയും താഴെയുള്ള നഗരവുമെല്ലാം ഫേസ്ബുക്ക് ലൈവിൽ പകർത്തിയിട്ടുണ്ട്. വിൻഡോ സീറ്റിലിരുന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. പെട്ടന്ന് വിമാനം ചെരിയുന്നതും സ്ഫോടനമുണ്ടാകുകയും ചെയ്യുന്നുണ്ട്. പിന്നീട് തീ കത്തുന്നത് മാത്രമാണ് ദൃശ്യങ്ങളിൽ കാണുന്നത്. നേരത്തെ വിമാനം ലാന്റ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യവും പുറത്ത് വന്നിരുന്നു. വിമാനത്താവളത്തിനടത്തുള്ള വീട്ടുകാരിൽ ആരോ പകർത്തിയ ദൃശ്യങ്ങളായിരുന്നു അത്. വിമാനം പെട്ടെന്ന് ഇടതുവശത്തേക്ക് ചരിയുകയും തലകീഴായി മറിയുകയും ചെയ്യുന്നത് ആ വീഡിയോയിൽ കാണാമായിരുന്നു.
0 Comments