Flash News

6/recent/ticker-posts

കുപ്പിവളപൊട്ടി കൈമുറിഞ്ഞു, ഒപ്പനക്കുപ്പായത്തിലാകെ രക്തം; പിന്മാറാതെ ആമിന,എ ഗ്രേഡ്

Views
കോഴിക്കോട്: കുപ്പിവള പൊട്ടി കൈ മുറിഞ്ഞ് ചോരയൊഴുകിയിട്ടും തോഴി ഒപ്പന നിര്‍ത്തിയില്ല. ഒടുവില്‍ കളി പൂര്‍ത്തിയാക്കിയപ്പോഴേക്കും വേദിയില്‍ തളര്‍ന്നുവീണു. പ്രയാസം സഹിച്ച്‌ ഒപ്പന തുടര്‍ന്ന ആമിനക്ക് കാണികള്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചു.

''പെട്ടെന്ന് അവളെ കണ്ടപ്പോൾ കളിനിർത്തി വേദിയിൽനിന്ന് ഇറങ്ങിയാലോന്ന് ചിന്തിച്ചതാ. പിന്നെ അവളുടെ ആവേശത്തിലാണ് ഞങ്ങള് ചുവടുവെച്ചത്. അവൾ തോൽക്കാൻ തയ്യാറല്ലെങ്കിൽ പിന്നെ ഞങ്ങളെങ്ങനെ മത്സരം പാതിവഴിയിൽ നിർത്തും...'' ഹയർസെക്കൻഡറി ഒപ്പനമത്സരത്തിൽ കൈയിലെ കുപ്പിവളപൊട്ടി വെള്ളക്കുപ്പായത്തിലും കാച്ചിമുണ്ടിലുമാകെ രക്തംപടർന്നെങ്കിലും തോറ്റുകൊടുക്കില്ലെന്ന വാശിയിലായിരുന്നു വയനാട് പനമരം ജി.എച്ച്.എസ്.എസിലെ ആമിന നിബ. അവളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒടുവിൽ എ ഗ്രേഡോടെയാണ് കൂട്ടുകാരികൾ വയനാട്ടിലേക്ക് ചുരംകയറുന്നത്.
ഒപ്പനയുടെ തുടക്കത്തിൽത്തന്നെ കുപ്പിവളപൊട്ടി ആമിനയുടെ കൈയിൽനിന്ന് രക്തം ഒഴുകാൻതുടങ്ങിയിരുന്നു. ആ രക്തത്തുള്ളികൾ സഹമത്സരാർഥികളുടെ വസ്ത്രത്തിലേക്കും തെറിച്ചു.
മത്സരത്തിന്റെ അവസാനമായപ്പോഴേക്കും ആമിനയുടെ വസ്ത്രത്തിലാകെ രക്തംപടർന്നു. ഇത് കണ്ട് സഹമത്സരാർഥികളും കാഴ്ചക്കാരും ഞെട്ടിയെങ്കിലും യാതൊന്നും സംഭവിക്കാത്തമട്ടിൽ ആമിന ഒപ്പനപ്പാട്ടിന്റെ താളത്തിനൊപ്പം ചുവടുവെക്കുകയായിരുന്നു.  ഒപ്പന കഴിയുമ്ബോഴേക്കും മെഡിക്കല്‍ സംഘവും ആംബുലന്‍സും റെഡിയായി സ്റ്റേജിന് പിന്നില്‍ കാത്തിരുന്നു. തളര്‍ന്നു വീണ ആമിനയെ ആശുപത്രിയിലേക്ക് മാറ്റി.



ഒപ്പന കുപ്പിവളയണിയുന്നത് അപകടമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒപ്പനമത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ചോരക്കലാശം.


Post a Comment

0 Comments