Flash News

6/recent/ticker-posts

കരിപ്പൂരിൽ നിന്ന് ജിദ്ദയിലെത്തിയ യുവതിയുടെ ലഗേജിൽ നിന്നും വിലയേറിയ സാധനങ്ങൾ നഷ്ടപ്പെട്ടു; മോഷണം നടന്നത് കരിപ്പൂരിൽ നിന്നാകാമെന്ന് സംശയം

Views കരിപ്പൂരിൽ നിന്ന് ജിദ്ദയിലെത്തിയ യുവതിയുടെ ലഗേജിൽ നിന്നും വിലയേറിയ സാധനങ്ങൾ നഷ്ടപ്പെട്ടു; മോഷണം നടന്നത് കരിപ്പൂരിൽ നിന്നാകാമെന്ന് സംശയം
 
 

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലെത്തിയ യുവതിയുടെ ലഗേജിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതായി പരാതി. മലപ്പുറം ആതവനാട് സ്വദേശിയായ കൊല്ലത്താഴ്‌വളപ്പിൽ റിസ്‌വാന കൈകുഞ്ഞുമായി ഇന്നലെ (തിങ്കളാഴ്ച) പുലർച്ചെ 4.40നാണ് സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ടത്.

രാവിലെ 8.40ന് ജിദ്ദയിൽ ഇറങ്ങിയ റിസ്‌വാന എമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി തൻ്റെ രണ്ട് ട്രോളിബാഗുകളും ഒരു കാർട്ടൻ ബോക്സും ലഭിച്ച ശേഷം സാധാരണപോലെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി. പുറത്ത് കാത്ത് നിൽക്കുകയായിരുന്ന ഭർത്താവ് അനസിനൊപ്പം ജിദ്ദയിലെ താമസ സ്ഥലത്തേക്ക് പുറപ്പെട്ടു.

താമസസ്ഥലത്ത് എത്തിയ ശേഷമാണ് ട്രോളി ബാഗുകളുടെ ലോക്ക് പൊട്ടിച്ച നിലയിൽ കണ്ടെത്തിയത്. നമ്പർ ലോക്കിട്ട് പൂട്ടിയ ലോക്കാണ് പൊട്ടിച്ച നിലയിൽ കണ്ടെത്തിയത്. ജിദ്ദ വിമാനത്താവളത്തിൽ വെച്ച് ഇക്കാര്യം ശ്രദ്ദിച്ചിരുന്നില്ല. ബാഗുകൾ തുറന്ന് പരിശോധിച്ചപ്പോൾ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഒരു ബാഗിനകത്തുണ്ടായിരുന്ന സ്വർണ മോതിരവും മറ്റൊരു ബാഗിനകത്തുണ്ടായിരുന്ന ആപ്പിൾ സ്മാർട്ട് വാച്ചും നഷ്​ടമായിട്ടുണ്ട്. സ്വർണ മോതിരത്തോടൊപ്പം വെള്ളി മോതിരങ്ങളും മറ്റു വസ്തുക്കളുമൊക്കെ ഉണ്ടായിരുന്നെങ്കിലും വിലപിടിപ്പുള്ള വസ്തുക്കൾ മാത്രമാണ് നഷ്​ടപ്പെട്ടതെന്ന് യുവതിയുടെ ഭർത്താവ് വെട്ടിക്കാട്ട്മടത്തിൽ അനസ് പറഞ്ഞു. സംഭവത്തിൽ സ്പൈസ്ജെറ്റിന് പരാതി നൽകിയതായും അനസ് വ്യക്തമാക്കി.

കോഴിക്കോട് വിമാനത്താവളത്തിൽ വെച്ചാണോ, ജിദ്ദ വിമാനത്താവളത്തിൽ വെച്ചാണോ മോഷണം നടന്നതെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. രണ്ട് വിമാനത്താവളങ്ങളിൽ വെച്ചും ഇതിന് സാധ്യതയുണ്ടെങ്കിലും, കരിപ്പൂരിൽ വെച്ച് തന്നെയാകാനാണ് കൂടുതൽ സാധ്യത.

നേരത്തെയും ജിദ്ദയിൽ നിന്ന് പുറപ്പെട്ട യാത്രക്കാർക്കും സമാന അനുഭവങ്ങളുണ്ടായിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടവർക്കും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൂടുതലായും ഗൾഫിൽ നിന്ന് നാട്ടിലേക്ക് പോകുന്ന പ്രവാസികളാണ് ഇത്തരം ചൂഷണത്തിന് വിധേയരാകാറുള്ളത്. നാട്ടിൽ നിന്ന് ഗൾഫിലേക്ക് വരുന്ന യാത്രക്കാർ വിലകൂടിയ വസ്തുക്കളൊന്നും ലഗേജുകളിൽ സൂക്ഷിക്കാറില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനാൽ തന്നെ നാട്ടിൽ നിന്ന് വരുന്നവർക്ക് ഇത്തരം അനുഭവങ്ങൾ വളരെ വിരളമായി മാത്രമേ ഉണ്ടാകാറുള്ളൂ.

ലഗേജിനകത്ത് കൃത്യമായി എന്തെല്ലാം സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നു എന്ന് കണ്ടെത്താൻ കസ്റ്റംസിൻ്റേയും എയർപോർട്ടിലെ മറ്റു ഏജൻസികളുടേയും സ്കാനിംഗ് പരിശോധനകളിലൂടെ സാധിക്കും. ഓരോ ലഗേജിനകത്തും എവിടെ, ഏത് ഭാഗത്ത് എന്തെല്ലാം സൂക്ഷിച്ചിരിക്കുന്നു എന്ന് കൃത്യമായി മനസിലാക്കാൻ ഇത്തരം പരിശോധനയിലൂടെ സാധിക്കാറുണ്ട്. അശ്രദ്ധമൂലമോ അറിവില്ലായ്മ കൊണ്ടോ ലഗേജിനകത്ത് സൂക്ഷിക്കാൻ പാടില്ലാത്ത പവർ ബാങ്ക് പോലുള്ള സാധനങ്ങൾ ഇത്തരം പരിശോധനയിൽ കണ്ടെത്തിയാൽ, ഉടൻ യാത്രക്കാരനെ വിളിച്ച് വരുത്തി അയാളുടെ സാന്നിധ്യത്തിൽ ലഗേജ് തുറന്ന് അവ പുറത്തെടുക്കുന്നതും സാധാരണ കണ്ടുവരാറുളളതാണ്. എന്നാൽ അതെല്ലാം യാത്രക്കാരൻ്റെ സാന്നിധ്യത്തിൽ മാത്രമേ ചെയ്യാൻ അനുവാദമുള്ളൂ.


ഈ സംഭവത്തിലും കരിപ്പൂരിൽ ലഗേജ് പരിശോധിച്ചപ്പോൾ ലഭിച്ച കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മോഷണം നടന്നതാകാനാണ് സാധ്യതയെന്നാണ് വിമാനത്താവളത്തിൽ നിന്നുള്ള ചില ജീവനക്കാർ നൽകുന്ന സൂചന. എന്നാൽ ജിദ്ദ വിമാനത്താവളത്തിൽ വെച്ചും സംഭവം നടക്കാനുള്ള സാധ്യത തള്ളികളയാനാകില്ല. വിമാനത്തിനകത്തെ ലഗേജ് സെക്ഷനിലുൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. അത്തരത്തിലുളള പരിശോധനകൾ നടക്കണമെങ്കിൽ യാത്രക്കാർ പരാതി നൽകിയിരിക്കണം.

എന്നാൽ യാത്ര അവാനിക്കുന്ന വിമാനത്താവളത്തിൽ നിന്ന് ലഗേജ് എടുത്ത് പുറത്ത് പോയ ശേഷം നൽകുന്ന പരാതി സ്വീകാര്യമാകുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നവരാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. യാത്രക്കാർ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ലഗേജുകൾ കൃത്യമായി പരിശോധിക്കണമെന്നും, അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ യാത്ര ലഗേജ് സ്വീകരിക്കുന്ന വിമാനത്താവളത്തിലെ പ്രത്യേക കൌണ്ടറിൽ പരാതി നൽകുകയും വേണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ഓർമിപ്പിക്കുന്നു



Post a Comment

0 Comments