Flash News

6/recent/ticker-posts

മഅ്ദനിയെ കണ്ടു, കണ്ണ് നിറഞ്ഞു; ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ?'; കെ.ടി ജലീൽ

Views
'മഅ്ദനിയെ കണ്ടു, കണ്ണ് നിറഞ്ഞു; ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ?'; കെ.ടി ജലീൽ


ബം​ഗളൂരു: അബ്ദുൽനാസർ മഅ്ദനിയെ സന്ദർശിച്ച് കെ.ടി ജലീൽ എം.എൽ.എ. അദ്ദേഹത്തെ കണ്ട് തന്റെ കണ്ണ് നിറഞ്ഞെന്ന് പറഞ്ഞ കെ.ടി ജലീൽ ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാൻ പാടുണ്ടോ എന്നും ചോദിച്ചു. അദ്ദേഹം ദയാരഹിതമായ വീട്ടുതടങ്കലാണെന്നും ഇത്രമാത്രം ക്രൂരത അബ്ദുൽ നാസർ മഅദനിയോട് എന്തിനാണ് ഭരണകൂടം കാണിക്കുന്നതെന്നും ജലീൽ ചോദിച്ചു.

അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ തൂക്കുകയർ വിധിച്ച് കൊലമരത്തിലേറ്റട്ടെ. ജീവിതത്തിനും മരണത്തിനുമിടയിലെ ഈ കൊല്ലാക്കൊല നീതി നിഷേധത്തിൻ്റെ പാരമ്യതയാണെന്ന് പറയാതെ വയ്യെന്നും സന്ദർശനത്തിന്റെ ചിത്രം പങ്കുവച്ച് ഫേസ്ബുക്കിൽ കെ.ടി ജലീൽ കുറിച്ചു. എന്നോ ഒരിക്കൽ പ്രസംഗത്തിൽ ഉപയോഗിച്ച ചില പദപ്രയോഗങ്ങളെ മുൻനിർത്തി ഇന്നും മഅദനിയെ വിമർശിക്കുന്നവരുണ്ട്.

സംഭവിച്ച നാക്കു പിഴയിൽ മനസറിഞ്ഞ് പശ്ചാത്തപിച്ചിട്ടും ഫാഷിസ്റ്റുകൾ അദ്ദേഹത്തെ വെറുതെ വിട്ടില്ല. മുസ്‌ലിംകളെ പച്ചയ്ക്ക് ചുട്ടു കൊല്ലാനും മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യാനും പരസ്യമായി അട്ടഹസിച്ച ചെകുത്താൻമാർ ഇന്നും നാട്ടിൽ വിലസി നടക്കുന്നു. സംശയമുള്ളവർ ബി.ബി.സി ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം കേൾക്കുക- ജലീൽ പറഞ്ഞു.

മഅ്ദനിയുടെ രക്തം പോരാഞ്ഞിട്ട് അദ്ദേഹത്തിൻ്റെ സഹധർമിണി സൂഫിയയേയും കുരുക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ കണ്ണിൽ ചോരയില്ലാത്ത നീക്കം നീതിപീഠത്തിൻ്റെ കാരുണ്യത്തിലാണ് ഒഴിവായത്. കാലം ഒന്നിനും പകരം ചോദിക്കാതെ കടന്നു പോയിട്ടില്ലെന്ന് മഅ്ദനിക്ക് നീതി നിഷേധിക്കുന്നവരും സൂഫിയ മഅ്ദനിയെ കേസിൽ കുടുക്കാൻ ശ്രമിച്ചവരും ഓർക്കുക.

അബ്ദുൽ നാസർ മഅ്ദനിയെ ഒരുപാട് രോഗങ്ങളാണ് അലട്ടുന്നത്. എന്നാൽ വീര്യം അണുമണിത്തൂക്കം ചോരാത്ത മനസിന് മാത്രം ലവലേശം തളർച്ചയില്ല. ജയിൽവാസം തീർത്ത അസ്വസ്ഥതകളിൽ ഒരു മനുഷ്യ ശരീരം വിങ്ങിപ്പുകയുന്നത് ഏത് കൊടിയ ശത്രുവിൻ്റെയും നെഞ്ചുരുക്കും. ബോധപൂർവം സൃഷ്ടിച്ചെടുത്ത കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞു. ഇനി വാദം പൂർത്തിയാക്കണം.

മനസുവച്ചാൽ എളുപ്പം തീർക്കാവുന്നതേയുള്ളൂ. നടപടിക്രമങ്ങൾ അനന്തമായി നീട്ടുകയാണ്. മഅ്ദനിയുടെ ശരീരം നിശ്ചലമാകുന്നത് വരെ അത് നീളാനാണ് സാധ്യത. കോയമ്പത്തൂരിലെ കേസ് വിസ്താരം ഒച്ചിൻ്റെ വേഗതയിലാക്കിയിട്ടും അവസാനം കുറ്റവിമുക്തനായത് നിലവിലുള്ള കേസിലും സംഭവിക്കുമെന്ന് ഭരണകൂട ഭീകരർക്ക് നന്നായറിയാം. കുറ്റം ചെയ്യാത്ത ഒരാളെ ആര് വിചാരിച്ചാലും കുറ്റക്കാരനാക്കാനാകില്ലല്ലോ? അന്തിമവിധി പറയും മുമ്പേ പ്രതി കാലയവനികയ്ക്കുള്ളിൽ മറഞ്ഞുവെന്ന് എഴുതി ഫയൽ ക്ലോസ് ചെയ്യാനാകുമോ അധികാരികളുടെ ശ്രമം?

അനാവശ്യമായി പീഠിപ്പിച്ചു എന്ന പഴി വീണ്ടും കേൾക്കാതിതിരിക്കാനും ആ ചീത്തപ്പേര് ഒഴിവാക്കാനുമല്ലാതെ മറ്റെന്തിനാണ് കേസ് തീർപ്പാക്കാതെയുള്ള ഈ വലിച്ചു നീട്ടൽ? മഅ്ദനിയെ കണ്ട് മടങ്ങുമ്പോൾ എൻ്റെ ഉള്ളം നിറയെ ഒരായിരം കുതിര ശക്തിയോടെ ഉയർന്ന ചോദ്യങ്ങൾ. അവയ്ക്കുത്തരം നൽകാൻ സൻമനസുള്ള നീതിമാൻമാരില്ലേ ഈ നാട്ടിൽ- അദ്ദേഹം ചോദിച്ചു.



Post a Comment

0 Comments