Flash News

6/recent/ticker-posts

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ് വോട്ടെടുപ്പ് സാമഗ്രികൾ ഹൈക്കോടതിയിലേക്ക്

Views

പെരിന്തൽമണ്ണ: 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ ഉപയോഗിച്ച ബാലറ്റ് പേപ്പർ അടക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ 16-ന് രാവിലെ ഏഴരയോടെ ഹൈക്കോടതിയിലേക്ക് കൊണ്ടുപോകും.

പെരിന്തൽമണ്ണ സബ്ട്രഷറിയിൽ സൂക്ഷിച്ച ഇവ ഹൈക്കോടതി നിർദേശപ്രകാരം വെള്ളിയാഴ്‌ച സബ് കളക്ടർ ഓഫീസിലെ ഉദ്യോഗസ്ഥർ പരിശോധിച്ചു. കേസ് നടത്തിപ്പിന്റെ സൗകര്യം കണക്കിലെടുത്ത് ഇവ ഹൈക്കോടതിയിലേക്കു മാറ്റാൻ രജിസ്ട്രാർ തിങ്കളാഴ്‌ച നിർദേശം നൽകിയിരുന്നു. മാറ്റിവെച്ചതും അസാധുവായതും തപാൽ ബാലറ്റുകളും മുഴുവനായും, വോട്ടെണ്ണലിന്റെയും അനുബന്ധ പ്രക്രിയകളുടെയും വീഡിയോകളുമാണ് കൊണ്ടുപോകുക. 17-നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു വെള്ളിയാഴ്‌ചത്തെ വിവരശേഖരണം. ജൂനിയർ സൂപ്രണ്ട് കെ.പി. സുരേന്ദ്രൻ, ജീവനക്കാരായ അബൂബക്കർ സിദ്ദിഖ്, എം.ആർ. വിഷ്ണു, എം. അരവിന്ദ്, ജോജു, രാജേഷ്, അനൂപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

2021 ഏപ്രിൽ ആറിന് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. എതിർസ്ഥാനാർഥിയായിരുന്ന എൽ.ഡി.എഫ്. സ്വതന്ത്രൻ കെ.പി.എം. മുസ്തഫയാണ് വിജയം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 80-ന് മുകളിലുള്ളവരുടെയും അവശരായവരുടെയും വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കാൻ ഈ തിരഞ്ഞെടുപ്പിൽ ആദ്യമായി അവസരമൊരുക്കിയിരുന്നു. പ്രത്യേക തപാൽ വോട്ടുകളായാണ് ഇവ കണക്കാക്കുന്നത്. ഇങ്ങനെയുള്ള 348 വോട്ടുകൾ വോട്ടെണ്ണൽ വേളയിൽ എണ്ണാതെ മാറ്റിവെച്ചിരുന്നു. ക്രമനമ്പർ, ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിലാണ് മാറ്റിയത്. യു.ഡി.എഫ്. സ്ഥാനാർഥി വിജയത്തിലേക്കടുത്തതോടെ ഈ വോട്ടുകൾ എണ്ണണമെന്ന് എൽ.ഡി.എഫ്. രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വരണാധികാരി അനുവദിച്ചില്ല. പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും അറിയിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്താണ് കെ.പി.എം. മുസ്തഫ കോടതിയെ സമീപിച്ചത്.

ഇക്കഴിഞ്ഞ നവംബറിൽ കെ.പി.എം. മുസ്തഫയുടെ ഹർജി നിലനിൽക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. എതിർവാദമുണ്ടെങ്കിൽ മേൽക്കോടതിയെ സമീപിക്കാമെന്നും വിധിയിൽ കോടതി അറിയിച്ചിരുന്നു.



Post a Comment

0 Comments