Flash News

6/recent/ticker-posts

ഇസ്ലാമിക രാജ്യങ്ങളിലേക്കാള്‍ മത സ്വാതന്ത്ര്യം ഇന്ത്യയില്‍ ; മുസ്ലിം ലീഗ്

Views
ഇസ്ലാമിക രാജ്യങ്ങളിലേക്കാള്‍ മത സ്വാതന്ത്ര്യം ഇന്ത്യയില്‍ ; മുസ്ലിം ലീഗ്



സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളെക്കാള്‍ കൂടുതല്‍ മത സ്വാതന്ത്ര്യമുള്ളത് ഇന്ത്യയിലാണെന്ന സമസ്ത എ.പി കാന്തപുരം വിഭാഗം സെക്രട്ടറി പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാരുടെ പ്രസ്താവന തള്ളാതെ മുസ്ലിം ലീഗ്. മുസ്ലിങ്ങള്‍ രാജ്യത്ത് വെല്ലുവിളി നേരിടാത്തതിന്റെ യഥാര്‍ത്ഥ കാരണം ഭരണഘടനയുടെ ശക്തിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അത് നിലനിര്‍ത്താനാണ് മുസ്ലിം ലീഗ് അടക്കം പോരാടുന്നതെന്നും സാദിഖലി പ്രതികരിച്ചു. അതേസമയം രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില വെല്ലുവിളികളുണ്ടെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രബല മുസ്ലിം വിഭാഗത്തിന്റെ പ്രസ്താവനയെ തള്ളുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. എസ്‌.എസ്‌.എഫ് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇസ്ലാമിക രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ മത സ്വാതന്ത്ര്യം ഇന്ത്യയില്‍ ഉണ്ടെന്ന പരാമര്‍ശം പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാര്‍ നടത്തിയത്. ഗള്‍ഫില്‍ പോലും ഇന്ത്യയിലെപ്പോലെ മതസ്വാതന്ത്ര്യമില്ല. ഇന്ത്യ സ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണെന്നും സൗദി ഉള്‍പ്പെടെയുള്ള നാടുകളില്‍ ഇന്ത്യയിലെപ്പോലെ മതസ്വാതന്ത്ര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാര്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന ഈ കാലത്ത് പൊന്മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാര്‍ നടത്തിയ പരാമര്‍ശം സംഘപരിവാറിനെ സഹായിക്കുന്നതാണെന്ന വിമര്‍ശനം ചില ഇടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ മുസ്ലിം ലീഗ് അദ്ദേഹത്തിന്റെ പ്രസ്താവനയെ തള്ളാന്‍ തയ്യാറായിട്ടില്ല. ഏകീകൃത സിവില്‍ കോഡ് പോലുള്ള വിഷയങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അനുകൂല പ്രസ്താവന നടത്തിയത് അനുചിതമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.

പ്രസ്താവന വിവാദമായതോടെ തങ്ങളുടേത് രാജ്യത്തിന് വേണ്ടിയുള്ള നിലപാടാണെന്നും സര്‍ക്കാര്‍ അനുകൂല നിലപാടല്ലെന്നും എസ്‌.എസ്‌.എഫ് വിശദീകരിച്ചു. അതേസമയം രാജ്യത്തെ അവഹേളിക്കാന്‍ അനുവദിച്ചകരുതെന്ന് ഓര്‍ര്‍മ്മിപ്പിച്ചുകൊണ്ട് എസ്.എസ്.എഫ് സംസ്ഥാന സമ്മേളന പ്രമേയം പാസാക്കിയിരുന്നു. ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച്‌ വെറുപ്പ് ഉല്പാദിപ്പിച്ചു കൊണ്ടാകരുതെന്ന് എസ്.എസ്.എഫ് വ്യക്തമാക്കി. രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്. സര്‍ക്കാറിന്റെ നയനിലപാടുകളെ എതിര്‍ക്കാന്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തേണ്ടതില്ലെന്നും സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഡോ: അബൂബക്കര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു. ഫാഷിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളര്‍ത്തിക്കൊണ്ട് വരാനുള്ള നീക്കങ്ങളോട് ഇസ്ലാമിന് യോജിക്കാനാവില്ല. ഭരണകൂടത്തോട് ശക്തമായ വിമര്‍ശങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് തന്നെ രാഷ്ട്ര മൂല്യങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്ന നിശ്ചയദാര്‍ഢ്യം രൂപപ്പെടുത്തേണ്ടതുണ്ട്. സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടേണ്ടത് സമാന്തരമായി വെറുപ്പ് ഉല്പാദിപ്പിച്ചു കൊണ്ടല്ല, ഭരണകൂടമല്ല രാജ്യം. രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സര്‍ക്കാറിന് അനുകൂലമായ നിലപാടുകളായി വ്യാഖ്യാനിക്കുന്നത് അതിവായനയാണ്. പൗരാണിക കാലം മുതല്‍ മതനിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് നമ്മുടേത്. ആ പാരമ്പര്യം കളങ്കപ്പെട്ടുകൂടാ. മാറിവരുന്ന ഭരണകൂടങ്ങള്‍ക്കൊപ്പം പൗരസമൂഹവും ഇക്കാര്യത്തില്‍ ജാഗരൂകരാവണമെന്നും പ്രമേയത്തില്‍ പറയുന്നു


Post a Comment

0 Comments