Flash News

6/recent/ticker-posts

ഒരുദിവസത്തേക്ക് കടം ചോദിച്ച് സഹൃത്തിന്റെ വാട്‌സ്ആപ്പ് മെസേജ് വരും, സൂക്ഷിക്കുക

Views
ജിദ്ദ : രണ്ടോ മൂന്നോ ദിവസത്തേക്ക് വായ്പയും തിരിമറിയും ചോദിച്ച് സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും വരുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളും ഇ-മെയിലുകളും ഒറ്റയടിക്ക് വിശ്വസിക്കരുത്. ഇത്തരം സന്ദേശങ്ങള്‍ വഴി സാമ്പത്തിക തട്ടിപ്പിനിരയാകുന്നവര്‍ വര്‍ധിച്ചുവരികയാണ്.
സുഹൃത്തായും സോഷ്യല്‍ മീഡിയയിലെ പരിചയക്കാരനായും ബന്ധപ്പെട്ട് കബളിപ്പിക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കൂടുതലായി വരുന്നുണ്ട്.

സുഹൃത്തുക്കള്‍ തമ്മില്‍ നേരത്തെ നടത്തിയ ചാറ്റും ആശയ വിനിമയങ്ങളും ഹാക്ക് ചെയ്ത് വായിച്ച ശേഷമാണ് സൈബര്‍ തട്ടിപ്പുകാര്‍ ഇരകളെ കണ്ടെത്തുന്നത്. വാട്‌സ്ആപ്പിലും ഇ-മെയിലിലും ഫേസ് ബുക്കിലും മെസേജുകള്‍ ലഭിക്കുന്നവര്‍ക്ക് വിശ്വസനീയമായി തോന്നുന്ന തരത്തിലാണ് സന്ദേശങ്ങള്‍ തയാറാക്കുന്നതും ചാറ്റ് ചെയ്യുന്നതും. കുറച്ചു നേരത്തെ, അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തെ ചാറ്റിനു ശേഷമായിരിക്കും കുറഞ്ഞ ദിവസത്തേക്കുള്ള മുട്ടുവായ്പ ചോദിക്കുക. കാര്‍ ബ്രേക്ക് ഡൗണായി, ഇതര സംസ്ഥാനങ്ങളിലോ വിദേശത്തോ കുടുങ്ങിപ്പോയി, പോക്കറ്റടിക്കപ്പെട്ടു തുടങ്ങി പലതാകും വായ്പക്കയുള്ള കാരണങ്ങള്‍ പറയുക. വാട്‌സ്ആപ്പിലാണെങ്കില്‍ ഡി.പി ആയി ഫോട്ടോകളും ഉപയോഗിച്ചിട്ടുണ്ടാകും. ഫോണ്‍ നമ്പറുകള്‍ ഇല്ലാതെ തന്നെ വിദേശ രാജ്യങ്ങളിലെ ഐ.പികള്‍ വഴി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കും.
രക്ഷപ്പെടാനുള്ള മാര്‍ഗം നേര്‍ക്കുനേരെയുള്ളതാണ്. വാട്‌സ്ആപ്പ് വഴിയോ ഇ-മെയില്‍ വഴിയോ ബന്ധപ്പെട്ടയാള്‍ സുഹൃത്തോ ബന്ധുവോ ആണെന്ന് ഫോണ്‍ വഴി സംസാരിച്ച് ഉറപ്പുവരുത്തുന്നതിനു മുമ്പ് ഇത്തരത്തില്‍ വായ്പ ചോദിക്കുന്നവര്‍ക്ക് പണം അയക്കരുത്. 

മുട്ടുവായ്പ ചോദിക്കുന്നയാള്‍ ഫോണ്‍ വഴി സംസാരിക്കാന്‍ തയാറാകുന്നില്ലെങ്കില്‍, തടസ്സം പറയുകാണെങ്കില്‍ തട്ടിപ്പുകാരനാണെന്ന് ഉറപ്പിക്കുകയും ചെയ്യാം.
കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് പണം അയക്കുന്നതെങ്കിലും ജാഗ്രത ആവശ്യമാണ്. പണം അയക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കമ്പനികള്‍ അയച്ചിരിക്കുന്ന ഇ-മെയിലും മറ്റു സന്ദേശങ്ങളും ഒറിജിനാലാണെന്ന് ഉറപ്പിക്കാനാവില്ല. അങ്ങനെ ഊഹിക്കുകയുമരുത്. അയക്കുന്ന തുക ചെറുതാണെങ്കിലും വലുതാണെങ്കിലും കമ്പനികളിലെ ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഉറപ്പുവരുത്തുന്നാണ് തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം.
ആറേഴു മാസമായി ചാറ്റ് ചെയ്യേണ്ട ആവശ്യം വന്നിട്ടില്ലാത്ത എന്റെ ഒരു സുഹൃത്തിന് കഴിഞ്ഞ ദിവസം എന്റെ പേരില്‍ വാട്‌സ്ആപ്പ് മെസേജ് ലഭിച്ചു. എന്റെ പഴയ ഫോട്ടോയാണ് ചേര്‍ത്തിരുന്നത്. സുഹൃത്ത് വോയിസ് മെസേജ് അയച്ചാണ് കാര്യങ്ങള്‍ അന്വേഷിച്ചതെങ്കിലും ടെക്‌സ്റ്റ് മെസേജുകള്‍ മാത്രമായിരുന്നു മറുപടി. ഒടുവില്‍ 30,000 രൂപ വേണമെന്ന ആവശ്യം ഉന്നയിച്ചു. നാളെ തന്നെ തിരിച്ചയക്കാമെന്നും പറഞ്ഞു. ഗൂഗിള്‍ പേ ഉണ്ടോ, പേടിഎം ഉണ്ടോ എന്നും ചോദിച്ചു. ഉപയോഗിക്കാറില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു ബാങ്ക് അക്കൗണ്ട് നമ്പര്‍ അയച്ചുകൊടുത്തു. 

സഞ്ജീവ റെഡ്ഢി എന്നയാള്‍ക്കാണ് പണം അയക്കേണ്ടതെന്നു കൂടി കണ്ടതോടെയാണ് സുഹൃത്തിന് സംശയം തോന്നിയത്. അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം നല്‍കാമെന്ന് അറിയിച്ചതോടെയാണ് മറുതലയ്ക്കല്‍ ചാറ്റ് അവസാനിപ്പിച്ചതും അപ്രത്യക്ഷനായതും.
ഓര്‍മിപ്പിക്കാനുള്ളത്: സുഹൃത്താണല്ലോ, ഒരു ദിവസത്തേക്കാണല്ലോ എന്നൊക്കെ കരുതി മെസേജ് ലഭിച്ചയുടന്‍ പണം അയക്കരുത്. വായ്പ നല്‍കുക എന്നത് വലിയ സേവനമാണെങ്കിലും എല്ലാ അര്‍ഥത്തിലും ഉറപ്പുവരുത്തിയ ശേഷമേ ചെയ്യാവൂ. തട്ടിപ്പുകാരില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല.



Post a Comment

0 Comments