Flash News

6/recent/ticker-posts

എം .വി ശിവശങ്കർ വിരമിക്കുന്നു ; കേസുകളിൽ നിയമംപോരാട്ടം ശക്തമാക്കാനുള്ള തയ്യാറെടുപ്പിൽ

Views തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ ഐഎഎസ് ഈ മാസം സർവീസിൽനിന്ന് വിരമിക്കും. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തു കേസിൽ പ്രതിയായി 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ച ശിവശങ്കർ 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. സർവീസിൽനിന്ന് സ്വയം വിരമിക്കാൻ നേരത്തെ അപേക്ഷ നൽകിയെങ്കിലും കോടതിയിൽ കേസുള്ളതിനാൽ അനുമതി ലഭിച്ചില്ല. ജയിൽ ജീവിതം പശ്ചാത്തലമാക്കി 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിൽ പുസ്തമെഴുതി. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പരിചയമുണ്ടെന്നും സ്വർണക്കടത്ത് ബന്ധം അറിയില്ലായിരുന്നെന്നും ശിവശങ്കർ വെളിപ്പെടുത്തി. പിന്നാലെ 'ചതിയുടെ പത്മവ്യൂഹം' എന്ന പേരിൽ ശിവശങ്കറിനെ രൂക്ഷമായി വിമർശിച്ച് സ്വപ്നയും പുസ്തകമെഴുതി. സ്വർണക്കടത്തു സംഘത്തെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചെന്ന കേസിൽ 2020 ഒക്ടോബർ 28നാണ് എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) അറസ്റ്റു ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉന്നതപദവി വഹിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ഇത്തരമൊരു കേസിൽ അറസ്റ്റിലായതോടെ വലിയ രാഷ്ട്രീയവിവാദങ്ങൾക്കും തുടക്കമായി. സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ പേരുകൾ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചും ആരോപണം ഉയർന്നത്. ആദ്യം പിന്തുണച്ചും പിന്നീട് ന്യായീകരിച്ചും മുന്നോട്ടുപോയ മുഖ്യമന്ത്രി, സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റിനെക്കുറിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ ശിവശങ്കറിനെ കൈവിട്ടു. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കി. ഇതോടെ ശിവശങ്കർ ഒരു വർഷത്തെ അവധിയിൽ പ്രവേശിച്ചു. സ്വർണക്കടത്തുകേസ് അന്വേഷണത്തിനു തുടക്കമിട്ടതു കസ്റ്റംസാണെങ്കിലും എൻഐഎയും ഇഡിയുമെല്ലാം പിന്നാലെയെത്തി ദിവസങ്ങളോളം ശിവശങ്കറിനെ ചോദ്യം ചെയ്തു. സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ, ചാർട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ ചാറ്റുകളെക്കുറിച്ച് കൃത്യമായി മറുപടി പറയാൻ കഴിയാത്തതോടെ ഇഡി ശിവശങ്കറിനെ അറസ്റ്റു ചെയ്തു. അതോടെ, കോവിഡ് കാലത്ത് സർക്കാരിനു മറ്റൊരു അഗ്നിപരീക്ഷ നേരിടേണ്ടിവന്നു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മന്ത്രിമാരുടെയും സ്പീക്കറുടെയും പേരുകൾ ആരോപണങ്ങളിൽ നിറഞ്ഞു. തിരുവനന്തപുരത്ത് 1963 ജനുവരി 24നാണ് ശിവശങ്കറിന്റെ ജനനം. 1978 ലെ എസ്എസ്എൽസി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി. ബിടെക് ബിരുദം നേടിയശേഷം റിസർവ് ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. ഡപ്യൂട്ടി കലക്ടറായി സംസ്ഥാന സർവീസിൽ. 2000 ൽ ഐഎഎസ് കൺഫർ ചെയ്തു. 2016 ൽ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി പദവിയിലെത്തി. 2019ൽ പ്രിൻസിപ്പൽ സെക്രട്ടറിയായി. മഹാപ്രളയത്തിനു ശേഷം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൾട്ടന്റായി കെപിഎംജിയെ കൊണ്ടുവരാനുള്ള നീക്കം വിവാദമായിരുന്നു. ഒടുവിൽ കെപിഎംജിയെ സർക്കാരിനു മാറ്റിനിർത്തേണ്ടി വന്നു. കോവിഡ് നേരിടുന്നതിൽ സർക്കാർ മികച്ച പ്രതിച്ഛായയുമായി മുന്നേറുമ്പോഴാണു സ്പ്രിൻക്ലർ വിവാദം ഉണ്ടായത്. എങ്കിലും മുഖ്യമന്ത്രി ശിവശങ്കറിനെ തള്ളിപ്പറഞ്ഞില്ല. സർവീസിലുള്ള ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരിൽ ഒരാളായാണ് ശിവശങ്കർ വിലയിരുത്തപ്പെട്ടിരുന്നത്. സ്വപ്നയുമായുള്ള ബന്ധവും അവരെ ഐടി പാർക്കിൽ നിയമിച്ചതുമാണ് സസ്പെൻഷനിലേക്ക് നയിച്ചത്. സർവീസിൽ തിരിച്ചെടുത്തെങ്കിലും പ്രധാന പദവികൾ ലഭിച്ചില്ല. കേസുകളിൽ നിയമപോരാട്ടം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് ശിവശങ്കർ.


Post a Comment

0 Comments