Flash News

6/recent/ticker-posts

പെരിന്തൽമണ്ണ ബാലറ്റ് പെട്ടി വിവാദത്തിൽ ഹൈക്കോടതി നിലപാട് നിർണായകമാകും

Views

പെരിന്തൽമണ്ണയിലെ ബാലറ്റ് പെട്ടി വിവാദത്തിൽ ഏതു തരം അന്വേഷണം വേണമെന്നതിൽ നിർണായകമാകുക ഹൈക്കോടതിയുടെ നിലപാട്. ഇപ്പോൾ പല തലത്തിൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, 30ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഹൈക്കോടതി എന്തു പറയുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. വിശദമായ അന്വേഷണം വേണമെന്നു സബ് കലക്ടറും കേസിലെ പ്രധാന കക്ഷിയായ നജീബ് കാന്തപുരം എംഎൽഎയും എൽഡിഎഫ് സ്ഥാനാർഥി കെ.പി.മുഹമ്മദ് മുസ്തഫയും ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശപ്രകാരം കലക്ടർ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. വീഴ്ച വരുത്തിയെന്നു സബ് കലക്ടർ ചൂണ്ടിക്കാട്ടിയ 4 ഉദ്യോഗസ്ഥരുടെ മറുപടി കൂടി ലഭിച്ച ശേഷമായിരിക്കും കലക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.  എന്നാൽ, പൊലീസ് ഇതുവരെ ചിത്രത്തിൽ വന്നിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസായതിനാൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോ ജില്ലാ വരണാധികാരിയായ കലക്ടറോ പരാതി നൽകാതെ പൊലീസിന് ഇടപെടാനാവില്ല. ഉദ്യോഗസ്ഥ തലത്തിലുള്ള അന്വേഷണമാണു നടപടിക്രമമെന്നാണ് ഔദ്യോഗിക വിശദീകരണം.

പെരിന്തൽമണ്ണ സബ് ട്രഷറി ഓഫിസിൽനിന്നു കാണാതാകുകയും പിന്നീട് മലപ്പുറം സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഫിസിൽ കണ്ടെത്തുകയും ചെയ്ത പെട്ടിയിൽനിന്നു 482 തപാൽ വോട്ടുകൾ കാണാതായെന്ന സബ് കലക്ടറുടെ റിപ്പോർട്ടോടെ സംഭവത്തിന്റെ മാനം മാറിയിട്ടുണ്ട്. പെട്ടി തുറന്ന നിലയിലായിരുന്നു, രേഖകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു തുടങ്ങിയ ഗൗരവമുള്ള കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്. എന്നാൽ, അട്ടിമറി നടന്നതായി റിപ്പോർട്ടിൽ പറയുന്നില്ല.



Post a Comment

0 Comments