Flash News

6/recent/ticker-posts

ക്ഷേമപെന്‍ഷന്‍ അപേക്ഷയ്ക്കായി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിർമിച്ചുനല്‍കിയ യുവാവ് പിടിയില്‍

Views

 ക്ഷേമപെന്‍ഷന്‍ അപേക്ഷയ്ക്കായി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിർമിച്ചുനല്‍കിയ യുവാവ് പിടിയില്‍



മലപ്പുറം-പഞ്ചായത്തിലെ ക്ഷേമപെന്‍ഷന്‍ അപേക്ഷയില്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുനല്‍കിയ ആള്‍ പോലീസ് പിടിയില്‍. പാലപ്പെട്ടി പുതിയിരുത്തി വെസ്റ്റ് അജ്മീര്‍ നഗര്‍ സ്വദേശി അച്ചാറിന്റെകത്ത് അജ്മല്‍ (23) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. വെളിയങ്കോട് പഞ്ചായത്തിലേക്കുള്ള പെന്‍ഷന്‍ അപേക്ഷകള്‍ക്കായി ഗുണഭോക്താക്കള്‍ക്ക് വ്യാജമായി 15 വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ നിർമിച്ചുനല്‍കിയതായി പോലീസ് കണ്ടെത്തി.

അജ്മല്‍ പുതിയിരുത്തിയില്‍ ജനസേവാ കേന്ദ്രം നടത്തിയിരുന്നു. ഇവിടെനിന്നാണ് ഇയാള്‍ പലർക്കായി വ്യാജ സർട്ടിഫിക്കറ്റുകള്‍ നിർമിച്ചുനല്‍കിയത്. വെളിയങ്കോട് ഗ്രാമം തപാല്‍ ഓഫീസിനു കീഴില്‍വരുന്ന വിലാസത്തിലുള്ള എട്ടുപേരുടെ വരുമാന സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് വില്ലേജ് ഓഫീസര്‍ കണ്ടെത്തിയത്. വെളിയങ്കോട് വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് പെരുമ്പടപ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ക്ഷേമ പെന്‍ഷന് നല്‍കിയ അപേക്ഷയുടെ വരുമാന സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ സംശയം തോന്നിയ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് അധികൃതരാണ് സൂക്ഷ്മപരിശോധനക്കായി വെളിയങ്കോട് വില്ലേജ് ഓഫീസിന് കൈമാറിയത്. വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ എട്ടു വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരേ നമ്പറിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പേരുകള്‍ മാറ്റിയനിലയില്‍ കണ്ടെത്തി.

അപേക്ഷകരുടെ മൊഴിയെടുക്കലിനുശേഷം ജനസേവാ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അജ്മലിനെ കണ്ടെത്താനായത്. വെളിയങ്കോട്, പെരുമ്പടപ്പ് മേഖലയിലെ ജനസേവാ കേന്ദ്രത്തില്‍നിന്നും വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതായും പോലീസിന് സൂചനയുണ്ട്. ജില്ലയിലെ മറ്റു തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നല്‍കിയ പെന്‍ഷന്‍ അപേക്ഷകളിലും വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് കണ്ടെത്തുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. പോലീസ് പിടികൂടിയ അജ്മലിനെ ബുധനാഴ്ച പൊന്നാനി കോടതി റിമാന്‍ഡ്‌ ചെയ്തു.



Post a Comment

0 Comments