Flash News

6/recent/ticker-posts

വീണ്ടും നടുങ്ങി തുര്‍ക്കിയും സിറിയയും; അതിര്‍ത്തിയില്‍ 6.4 തീവ്രതയില്‍ ശക്തമായ ഭൂചലനം

Views

ഇസ്താംബുള്‍: തുര്‍ക്കിയെയും സിറിയയെയും നടുക്കി വീണ്ടും ഭൂചലനം. 6.4 തീവ്രതയില്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയിലാണ് ഭൂചലനമുണ്ടായതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.രണ്ട് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ശക്തമായ ഭൂചലനമാണ് ഉണ്ടായതെന്നും അന്റാക്യയിലെ കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നുമാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.

സിറിയ, ഈജിപ്ത്, ലബനന്‍ എന്നിവിടങ്ങളില്‍ പ്രകമ്ബനം അനുഭവപ്പെട്ടു. തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും നിരവധിപേര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. അരലക്ഷത്തോളം പേരുടെ ജീവനെടുത്ത ഭൂചലനത്തിന്‍റെ കനത്ത ആഘാതം വിട്ടുമാറും മുന്‍പാണ് തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം ഉണ്ടായത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്ക് ഹതായ് പ്രവിശ്യയിലുണ്ടായ ഭൂചലനം തിരിച്ചടിയായി.

ഭൂകമ്ബ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് പേരാണ് രാത്രിയില്‍ വീട് വിട്ട് തുറസായ സ്ഥലങ്ങളില്‍ അഭയം തേടിയത്. രണ്ടാഴ്ച മുന്പുണ്ടായ ഭൂകന്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് ഹതായ് മേഖലയിലെ തെരുവിലെ ടെന്‍റുകളില്‍ ഉറങ്ങുകയായിരുന്നവര്‍ വീണ്ടും ദുരന്തമുഖത്തായി. കാല്‍ക്കീഴില്‍ ഭൂമി പിളരുന്നത് പോലെ തോന്നിയാണ് പലരും ഞെട്ടി ഉണര്‍ന്നത്. ടെന്‍റുകള്‍ക്ക് വെളിയില്‍ ആളുകള്‍ ഓടിക്കൂടുകയായിരുന്നു. പ്രാദേശിക പാര്‍ട്ടി നേതാവായ ലുഫ്തി കാസ്കി ബെംഗു ടര്‍ക്ക് ടിവിയില്‍ അഭിമുഖം നല്‍കുമ്ബോഴാണ് ഭൂചലനം ഉണ്ടായത്.

ഭൂമി കുലുങ്ങിയതോടെ അദ്ദേഹം ഭയന്നോടി. ഇനിയും ഒരു ആഘാതം താങ്ങാന്‍ കഴിയാത്ത ഒരു ജനത കൈയില്‍ കിട്ടാവുന്നതെല്ലാം എടുത്ത് വീണ്ടും തെരുവിലുറങ്ങുകയാണ്.ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങളും വീണ്ടും റോഡുകളില്‍ ചീറിപ്പായുന്നു. തുര്‍ക്കിക്കും സിറിയക്കും തുര്‍ക്കിക്കും ഇനിയൊരു ഭൂചലനം കൂടെ താങ്ങാനാവില്ല.


Post a Comment

0 Comments