കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ച 978 പേർക്കും ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനകം നൽകണം -ഹൈകോടതി
കൊച്ചി: കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ച 978 പേർക്കും ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനകം നൽകണമെന്ന് ഹൈകോടതി. കഴിഞ്ഞ ഡിസംബർ 31വരെ വിരമിച്ചവരിൽ റിട്ടയർമെന്റ് ആനുകൂല്യം ലഭിക്കാനുള്ളവരെന്ന നിലയിലാണ് ഇത്രയും പേർക്ക് തുക നൽകാൻ നിർദേശിച്ചത്. വസ്തുവകകൾ വിറ്റാണെങ്കിലും വായ്പ തീർക്കാനുള്ള മാർഗം നോക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവിൽ പറയുന്നു.
കെ.എസ്ആർ.ടി.സിയിൽനിന്ന് വിരമിച്ചവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നാലുമാസത്തിനകം നൽകണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. വിരമിക്കൽ ആനുകൂല്യത്തിനായി കോടതിയെ സമീപിച്ചവർക്ക് ഫെബ്രുവരി 28നകം 50 ശതമാനം തുക നൽകിയാലേ റിവ്യൂ ഹരജികൾ പരിഗണിക്കൂവെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, കെ.എസ്.ആർ.ടി.സി അഭിഭാഷകന്റെ അഭ്യർഥനമാനിച്ച് കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കുകയായിരുന്നു. ഈ ഹരജി തീർപ്പാക്കിയാണ് കോടതിയുടെ നിർദേശങ്ങൾ.
വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ നിലവിലുണ്ടായിരുന്ന പ്രത്യേക കോർപസ് ഫണ്ട് ഏപ്രിലിൽ പുനഃസ്ഥാപിക്കണമെന്ന് കോടതി നിർദേശിച്ചു. തുടർന്ന് മുൻഗണനക്രമത്തിൽ ബാക്കിതുക കാലതാമസമില്ലാതെ വിതരണം ചെയ്യണം. മക്കളുടെ വിവാഹം, കുടുംബാംഗങ്ങളുടെ ചികിത്സ, വീട് ജപ്തി തുടങ്ങിയ അടിയന്തര സാഹചര്യം നേരിടുന്നവർ എം.ഡിക്ക് അപേക്ഷ നൽകിയാൽ നിജസ്ഥിതി പരിശോധിച്ച് രണ്ടാഴ്ചക്കകം പണം നൽകാനും ഉത്തരവിൽ പറയുന്നു. ഹരജിക്കാർക്ക് മാത്രം തുക നൽകണമെന്നത് വിരമിച്ച മറ്റുള്ളവരോടുള്ള അനീതിയാകുമെന്നും എല്ലാവർക്കും ഒരു ലക്ഷം രൂപ വീതം നൽകിയിട്ട് ബാക്കി നൽകാൻ സാവകാശം അനുവദിക്കണമെന്നുമുള്ള കെ.എസ്.ആർ.ടി.സി ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്.
സാധാരണക്കാരായ പെൻഷൻകാരുടെ ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്നത് അനീതിയും മനുഷ്യാവകാശ ലംഘനവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിമാസം ശരാശരി 175-180 കോടിയുണ്ടായിരുന്ന വരുമാനം 206 കോടിയായിട്ടും പെൻഷൻകാർക്ക് പണം നൽകാനില്ലാത്ത അവസ്ഥയാണ്. ദിവസ വരുമാനത്തിന്റെ 10 ശതമാനം ട്രഷറി അക്കൗണ്ടിൽ നിക്ഷേപിച്ച് പെൻഷൻകാർക്ക് വേണ്ടി കോർപസ് ഫണ്ട് രൂപവത്കരിക്കണമെന്ന് ഹൈകോടതിയും സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. ഇത് നിർത്തലാക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണ്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2019ൽ ഫണ്ട് നിർത്തലാക്കിയെന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ചത്.
0 Comments