Flash News

6/recent/ticker-posts

യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലേറ് ; പ്രതി മലപ്പുറത്ത് നിന്നും പിടിയിൽ

Views
യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലേറ് ; പ്രതി മലപ്പുറത്ത് നിന്നും പിടിയിൽ

കോഴിക്കോട് ബീച്ചിൽ 24 വർഷം മുമ്പ് നടന്ന മലബാർ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞയാളെ നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർമഠം എൻ.വി. അസീസ് (56) ആണ് പിടിയിലായത്. വഴിയോരത്ത് പഴക്കച്ചവടം ചെയ്തുവരുന്നയാളാണ് അസീസ്.

1999 ഫെബ്രുവരി ഏഴിന് രാത്രി 9.15-ന് ആയിരുന്നു കേസിന്നാസ്പദമായ സംഭവം. ഗാനമേള നടന്നുകൊണ്ടിരിക്കെ നഴ്സസ് ഹോസ്റ്റലിന് മുൻവശത്തുനിന്ന് കല്ലെറിഞ്ഞ സംഘത്തിൽ പിടികിട്ടേണ്ടയാളായിരുന്നു അസീസെന്ന് അന്വേഷണസംഘം വ്യക്തമാക്കി. മാത്തോട്ടത്തുനിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരിൽ പുളിക്കൽകുന്നത്ത് വീട്ടിൽ താമസിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. മാത്തോട്ടത്തെ ഒരു പരിസരവാസി നൽകിയ സൂചനയനുസരിച്ചാണ് പോലീസ് മലപ്പുറം ജില്ലയിൽ അന്വേഷണം ശക്തമാക്കിയത്. സംഭവംനടന്ന ദിവസം ഒരു പോലീസുകാരന്റെ വയർലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു.

നടക്കാവ് സി.ഐ.യായിരുന്ന കെ. ശ്രീനിവാസൻ ആയിരുന്നു അന്നത്തെ അന്വേഷണോദ്യോഗസ്ഥൻ. കേസിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ്കുമാർ, പി.കെ. ബൈജു, പി.എം. ലെനീഷ് എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് ഇയാൾക്കായി തിരച്ചിൽ നടത്തിയത്. കോടതിയിൽ ഹാജരാക്കിയ അസീസിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.


Post a Comment

0 Comments