Flash News

6/recent/ticker-posts

ബി.ബി.സി ഡോക്യുമെന്ററി: കേ​ന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

Views
ബി.ബി.സി ഡോക്യുമെന്ററി:             
കേ​ന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്


ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യ സംബന്ധിച്ച ബി.ബി.സി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടഞ്ഞ വിഷയത്തിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ​ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതാണ് കേന്ദ്രം തടഞ്ഞത്.

ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് സമൂഹ മാധ്യമങ്ങളിൽ ഡോക്യുമെന്ററിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നത് നിരോധിച്ചതിന്റെ യഥാർഥ രേഖകൾ അടുത്ത വാദം കേൾക്കുന്ന ദിവസം കോടതിയിൽ ഹാജരാക്കണമെന്ന് കേ​ന്ദ്രത്തോട് ആവശ്യപ്പെട്ടു. 2023 ഏപ്രിലിലാണ് അടുത്ത തവണ കേസ് കേൾക്കുക. മാധ്യമപ്രവർത്തൻ എൻ. റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എം.പി മെഹുവ മൊയ്ത്ര എന്നിവയുടെ സംയുക്ത ഹരജിയും അഡ്വ. എം.എൽ. ശർമ സമർപ്പിച്ച ഹരജിയും പരിഗണിച്ചാണ് കോടതിയുടെ നടപടി.

ഐ.ടി നിയമത്തിലെ അടിയന്തര വ്യവസ്ഥയിൽ ഉപയോഗിച്ചാണ് ഡോക്യുമെന്ററിയുടെ പ്രദർശനം തടസപ്പെടുത്തിയതെന്ന് എൻ. റാമിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. കേന്ദ്രം ഡോക്യുമെന്ററി നിരോധിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറക്കിയിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളിൽ നിന്ന് ലിങ്ക് നീക്കം ചെയ്യുകയാണെന്നും ഈ നടപടി തികച്ചും ദുരുദ്ദേശ്യപരവുംഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്നുമായിരുന്നു എം.എൽ.ശർമയുടെ ആരോപണം.

ഐ.ടി നിയമം 2021-ന് കീഴിലുള്ള അടിയന്തര വ്യവസ്ഥകൾ ഉപയോഗിച്ചാണ് ജനുവരി 21 ന് ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ ലിങ്കുകൾ പങ്കിടുന്നതും യൂട്യൂബ് വിഡിയോകളും ട്വിറ്റർ പോസ്റ്റുകളും കേന്ദ്രം തടഞ്ഞത്.



Post a Comment

0 Comments