Flash News

6/recent/ticker-posts

ബുക്ക് ചെയ്ത ട്രെയിനിൽ കയറാനായില്ല; വ്യാജബോംബ് സന്ദേശം നൽകി ട്രെയിൻ വൈകിച്ചു,

Views
ബുക്ക് ചെയ്ത ട്രെയിനിൽ കയറാനായില്ല; വ്യാജബോംബ് സന്ദേശം നൽകി ട്രെയിൻ വൈകിച്ചു, 

   
ഷൊർണൂർ ∙ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് രാജധാനി എക്സ്പ്രസ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടു മണിക്കൂറോളം വൈകിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ ജയസിങ് റാത്തോറിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. എറണാകുളത്തുനിന്ന് ഈ ട്രെയിനിൽ ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ജയസിങ് റാത്തോർ, എറണാകുളത്തുനിന്ന് ട്രെയിനിൽ കയറാൻ സാധിക്കാതെ വന്നതോടെയാണ് വ്യാജ ബോംബ് സന്ദേശം നൽകി ട്രെയിൻ വൈകിച്ചത്.

തുടർന്ന് ഷൊർണൂർ സ്റ്റേഷനിൽവച്ച് ട്രെയിനിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ, എറണാകുളത്തു നിന്നെത്തിയ ജയസിങ് ആരുമറിയാതെ രാജധാനിയിൽ കയറി. വിശദമായ പരിശോധനയിൽ ഇയാളാണ് വ്യാജ ബോംബ് സന്ദേശത്തിനു പിന്നിലെന്ന് വ്യക്തമായതോടെ, റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന വ്യക്തിയാണ് ജയസിങ് റാത്തോർ. ഇദ്ദേഹം റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴേയ്ക്കും ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. തുടർന്ന് ട്രെയിൻ വൈകിക്കാനായി 139 എന്ന റെയിൽവേയുടെ ടോൾഫ്രീ നമ്പറിൽ വിളിച്ച് ട്രെയിനിൽ ബോംബുണ്ടെന്ന് വ്യാജ സന്ദേശം നൽകുകയായിരുന്നു. ഈ കോൾ തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് അറ്റൻഡ് ചെയ്തത്. വിളിച്ചതിനു തൊട്ടുപിന്നാലെ ഇയാൾ മൊബൈൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

ബോംബുണ്ടെന്ന വിവരത്തെ തുടർന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ട രാജധാനി എക്സ്പ്രസിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഇതിനിടെ സന്ദേശം ലഭിച്ച നമ്പറിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ട്രൂകോളർ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ജയസിങ് എന്നയാളുടെ പേരിലാണ് നമ്പർ എന്ന് മനസ്സിലാക്കി. 

തുടർന്ന് യാത്രയ്ക്കായി ബുക്ക് ചെയ്തവരുടെ പേരുവിവരങ്ങൾ പരിശോധിച്ചപ്പോൾ ജയസിങ് എന്നയാൾ എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തി. ഈ സമയത്ത് എറണാകുളത്തുനിന്ന് ഷൊർണൂരിലെത്തിയ ജയസിങ് ട്രെയിനിൽ കയറുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് സന്ദേശം ലഭിച്ച മൊബൈൽ ഫോൺ ഇയാളുടെ പക്കൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Post a Comment

0 Comments