Flash News

6/recent/ticker-posts

റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം; വിശ്വാസി ലക്ഷങ്ങളെ സ്വീകരിക്കാന്‍ സ്വലാത്ത് നഗര്‍ ഒരുങ്ങുന്നു

Views

മലപ്പുറം : ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന റമളാന്‍ 27-ാം രാവിന്റെ ഭാഗമായി മലപ്പുറം സ്വലാത്ത് നഗറില്‍ അടുത്ത തിങ്കളാഴ്ച സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തിച്ചേരുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ സ്വലാത്ത് നഗറില്‍ ഒരുക്കങ്ങള്‍ തകൃതി.
രാജ്യത്തെ തന്നെ ഏറ്റവും വലിയ റമളാന്‍ ആത്മീയ കൂട്ടായ്മയാണിത്.

കിഴക്കേതല മുതല്‍ പൂക്കോട്ടൂര്‍ വരെ ശബ്ദ-വെളിച്ച സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. പ്രധാന ഗ്രൗണ്ടിന് പുറമെ പരിസരത്തെ ഗ്രൗണ്ടുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ലക്ഷക്കണക്കിന് വിശ്വാസികളാണ് സ്വലാത്ത് നഗറിലെത്തുക. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പോലീസ് നിര്‍ദേശപ്രകാരം മേല്‍മുറിയിലും പരിസര പ്രദേശങ്ങളിലും ട്രാഫിക് സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. തറാവീഹ് നിസ്‌കാരം, മറ്റു നിസ്‌കാരങ്ങള്‍ എന്നിവക്കും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും. വിവിധ ഭാഗങ്ങളിലായി സ്ത്രീകള്‍ക്ക് പ്രത്യേക സംവിധാനങ്ങളൊരുക്കുന്നുണ്ട്.

പ്രാര്‍ത്ഥനാസമ്മേളനത്തിനെത്തിച്ചേരുന്ന വിശ്വാസികളുടെ സൗകര്യത്തിനായി സൂപ്പര്‍ സെപ്ഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, മൊബൈല്‍ ടെലി മെഡിസിന്‍ യൂണിറ്റ്, ക്ലോക്ക് റൂം, ഹെല്‍പ്പ് ഡെസ്‌ക്, ഫയര്‍ഫോഴ്സ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ 5555 അംഗ വളണ്ടിയര്‍ കോറിന്റെ സേവനവുമുണ്ടാകും.

ഒരു ലക്ഷം പേര്‍ സംബന്ധിക്കുന്ന ഗ്രാന്റ് ഇഫ്ത്വാറാണ് സജ്ജീകരിക്കുന്നത്. പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തുന്നവര്‍ക്കും യാത്രക്കാര്‍ക്കും നോമ്ബ്തുറ നല്‍കുന്നതിന് നാഷണല്‍ ഹൈവേയില്‍ ഇഫ്ത്വാര്‍ ടെന്റുകളുമൊരുക്കും. ഇഫ്ത്വാറിലേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിക്കുന്ന പത്തിരിയും പലഹാരങ്ങളും ഭക്ഷണപ്പൊതിയും സ്വീകരിക്കുന്നതിന് കൗണ്ടറുകള്‍ തയ്യാര്‍ ചെയ്യുന്നുണ്ട്.

പ്രാര്‍ത്ഥനാ സമ്മേളനത്തിന് മുന്നോടിയായുള്ള വിവിധ പരിപാടികള്‍ മഅദിന്‍ കാമ്ബസില്‍ നടന്ന് വരുന്നു. നാളെ തിങ്കളാഴ്ച രാവിലെ 10 ന് വനിതകള്‍ക്കായി മഹളറത്തുല്‍ ബദ്‌രിയ്യ സദസ്സ് സംഘടിപ്പിക്കും. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കും. ചൊവ്വാഴ്ച വനിതാ വിജ്ഞാന വേദി സമാപന സംഗമം നടക്കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രഭാഷണവും പ്രാര്‍ത്ഥനയും നടത്തും.

ബുധനാഴ്ച വൈകുന്നേരം 4 ന് പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പതാക കാല്‍നാട്ടല്‍ കര്‍മം കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എ.പി അബ്ദുല്‍ കരീം ഹാജി ചാലിയം നിര്‍വ്വഹിക്കും. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും. വ്യാഴാഴ്ച വൈകുന്നേരം 4ന് ലീഡേഴ്‌സ് സംഗമവും വെള്ളിയാഴ്ച ഉച്ചക്ക് 2ന് സമ്ബൂര്‍ണ വളണ്ടിയര്‍ മീറ്റും നടക്കും. വൈകുന്നേരം 4ന് വിവിധ മഹല്ലുകളില്‍ പൈതൃക യാത്രയും സംഘടിപ്പിക്കും.

ശനിയാഴ്ച നടക്കുന്ന പതാക ഉയര്‍ത്തലിന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. ഞായറാഴ്ച വൈകുന്നേരം 4ന് പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം സംഗമം നടക്കും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വലാത്ത് നഗര്‍ മഹല്ല് ഖാസിയായിരുന്ന സി.കെ മുഹമ്മദ് ബാഖവിയുടെ അനുസ്മരണവും പ്രാര്‍ത്ഥനയും ചടങ്ങില്‍ നടക്കും.

തിങ്കളാഴ്ച പുലര്‍ച്ചെ 4 മുതല്‍ റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളന ആത്മീയ മജ്‌ലിസുകള്‍ നടക്കും. രാത്രി 9ന് പ്രാര്‍ത്ഥനാ സമ്മേളന സമാപന സംഗമത്തിന് തുടക്കമാകും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും


Post a Comment

0 Comments